Cancer Information in Malayalam
Diet, Daily Life and Wellbeing
Nutrition, food safety, activity, work and travel, sleep, sexual health, fertility, pregnancy and emotional wellbeing.

Prepared and medically reviewed by
Dr. Allwin George
MBBS, MD (Radiation Oncology), DM (Medical Oncology)
Consultant Medical and Haemato-Oncologist
Meet Dr. Allwin Georgeഎല്ലാവർക്കും ഒരേപോലെയുള്ള പ്രത്യേക ഭക്ഷണക്രമം (diet) ഇല്ല. ആവശ്യത്തിന് കലോറികൾ (calories), മാംസ്യം (protein), ദ്രാവകങ്ങൾ (fluids), വിറ്റാമിനുകൾ (vitamins), ലവണങ്ങൾ (minerals) എന്നിവ സുരക്ഷിതമായി ശരീരത്തിന് ലഭിക്കുക എന്നതാണ് പ്രധാനം. പാർശ്വഫലങ്ങൾ, ശരീരഭാരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ, പ്രമേഹം (diabetes), വൃക്ക/കരൾ പ്രവർത്തനങ്ങൾ, ശസ്ത്രക്രിയ എന്നിവയ്ക്ക് അനുസരിച്ച് പദ്ധതി മാറും. ശാസ്ത്രീയ ചികിത്സയ്ക്ക് പകരമാണെന്ന് അവകാശപ്പെടുന്ന കഠിനമായ ഭക്ഷണ നിയന്ത്രണങ്ങൾ (restrictive diets) ഒഴിവാക്കുക.
പേശികൾ (muscle) നിലനിർത്താനും, മുറിവുകൾ ഉണങ്ങാനും, ശാരീരിക വീണ്ടെടുപ്പിനും, പോഷകസമത്വത്തിനും മാംസ്യം (protein) അത്യാവശ്യമാണ്. മുട്ട, മീൻ, കോഴിയിറച്ചി (chicken), പാൽ/തൈര്, പനീർ, പരിപ്പ് വർഗ്ഗങ്ങൾ (pulses), ബീൻസ്, സോയാ (soy), അണ്ടിപ്പരിപ്പ് വർഗ്ഗങ്ങൾ (nuts) എന്നിവ കഴിക്കാം. വിശപ്പ് കുറവാണെങ്കിൽ ഓരോ ചെറിയ ഭക്ഷണത്തിലും (meal) ഏതെങ്കിലും ഒരു മാംസ്യ സ്രോതസ്സ് (protein source) ഉൾപ്പെടുത്തുക. വൃക്ക രോഗമോ (kidney disease) മറ്റ് പ്രത്യേക പ്രശ്നങ്ങളോ ഉള്ളവർ പോഷകാഹാര വിദഗ്ധന്റെ (dietitian) നിർദ്ദേശം പാലിക്കുക.
ശരീരത്തിലെ എല്ലാ കോശങ്ങളും ഊർജ്ജത്തിനായി ഗ്ലൂക്കോസ് (glucose) ഉപയോഗിക്കുന്നു; പഞ്ചസാര കഴിക്കുന്നത് കൊണ്ട് മാത്രം അർബുദം വേഗത്തിൽ വളരും എന്നതിനോ, മധുരം പൂർണമായി ഒഴിവാക്കിയാൽ അർബുദം മാറും എന്നതിനോ തെളിവുകളില്ല. എന്നാൽ മധുരപാനീയങ്ങൾ (sugary drinks), മധുരപലഹാരങ്ങൾ, സംസ്കരിച്ച ഭക്ഷണങ്ങൾ (ultra-processed foods) എന്നിവ അമിതമായി കഴിക്കുന്നത് പോഷകസമത്വത്തെയും ശരീരഭാര നിയന്ത്രണത്തെയും ബാധിക്കും. പ്രമേഹമുള്ളവർ രക്തത്തിലെ ഗ്ലൂക്കോസ് നിയന്ദ്രിക്കണം . അനാവശ്യമായി ഭക്ഷണം ഒഴിവാക്കി ശരീരഭാരം കുറയ്ക്കരുത്.
കഴിക്കാം. നല്ല വെള്ളത്തിൽ നന്നായി കഴുകി ഉപയോഗിക്കുക, കേടുവന്ന ഭാഗങ്ങൾ ചെത്തിക്കളയുക, പച്ചക്കറി അരിയുന്ന ബോർഡും (cutting board) കത്തിയും വൃത്തിയായി സൂക്ഷിക്കുക. ശ്വേതരക്താണുക്കളുടെ അളവ് വളരെ കുറവുള്ളവർക്കും (neutrophil count) അവയവ മാറ്റിവെക്കൽ (transplant) കഴിഞ്ഞവർക്കും അതാത് ആശുപത്രി നിർദേശപ്രകാരം കൂടുതൽ നിയന്ത്രണങ്ങൾ ഉണ്ടാകാം. മുളപ്പിച്ച ധാന്യങ്ങൾ (raw sprouts), സംസ്കരിക്കാത്ത പാൽ ഉൽപ്പന്നങ്ങൾ (unpasteurised products), വേവിക്കാത്ത ആഹാരങ്ങൾ എന്നിവ അണുബാധ സാധ്യത ഉള്ളതിനാൽ ഒഴിവാക്കുന്നതാണ് സുരക്ഷിതം.
നന്നായി വേവിച്ച മുട്ട, മീൻ, കോഴിയിറച്ചി, മാംസം എന്നിവ മാംസ്യ (PROTEIN) സ്രോതസ്സായി കഴിക്കാം. പച്ചയോ പകുതി വെന്തതോ ആയ മുട്ട, മീൻ, മാംസം, ഫ്രിഡ്ജിൽ ദിവസങ്ങളോളം വെച്ച പഴകിയ ആഹാരങ്ങൾ എന്നിവ ഒഴിവാക്കുക. സസ്യഭുക്കുകൾ (vegetarians) പരിപ്പ് വർഗ്ഗങ്ങൾ, പാൽ ഉൽപ്പന്നങ്ങൾ, സോയാ, അണ്ടിപ്പരിപ്പുകൾ എന്നിവ ഉപയോഗിച്ച് മാംസ്യം ഉറപ്പാക്കണം. ഭക്ഷണ രീതി മാത്രം ആയി അർബുദ ചികിത്സയുടെ ഫലത്തെ നിർണ്ണയിക്കുന്നില്ല.
ഭക്ഷണം തയ്യാറാക്കുന്നതിന് മുമ്പും കഴിക്കുന്നതിന് മുമ്പും കൈകൾ വൃത്തിയായി കഴുകുക. പച്ചക്കറികളും വേവിച്ച ഭക്ഷണവും വെവ്വേറെ സൂക്ഷിക്കുക, ആഹാരം പൂർണ്ണമായി വേവിക്കുക, ബാക്കിവരുന്നവ ഉടൻ തണുപ്പിച്ചു സൂക്ഷിക്കുക (refrigerate), സംശയമുള്ളതോ പഴകിയതോ ആയ ആഹാരം ഒഴിവാക്കുക. പുറത്തുനിന്നുള്ള ഭക്ഷണങ്ങൾ , തട്ടുകടയിലെ ഭക്ഷണം, സംസ്കരിക്കാത്ത പാൽ/ജൂസ് (unpasteurised milk/juice), മുളപ്പിച്ച ധാന്യങ്ങൾ (raw sprouts), പച്ച മീൻ/ വേവിക്കാത്ത കടൽവിഭവങ്ങൾ എന്നിവ ഒഴിവാക്കണം. "ന്യൂട്രോപീനിക് ഡയറ്റ്" എന്ന പേരിൽ എല്ലാ ഫ്രഷ് ഭക്ഷണങ്ങളും ഒഴിവാക്കുന്നതിനേക്കാൾ പ്രധാനം ശുചിത്വത്തോടെ കൈകാര്യം ചെയ്യലാണ്; നിങ്ങളുടെ ആശുപത്രിയുടെ നിർദേശങ്ങൾ പാലിക്കുക.
മൂന്ന് നേരം വലിയ അളവിൽ കഴിക്കുന്നതിന് പകരം 5–6 തവണയായി ചെറിയ അളവിൽ കഴിക്കുക. തൈര്, മുട്ട, പനീർ, അണ്ടിപ്പരിപ്പ് അരച്ചത് (nut paste), പാൽപൊടി (milk powder), കുറച്ച് എണ്ണ അല്ലെങ്കിൽ ഡോക്ടർ നിർദേശിക്കുന്ന ഊർജ്ജസമ്പന്നമായ മരുന്നുകൾ (calorie-dense supplement) ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ഭക്ഷണത്തിന് തൊട്ടുമുമ്പ് ധാരാളം വെള്ളം കുടിച്ച് വയർ നിറയ്ക്കരുത്; വെള്ളവും ദ്രാവകങ്ങളും ഭക്ഷണത്തിന്റെ ഇടവേളകളിൽ കുടിക്കാം. ഒരു ആഴ്ചയ്ക്കുള്ളിൽ വേഗത്തിൽ ശരീരഭാരം കുറയുകയോ ആഹാരം കഴിക്കാൻ തീരെ കഴിയാതെ വരികയോ ചെയ്താൽ പോഷകാഹാര വിദഗ്ധന്റെ സഹായം തേടണം.
ശരീരത്തിന് ആവശ്യമായ ദ്രാവകത്തിന്റെ (fluid) അളവ് ശരീരഭാരം, കാലാവസ്ഥ, പനി, ഛർദ്ദി/വയറിളക്കം, വൃക്ക/ഹൃദയാരോഗ്യം, എടക്കുന്ന ചികിത്സ എന്നിവയെ ആശ്രയിച്ചിരിക്കുന്നു. മൂത്രത്തിന് തെളിഞ്ഞ മഞ്ഞനിറം ഉണ്ടെങ്കിൽ അത് ആവശ്യത്തിന് വെള്ളം ശരീരത്തിലുണ്ടെന്നതിന്റെ സൂചനയാണ്; എന്നാൽ വെള്ളം കുടിക്കുന്നതിൽ നിയന്ത്രണമുള്ളവർ പൊതുവായ നിർദേശങ്ങൾ പിന്തുടരരുത്. വെള്ളം, സൂപ്പ്, മോര്, ORS (oral rehydration solution) എന്നിവ കുടിക്കാം. മൂത്രം കടുത്ത നിറത്തിലാകുക, അളവ് വളരെ കുറയുക, തലചുറ്റൽ, വായ് വരൾച്ച എന്നിവ നിർജ്ജലീകരണ (dehydration) സൂചനകളാണ്.
ഡോക്ടറോട് ചോദിക്കാതെ സ്വന്തമായി ഒരു മരുന്നുകളും തുടങ്ങരുത്. ഉയർന്ന അളവിലുള്ള ആന്റിഓക്സിഡന്റുകൾ (high-dose antioxidants), പച്ചമരുന്നുകൾ (herbal/Ayurvedic products), സത്തുകൾ (concentrated extracts) എന്നിവ മരുന്നുകളുടെ പ്രവർത്തനത്തെയും, രക്തസ്രാവത്തെയും, കരൾ/വൃക്ക ആരോഗ്യത്തെയും, കീമോതെറാപ്പിയുടെയും റേഡിയോതെറാപ്പിയുടെയും ഫലപ്രാപ്തിയെയും ബാധിച്ചേക്കാം. ഏതെങ്കിലും പോഷകത്തിന്റെ കുറവുണ്ടെങ്കിൽ ഡോക്ടർ ആവശ്യമായ സഹായ മരുന്നുകൾ കൃത്യമായ അളവിൽ നൽകും. നിങ്ങൾ ഉപയോഗിക്കുന്ന എല്ലാ മരുന്നുകളുടെയും വിവരങ്ങളും ലേബലും ഡോക്ടറെ കാണിക്കുക.
ബ്രെഡ് (dry toast), ബിസ്ക്കറ്റ് (crackers), ചോറ്, ഇഡ്ഡലി, നേന്ത്രപ്പഴം, തൈരുസാദം പോലുള്ള എരിവും മസാലയുമില്ലാത്ത ലളിതമായ ഭക്ഷണങ്ങൾ (bland foods) ചെറിയ അളവിൽ കഴിക്കാം. കടുപ്പമുള്ള മണം, എണ്ണമയം/എരിവുള്ള ഭക്ഷണം, വലിയ അളവിലുള്ള ആഹാരം എന്നിവ ഒഴിവാക്കുക; ആഹാരം ഉണ്ടാക്കാൻ മറ്റൊരാളുടെ സഹായം തേടാം. ഓക്കാനം തടയുന്ന മരുന്നുകൾ (anti-nausea medicine) നിർദേശിച്ച സമയത്ത് തന്നെ കഴിക്കുക. ബുദ്ധിമുട്ടുകൾ കൂടുകയാണെങ്കിൽ ഉടൻ വൈദ്യസഹായം തേടണം.
വയറിളക്കമുള്ളപ്പോൾ ദ്രാവകങ്ങൾ, ORS ലായനികൾ, നാരുകൾ കുറഞ്ഞ ലളിതമായ ആഹാരം (low-fibre bland foods) എന്നിവ താൽക്കാലികമായി ആശ്വാസം തരും; പാലുൽപ്പന്നങ്ങൾ (lactose) ചിലരിൽ ലക്ഷണങ്ങൾ കൂട്ടിയേക്കാം. മലബന്ധം ഉണ്ടാകുമ്പോൾ കുടലിൽ തടസ്സങ്ങളൊന്നുമില്ലെന്നും ചികിത്സാ സംഘത്തിന്റെ അനുമതിയുണ്ടെന്നും ഉറപ്പാക്കി വെള്ളം, നാരുകളുള്ള ആഹാരം, പഴങ്ങൾ എന്നിവ കൂട്ടാം. വേദന സംഹാരികൾ കഴിക്കുന്നവർക്ക് ഭക്ഷണക്രമം മാറ്റുന്നതിനേക്കാൾ മരുന്നുകളാണ് (laxative) കൂടുതൽ പ്രയോജനപ്പെടുക. കടുത്ത വയറുവേദന, വയർ വീർക്കൽ, ഛർദ്ദി, രക്തസ്രാവം എന്നിവയുണ്ടെങ്കിൽ സ്വയം ചികിത്സ ഒഴിവാക്കുക.
മൃദുവായ, ഈർപ്പമുള്ള, നന്നായി ഉടച്ച ഭക്ഷണങ്ങളും (soft, moist, mashed foods), കട്ടിയാക്കിയ ദ്രാവകങ്ങളും (thickened liquids) സ്പീച് / സ്വാലോ തെറാപ്പിസ്റ്റ് (speech/swallow therapist) അല്ലെങ്കിൽ പോഷകാഹാര വിദഗ്ധൻ പറയുന്ന രീതിയിൽ കഴിക്കാം. ഭക്ഷണം കഴിക്കുമ്പോൾ ചുമ, തൊണ്ടയിൽ കുടുങ്ങൽ (choking), ആഹാരം വായിൽ പറ്റിനിൽക്കൽ, ഇടയ്ക്കിടെയുള്ള നെഞ്ചിൽ അണുബാധ, മരുന്ന് ഇറക്കാൻ കഴിയാതിരിക്കുക എന്നിവ ഭക്ഷണം ശ്വാസകോശത്തിലേക്ക് പോകുന്നതിന്റെ ലക്ഷണമാകാം (aspiration risk). ഭക്ഷണവും വെള്ളവും 24 മണിക്കൂറിലധികം ഇറക്കാൻ കഴിയാതെ വന്നാൽ ഉടൻ പരിശോധന അത്യന്താപേക്ഷിതമാണ്.
മിക്കവർക്കും തങ്ങൾക്ക് അനുയോജ്യമായ ലളിതമായ ശാരീരിക അധ്വാനങ്ങൾ (moderate activity) സുരക്ഷിതമാണ്. ഇത് ക്ഷീണം (fatigue), മനസ്ഥിതി (mood), ഉറക്കം, ശാരീരികശേഷി (strength) എന്നിവ മെച്ചപ്പെടുത്തും. ചെറിയ നടത്തം (short walks), സ്ട്രെച് ചെയ്യൽ (stretching), ലളിതമായ കൈകാൽ വ്യായാമങ്ങൾ എന്നിവയിൽ നിന്ന് തുടങ്ങാം. പനി, കഠിനമായ രക്തക്കുറവ്, നിയന്ത്രണമില്ലാത്ത വേദന, തലചുറ്റൽ, അസ്ഥികളിലേക്ക് പടർന്ന അർബുദം (unstable bone metastasis), അടുത്തിടെ കഴിഞ്ഞ ശസ്ത്രക്രിയ എന്നിവയുള്ളവർ മുകളിൽ പറഞ്ഞ കാര്യങ്ങളിൽ ചില മാറ്റങ്ങൾ വരുത്തേണ്ടി വന്നേക്കാം . "വേദനിച്ചാലേ ഫലമുള്ളൂ" എന്ന രീതി ഒഴിവാക്കി അർബുദ ചികിത്സാ സംഘത്തിന്റെയോ കായിക ചികിത്സാ വിദഗ്ധന്റെയോ (physiotherapist) നിർദേശം തേടുക.
സംസാരിക്കാൻ ബുദ്ധിമുട്ടില്ലാത്ത രീതിയിൽ 5–10 മിനിറ്റ് നടക്കുന്നതിൽ നിന്ന് തുടങ്ങി, പതുക്കെ സമയം കൂട്ടാം. ചികിത്സാ ദിവസങ്ങളിലോ അതിന് ശേഷമുള്ള ദിവസങ്ങളിലോ വ്യായാമത്തിന്റെ കാഠിന്യം കുറയ്ക്കാം. അടുത്ത ദിവസം അമിതമായ തളർച്ച (exhaustion), വേദന, തലചുറ്റൽ എന്നിവ തോന്നിയാൽ ചെയ്ത അധ്വാനം കൂടുതലായിരുന്നു എന്ന് മനസ്സിലാക്കുക. വീഴാൻ സാധ്യതയുള്ളവർ (falls risk) ഒറ്റയ്ക്ക് വ്യായാമം ചെയ്യരുത്.
ചെയ്യുന്ന ചികിത്സയുടെ തരം, രോഗലക്ഷണങ്ങൾ, അണുബാധ സാധ്യത, ജോലിയുടെ കാഠിന്യം, സമയക്രമം എന്നിവയെ ആശ്രയിച്ചിരിക്കും ഇത്. ജോലി സമയത്തിൽ ഇളവുകൾ വരുത്തുക, വീട്ടിലിരുന്ന് ജോലി ചെയ്യുക (work from home), ഇടവേളകൾ എടുക്കുക, ജോലിയുടെ ഭാരം കുറയ്ക്കുക എന്നിവ സഹായിക്കും. സഹപ്രവർത്തകരുമായി എത്രത്തോളം മെഡിക്കൽ വിവരങ്ങൾ പങ്കുവെക്കണം എന്നത് രോഗിയുടെ മാത്രം തീരുമാനമാണ്. പനി, അമിത തളർച്ച, നിയന്ത്രിക്കാനാകാത്ത ലക്ഷണങ്ങൾ എന്നിവയുണ്ടെങ്കിൽ വിശ്രമത്തിനും ചികിത്സയ്ക്കുമാണ് മുൻഗണന നൽകേണ്ടത്.
മയക്കം ഉണ്ടാക്കിയേക്കാവുന്ന അലർജി മരുന്നുകൾ (sedating anti-allergy medicines), വേദന സംഹാരികൾ (opioids), ഓക്കാനം തടയുന്ന മരുന്നുകൾ, മയക്കുമരുന്നുകൾ (anaesthesia), തലചുറ്റൽ, നാഡീക്ഷതം (neuropathy), കാഴ്ചയിലെ മാറ്റങ്ങൾ എന്നിവ ഉണ്ടെങ്കിൽ വാഹനം ഓടിക്കുന്നത് അപകടകരമാക്കാം. ആദ്യത്തെ മരുന്ന് കുത്തിവെപ്പുകൾ (infusions) എടുക്കുമ്പോഴും പുതിയ മരുന്നുകൾ തുടങ്ങുമ്പോഴും കൂടെ ഒരാളുടെ സഹായം ഉള്ളത് നല്ലതാണ്. നിങ്ങളുടെ ചികിത്സ അനുസരിച്ച് ഡ്രൈവിംഗ് സുരക്ഷിതമാണോ എന്ന് ഡോക്ടറോട് ചോദിക്കുക. ഉറക്കമോ തലചുറ്റലോ ശ്രദ്ധക്കുറവോ ഉണ്ടെങ്കിൽ വാഹനം ഓടിക്കരുത്.
യാത്ര ചെയ്യാമോ?
ആരോഗ്യസ്ഥിതി കുഴപ്പമില്ലെങ്കിൽ (stable condition) മിക്കവർക്കും യാത്ര ചെയ്യാം. എന്നാൽ രക്തകോശങ്ങളുടെ അളവ് കുറയുന്ന സമയം (nadir), ചികിത്സാ സമയക്രമം, രക്തം കട്ടപിടിക്കാനുള്ള സാധ്യത (clot risk), അണുബാധ സാധ്യത (infection risk) എന്നിവ കണക്കിലെടുക്കണം. മരുന്നുകൾ, ഡോക്ടറുടെ കുറിപ്പടി (prescription), ചികിത്സാ സംഗ്രഹം (treatment summary), അടിയന്തര ഫോൺ നമ്പറുകൾ, ഇൻഷുറൻസ് വിവരങ്ങൾ, അടുത്തുള്ള ആശുപത്രി വിവരങ്ങൾ എന്നിവ കരുതിയിരിക്കണം. നീണ്ട യാത്രകളിൽ വെള്ളം കുടിക്കാനും, ഇടയ്ക്കിടെ നടക്കാനും, കംപ്രഷൻ വസ്ത്രങ്ങൾ (ഇത് കാലിൽ രക്തം കട്ട പിടിക്കുന്നത് തടയും) ധരിക്കാനുമുള്ള നിർദേശങ്ങൾ (compression advice ) വ്യക്തിപരമായി ചോദിച്ചറിയണം. പനിയോ മറ്റ് ഗുരുതര ലക്ഷണങ്ങളോ ഉള്ളപ്പോൾ യാത്ര മാറ്റിവെക്കുക.
ലളിതമായ വീട്ടുപണികൾ ഒരു വ്യായാമമായി ചെയ്യാം. എന്നാൽ മൂർച്ചയുള്ള വസ്തുക്കൾ കൊണ്ട് മുറിവേൽക്കാതെയും, വീഴാതെയും, ഭാരമുള്ളവ ഉയർത്താതെയും ശ്രദ്ധിക്കണം. ശ്വേതരക്താണുക്കൾ കുറഞ്ഞിരിക്കുന്ന സമയത്ത് മണ്ണോ കമ്പോസ്റ്റോ മൃഗങ്ങളുടെ കാഷ്ഠമോ കൈകാര്യം ചെയ്യുന്നത് അണുബാധ സാധ്യത കൂട്ടും; ഗ്ലൗസ് (gloves) ഉപയോഗിക്കുക, കൈകൾ കഴുകുക, അല്ലെങ്കിൽ ഈ പണികൾ മറ്റൊരാളെ ഏൽപ്പിക്കുക. വളർത്തുമൃഗങ്ങളെ ഒഴിവാക്കേണ്ടതില്ല, എന്നാൽ അവയുടെ കടി, മാന്തൽ, അവയുടെ മാലിന്യങ്ങൾ വൃത്തിയാക്കൽ, മൃഗങ്ങളുടെ രോഗങ്ങൾ എന്നിവയിൽ ജാഗ്രത വേണം.
ചില കീമോതെറാപ്പി, ടാർഗെറ്റെഡ് തെറാപ്പി , ഇമ്മ്യൂണോതെറാപ്പി , റേഡിയേഷൻ തെറാപ്പി എന്നിവ തൊലിക്ക് സൂര്യപ്രകാശമേൽക്കുമ്പോൾ ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകൾ (photosensitivity) കൂട്ടാം. രാവിലെയോ വൈകുന്നേരമോ ഉള്ള സമയം വെയിലത്തിറങ്ങാൻ തിരഞ്ഞെടുക്കുക, ശരീരം മറയ്ക്കുന്ന വസ്ത്രങ്ങൾ, തൊപ്പി, ഡോക്ടർ നിർദേശിച്ച സൺസ്ക്രീനുകൾ (broad-spectrum sunscreen) എന്നിവ ഉപയോഗിക്കുക. റേഡിയേഷൻ ചികിത്സ ചെയ്ത ഭാഗത്ത് നേരിട്ട് വെയിൽ അടിക്കാതെ സൂക്ഷിക്കണം. കഠിനമായ വെയിൽ പൊള്ളലോ കുമിളകളോ ഉണ്ടായാൽ ഡോക്ടറെ അറിയിക്കുക.
ജീവില്ലാത്ത വാക്സിനുകൾ (inactivated vaccines) ചില സാഹചര്യങ്ങളിൽ നൽകാം, എന്നാൽ അവയുടെ ഫലം കുറവായിരിക്കും. ജീവനുള്ള വാക്സിനുകൾ (live vaccines) പ്രതിരോധശേഷി കുറഞ്ഞ രോഗികളിൽ അപകടകരമാണ്. വാക്സിൻ എടുക്കുന്നതിന് മുൻപ് ചികിത്സാ സംഘത്തോട് ചോദിച്ചറിയണം; കുടുംബാംഗങ്ങൾ എടുക്കേണ്ട വാക്സിനുകളെ കുറിച്ചും സംശയം ചോദിക്കുക. അടിയന്തരമല്ലാത്ത വാക്സിനുകൾ ചികിത്സിക്കുന്ന കേന്ദ്രത്തോട് ചോദിക്കാതെ എടുക്കരുത്.
അർബുദ ചികിത്സ തുടങ്ങുന്നതിന് മുൻപ് ദന്തപരിശോധന നടത്തുന്നത് വളരെ നല്ലതാണ്, പ്രത്യേകിച്ച് തലയിലും കഴുത്തിലും റേഡിയേഷൻ ചികിത്സ ചെയ്യുമ്പോഴും, അസ്ഥിമജ്ജ മാറ്റിവെക്കൽ ചികിൽസ (stem-cell transplant), അസ്ഥികളെ ശക്തിപ്പെടുത്തുന്ന മരുന്നുകൾ (bone-modifying drugs) എന്നിവ എടുക്കുമ്പോഴും. ചികിത്സാ സമയത്ത് പല്ല് പറിക്കുന്നതോ മറ്റ് ദന്തൽ ശസ്ത്രക്രിയകളോ ചെയ്യേണ്ടി വന്നാൽ രക്തത്തിലെ കോശങ്ങളുടെ അളവ്, അണുബാധ സാധ്യത, രക്തസ്രാവ സാധ്യത എന്നിവ വിലയിരുത്തണം. രോഗവിവരം, മരുന്നുകൾ, പോർട്ട് (port) വിവരങ്ങൾ, രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നുകൾ (anticoagulants), ബിസ്ഫോസ്ഫോണേറ്റ് (bisphosphonate/denosumab) എന്നിവയെക്കുറിച്ച് ദന്തഡോക്ടറെ മുൻകൂട്ടി അറിയിക്കുക. വായിൽ വേദനയോ വീക്കമോ പനിയോ ഉണ്ടായാൽ ഉടൻ റിപ്പോർട്ട് ചെയ്യുക.
അർബുദം പകരുന്ന രോഗമല്ല; സാധാരണ സാമൂഹിക ഇടപെടലുകൾ സുരക്ഷിതമാണ്. എന്നാൽ പ്രതിരോധശേഷി കുറഞ്ഞിരിക്കുന്ന സമയത്ത് പനി, ചുമ, വയറിളക്കം, മറ്റ് പകർച്ചവ്യാധികൾ ഉള്ളവരിൽ നിന്ന് അകലം പാലിക്കുകയും കൈകളുടെ ശുചിത്വം ഉറപ്പാക്കുകയും വേണം. പൂർണ്ണമായ ഒറ്റപ്പെടൽ (isolation) മിക്കവർക്കും ആവശ്യമില്ല; വൈകാരികമായ പിന്തുണ വളരെ പ്രധാനമാണ്. അസ്ഥിമജ്ജ മാറ്റിവെക്കൽ വിഭാഗത്തിൽ (transplant/haematology team ) നിന്ന് പ്രത്യേകം നിർദേശങ്ങൾ നൽകിയിട്ടുണ്ടെങ്കിൽ അത് പിന്തുടരുക.
ചില കീമോതെറാപ്പി മരുന്നുകൾ , അടിവയറ്റിലെ റേഡിയേഷൻ , പ്രത്യുൽപ്പാദന അവയവങ്ങളിലെ ശസ്ത്രക്രിയ, ഹോർമോൺ ചികിത്സ, അസ്ഥിമജ്ജ മാറ്റിവെക്കൽ എന്നിവ ബീജം (sperm), അണ്ഡം (eggs), അണ്ഡാശയം (ovaries), വൃഷണം (testes), ഗർഭാശയം (uterus) അല്ലെങ്കിൽ ഹോർമോണുകളെ ബാധിക്കാം. സാധ്യതകൾ ചികിത്സയുടെ തരം, മരുന്നുകളുടെ അളവ്, പ്രായം, നേരത്തെയുള്ള അവസ്ഥ എന്നിവയെ ആശ്രയിച്ചിരിക്കുന്നു. വന്ധ്യത താൽക്കാലികമോ സ്ഥിരമോ ആകാം. ചികിത്സ തുടങ്ങുന്നതിന് മുൻപ് ഭാവിയിൽ കുട്ടികൾ വേണമെന്ന ആഗ്രഹമുണ്ടെങ്കിൽ അത് ചികിത്സാ സംഘത്തോട് വ്യക്തമായി സംസാരിക്കുക.
സാധ്യമായത്ര അർബുദ ചികിത്സ തുടങ്ങുന്നതിന് മുൻപ് തന്നെ ഇത് സംസാരിക്കണം. ചികിത്സ അനാവശ്യമായി വൈകിക്കാതെ വിദഗ്ധ ഡോക്ടറുടെ ഉപദേശം ഉടൻ ലഭ്യമാക്കാൻ കഴിയും. രോഗത്തിന്റെ ഗൗരവം, ലഭ്യമായ സമയം, ചികിത്സയുടെ അപകടസാധ്യത, പ്രായം, വിവാഹിതനാണോ അല്ലയോ എന്ന കാര്യം എന്നിവ അടിസ്ഥാനമാക്കിയാണ് വഴികൾ തീരുമാനിക്കുന്നത്. രോഗി വിവാഹിതനല്ലെങ്കിലും ഭാവിയിലെ പ്രത്യുൽപ്പാദന ശേഷിയെക്കുറിച്ച് ചോദിക്കുന്നത് പ്രസക്തമാണ്.
ബീജം ശേഖരിച്ചു സൂക്ഷിക്കൽ (sperm banking) ആണ് ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന മാർഗ്ഗം; ചിലപ്പോൾ ഒന്നിലധികം തവണ സാമ്പിളുകൾ ശേഖരിക്കാറുണ്ട്. സ്വാഭാവികമായി ബീജം ലഭിക്കാത്ത ചില സന്ദർഭങ്ങളിൽ ശസ്ത്രക്രിയയിലൂടെ ബീജം എടുക്കുന്ന രീതി (surgical sperm retrieval) പരിഗണിക്കാറുണ്ട്. ചികിത്സ കഴിഞ്ഞ ശേഷം ബീജ ഉത്പാദനം സാധാരണ നിലയിലാകാ൯ സമയമെടുക്കും; ഡോക്ടർ നിർദേശിക്കുന്ന സമയത്ത് ബീജ പരിശോധന (semen analysis) ചെയ്യാം. ചികിത്സ തുടങ്ങുന്നതിന് മുൻപ് സാമ്പിൾ നൽകാൻ കഴിഞ്ഞില്ല എന്നതിനർത്ഥം പ്രത്യുൽപ്പാദന ശേഷി പൂർണ്ണമായും നഷ്ടപ്പെട്ടു എന്നല്ല.
ഭ്രൂണം സൂക്ഷിച്ചുവെക്കൽ (embryo freezing), അണ്ഡം സൂക്ഷിച്ചുവെക്കൽ (egg freezing) എന്നിവയാണ് പ്രധാന മാർഗ്ഗങ്ങൾ. ചില പ്രത്യേക സാഹചര്യങ്ങളിൽ അണ്ഡാശയ കോശങ്ങൾ സൂക്ഷിച്ചുവെക്കൽ (ovarian tissue cryopreservation) അല്ലെങ്കിൽ മറ്റ് രീതികൾ പരിഗണിക്കാറുണ്ട്. ovarian suppression അണ്ഡാശയത്തിന്റെ പ്രവർത്തനത്തെ സംരക്ഷിക്കാൻ ചിലപ്പോൾ സഹായിക്കുമെങ്കിലും, ഇത് തണുപ്പിച്ചു സൂക്ഷിക്കൽ (freezing) രീതികൾക്ക് പകരമല്ല. അർബുദത്തിന്റെ തരം, ലഭ്യമായ സമയം, ഹോർമോൺ സ്വാധീനം, പ്രായം എന്നിവ ഫെർട്ടിലിറ്റി വിദഗ്ധനും അർബുദ ചികിത്സാ സംഘവും ചേർന്ന് വിലയിരുത്തും.
അർബുദ നിയന്ത്രണത്തിനായിരിക്കും ചിലപ്പോൾ മുൻഗണന നൽകേണ്ടി വരിക. എങ്കിലും പെട്ടെന്നുള്ള ഒരു വിദഗ്ധ ഉപദേശം (rapid fertility consultation) വഴി ലഭ്യമായ വഴികൾ, ഭാവിയിലെ സാധ്യതകൾ, ദാതാവിന്റെ അണ്ഡം/ബീജം (donor egg/sperm), ദത്തെടുക്കൽ (adoption) അല്ലെങ്കിൽ മറ്റ് മാർഗ്ഗങ്ങളെക്കുറിച്ച് വ്യക്തത വരുത്താൻ സാധിക്കും. വിഷമകരമായ ഘട്ടത്തിൽ എടുക്കുന്ന തീരുമാനങ്ങൾക്ക് വേണ്ട വൈകാരിക പിന്തുണ നൽകണം. "സമയമില്ല" എന്ന് കരുതി ഈ ചർച്ച പൂർണ്ണമായും ഒഴിവാക്കരുത്.
അതെ, മിക്ക അർബുദ മരുന്നുകളും ഗർഭസ്ഥ ശിശുവിന് കടുത്ത ആഘാതമുണ്ടാക്കാം. പ്രത്യുൽപ്പാദന ശേഷി കുറവാണ് എന്നത് ഗർഭം ധരിക്കില്ല എന്നതിന്റെ ഉറപ്പല്ല. അർബുദത്തിന്റെ തരം, രക്തം കട്ടപിടിക്കാനുള്ള സാധ്യത (thrombosis risk), ഹോർമോൺ വ്യതിയാനങ്ങൾ, എടക്കുന്ന ചികിത്സ എന്നിവ പരിഗണിച്ച് അനുയോജ്യമായ ഗർഭനിരോധന മാർഗ്ഗം (contraception) തിരഞ്ഞെടുക്കണം. ഇത് എത്രകാലം തുടരണമെന്നത് മരുന്നുകളെ ആശ്രയിച്ചിരിക്കുന്നതിനാൽ ഡോക്ടറുടെ നിർദേശം പാലിക്കുക.
കഴിക്കുന്ന മരുന്നുകൾ സ്വയം നിർത്താതെ ഉടൻ തന്നെ അർബുദ ഡോക്ടറെയും സ്ത്രീരോഗ വിദഗ്ധനെയും (obstetric specialist) വിവരമറിയിക്കുക. അർബുദത്തിന്റെ തരം, ഗർഭാവസ്ഥയുടെ ഘട്ടം, കഴിച്ച മരുന്നുകൾ എന്നിവ വിലയിരുത്തി വിവിധ വിഭാഗം വിദഗ്ധരുടെ (multidisciplinary) ചർച്ച ആവശ്യമാണ്. എല്ലാ ചികിത്സകളും എല്ലാ മാസങ്ങളിലും ഒരുപോലെ അപകടകരമല്ല; ഓരോ വ്യക്തിയുടെയും സ്ഥിതി അനുസരിച്ചാണ് തീരുമാനം എടുക്കുന്നത്. അടിയന്തര ഗർഭനിരോധനം (emergency contraception) അല്ലെങ്കിൽ ഗർഭഛിദ്രം സംബന്ധിച്ച തീരുമാനങ്ങളും വിദഗ്ധ ഉപദേശത്തോടെ മാത്രം എടുക്കുക.
എല്ലാവർക്കും ഒരേപോലെയുള്ള കാത്തിരിപ്പ് കാലയളവില്ല. അർബുദത്തിന്റെ തരം, അത് വീണ്ടും വരാനുള്ള സാധ്യത, എടുത്ത ചികിത്സ, അണ്ഡാശയ/വൃഷണ ആരോഗ്യത്തിന്റെ വീണ്ടെടുപ്പ്, പ്രായം, നിലവിലുള്ള ഹോർമോൺ ചികിത്സ എന്നിവയെ അടിസ്ഥാനമാക്കിയാണ് സമയം തീരുമാനിക്കുന്നത്. ചില മരുന്നുകൾ നിർത്തിയ ശേഷവും അവ ശരീരത്തിൽ നിന്ന് പൂർണ്ണമായി മാറാൻ (washout period) സമയം വേണം. അർബുദ ഡോക്ടറും ഫെർട്ടിലിറ്റി/ഗൈനക്കോളജി വിദഗ്ധരും ചേർന്ന് വേണം ഇത് പ്ലാൻ ചെയ്യാൻ; മരുന്നുകൾ സ്വയം നിർത്തരുത്.
ചില ക്യാന്സർ മരുന്നുകൾ മുലപ്പാലിലൂടെ കുഞ്ഞിന് ദോഷം ചെയ്യാം; അതിനാൽ ചികിത്സാ സമയത്ത് മുലയൂട്ടൽ ഒഴിവാക്കണം. മരുന്നിന്റെ സ്വഭാവം അനുസരിച്ച് ചികിത്സ അവസാനിച്ച ശേഷവും നിശ്ചിത സമയം കാത്തിരിക്കേണ്ടി വരാം. ശസ്ത്രക്രിയ അല്ലെങ്കിൽ റേഡിയേഷൻ ചികിത്സയ്ക്ക് ശേഷമുള്ള മുലയൂട്ടൽ സാധ്യത വ്യക്തിഗതമായി വിലയിരുത്തണം. അർബുദ ഡോക്ടറുടെയും കുട്ടികളുടെ ഡോക്ടറുടെയും (paediatrician) ഉപദേശം തേടുക.
അമിത ക്ഷീണം, വേദന, ആശങ്ക, ഹോർമോൺ മാറ്റങ്ങൾ, ശസ്ത്രക്രിയ, വികിരണ ചികിത്സ, മരുന്നുകൾ എന്നിവ ലൈംഗിക താല്പര്യം (libido), ഉദ്ധാരണം (erection), ബീജപാതം (ejaculation), യോനിയിലെ വരൾച്ച (vaginal dryness), വേദന എന്നിവയെ ബാധിക്കാം. ഇത് "മനസ്സിന്റെ ബലക്കുറവ്" കൊണ്ടല്ല; പരിഹരിക്കാൻ കഴിയുന്ന മെഡിക്കൽ കാരണങ്ങൾ ഇതിനുണ്ടാകാം. ഈർപ്പം നൽകുന്ന ലോഷനുകൾ (lubricants/moisturisers), അടിവയറ്റിലെ പേശികളുടെ വ്യായാമം (pelvic-floor care), മരുന്നുകൾ, കൗൺസിലിംഗ് (counselling) എന്നിവ സഹായിക്കും. അണുബാധ/രക്തസ്രാവ സാധ്യതകൾ, ഗർഭനിരോധനം, ഹോർമോൺ അർബുദങ്ങൾ എന്നിവ കണക്കിലെടുത്ത് ചികിത്സാ സംഘത്തോട് കാര്യങ്ങൾ തുറന്നു സംസാരിക്കുക.
അതെ. രോഗനിർണ്ണയം, ഭാവിയിലെ അനിശ്ചിതത്വം (uncertainty), ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ, സാമ്പത്തിക ബുദ്ധിമുട്ടുകൾ, കുടുംബപരമായ ഉത്തരവാദിത്തങ്ങൾ എന്നിവ പല വൈകാരിക ബുദ്ധിമുട്ടുകളും ഉണ്ടാക്കാം. ഒരു ദിവസം ആത്മവിശ്വാസവും അടുത്ത ദിവസം ഭയവും തോന്നുന്നത് സ്വാഭാവികമാണ്. വികാരങ്ങൾ അടിച്ചമർത്തേണ്ടതില്ല; ഓൺകോളജിസ്റ് , കൗൺസിലർ (counsellor), അല്ലെങ്കിൽ വിശ്വസ്തരായ കുടുംബാംഗങ്ങൾ എന്നിവരോട് സംസാരിക്കുന്നത് മനസ്സിന് ആശ്വാസം നൽകും.
ഭയം ദിവസത്തിന്റെ ഭൂരിഭാഗം സമയവും നിങ്ങളെ അലട്ടുന്നുണ്ടെങ്കിൽ, ഉറക്കം, ഭക്ഷണം, ആശുപത്രി സന്ദർശനങ്ങൾ എന്നിവയെ ബാധിക്കുന്നുണ്ടെങ്കിൽ, പരിഭ്രാന്തി (panic attacks) ഉണ്ടാകുന്നുണ്ടെങ്കിൽ, അല്ലെങ്കിൽ മെഡിക്കൽ വിവരങ്ങൾ മനസ്സിലാക്കാൻ സാധിക്കാത്ത അവസ്ഥയാണെങ്കിൽ വിദഗ്ധ സഹായം തേടണം. ശ്വസന വ്യായാമങ്ങൾ (breathing exercise, yoga), കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കൽ, കൗൺസിലിംഗ്, ചിലപ്പോൾ മരുന്നുകൾ എന്നിവ സഹായിക്കും. പെട്ടെന്നുണ്ടാകുന്ന ശ്വാസതടസ്സമോ നെഞ്ചുവേദനയോ ആശങ്ക (anxiety) ആണെന്ന് സ്വയം കരുതാതെ മെഡിക്കൽ കാരണങ്ങൾ ആദ്യം പരിശോധിച്ചു ഉറപ്പുവരുത്തണം.
രണ്ടാഴ്ചയിലധികം നീണ്ടുനിൽക്കുന്ന കടുത്ത ദുഃഖം, ഒരു കാര്യങ്ങളിൽ താല്പര്യമില്ലായ്മ, നിരാശ (hopelessness), കുറ്റബോധം (guilt), ഉറക്കത്തിലും വിശപ്പിലുമുള്ള മാറ്റങ്ങൾ, ശ്രദ്ധക്കുറവ് എന്നിവ വിഷാദരോഗത്തിന്റെ ലക്ഷണങ്ങളാകാം. അർബുദം ഉള്ളവർക്ക് വരാവുന്ന ക്ഷീണവുമായി (cancer fatigue) ഇതിന് സാമ്യമുള്ളതിനാൽ ഒരു വിദഗ്ധ പരിശോധന വളരെ നല്ലതാണ്. കൗൺസിലിംഗ്, സാമൂഹിക പിന്തുണ, മരുന്നുകൾ എന്നിവയിലൂടെ വിഷാദം ചികിത്സിച്ചു മാറ്റാം. ആത്മഹത്യാചിന്തകൾ ഉണ്ടായാൽ ഉടൻ അടിയന്തര സഹായം തേടണം.
ഫലം ലഭിക്കുന്ന ദിവസം മുൻകൂട്ടി ചോദിച്ചറിയുക, ഡോക്ടറെ കാണാൻ പോകുമ്പോൾ വിശ്വസ്തനായ ഒരാളെ കൂടെക്കൂട്ടുക, ഇന്റർനെറ്റിൽ അനാവശ്യമായി വിവരങ്ങൾ തിരയുന്നത് നിയന്ത്രിക്കുക. ലളിതമായ ശ്വസന വ്യായാമങ്ങൾ, സാധാരണ ദിനചര്യകൾ, ശ്രദ്ധ തിരിക്കുന്ന മറ്റ് കാര്യങ്ങളിൽ ഏർപ്പെടൽ എന്നിവ സഹായിക്കും. അനിശ്ചിതത്വത്തെ പൂർണ്ണമായി ഒഴിവാക്കാൻ കഴിയില്ലെങ്കിലും അതിനെ നേരിടാൻ തയ്യാറെടുക്കാം. ആശങ്ക ദിനചര്യകളെ ബാധിക്കുന്നുവെങ്കിൽ ഉപദേശകന്റെ (counsellor) സഹായം തേടുക.
രോഗം തിരികെ വരുമോ എന്ന ഭയം (Fear of recurrence) സാധാരണമാണ്, പ്രത്യേകിച്ച് പരിശോധനകളുടെ സമയത്തും, രോഗം സ്ഥിരീകരിച്ച ദിവസങ്ങൾ ഓർക്കുമ്പോഴും, പുതിയ ലക്ഷണങ്ങൾ കാണുമ്പോഴും. തുടർ പരിശോധനാ ദിവസങ്ങൾ (follow-up plan), ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ (red-flag symptoms), അടിയന്തരമായി ബന്ധപ്പെടേണ്ട നമ്പറുകൾ എന്നിവ കൃത്യമായി കുറിച്ചുവെക്കുക. ശരീരത്തിലുണ്ടാകുന്ന എല്ലാ ചെറിയ മാറ്റങ്ങളും രോഗം തിരികെ വരുന്നതിന്റെ സൂചനയല്ല; എന്നാൽ സ്ഥിരമായി നിൽക്കുന്ന പുതിയ ലക്ഷണങ്ങൾ ഡോക്ടറെ കാണിക്കണം. ഈ ഭയം നിങ്ങളുടെ ജീവിതത്തെ നിയന്ത്രിക്കാൻ തുടങ്ങിയാൽ മാനസിക-അർബുദ വിദഗ്ധരുടെ (psycho-oncology) പിന്തുണ തേടുക.
കൃത്യസമയത്ത് ഉറങ്ങാനും ഉണരാനുമുള്ള ശീലം, പകൽ സമയത്തെ ലളിതമായ ശാരീരിക അധ്വാനവും, വൈകുന്നേരങ്ങളിൽ കാപ്പി/ചായ ഒഴിവാക്കൽ, സ്ക്രീൻ സമയം കുറയ്ക്കൽ എന്നിവ നല്ല ഉറക്കത്തിന് സഹായിക്കും. വേദന, ചൂട് അനുഭവപ്പെടൽ (hot flashes), സ്റ്റിറോയ്ഡുകൾ (steroids), അമിത ആശങ്ക, ഉറക്കത്തിലെ ശ്വാസതടസ്സം (sleep apnoea), രാത്രിയിലെ അമിത മൂത്രശങ്ക (nocturia) എന്നിവ ഉറക്കക്കുറവിന് കാരണമാകാം. ഉറക്കഗുളികകൾ (sleeping pills) സ്വന്തമായി കഴിക്കരുത്; ഇത് മറ്റ് മരുന്നുകളുമായി പ്രതിപ്രവർത്തിച്ചേക്കാം. ദിവസങ്ങളോളം ഉറങ്ങാൻ കഴിയാതെ വരികയോ, ആശയക്കുഴപ്പം (confusion), കടുത്ത മാനസിക വിഷമം എന്നിവ ഉണ്ടാകുകയോ ചെയ്താൽ ഉടൻ ഡോക്ടറെ കാണുക.
കുട്ടിയുടെ പ്രായത്തിന് അനുയോജ്യമായ ലളിതവും സത്യസന്ധവുമായ വാക്കുകൾ ഉപയോഗിക്കുക. "അർബുദം പകരില്ല," "ഇത് കുട്ടിയുടെ തെറ്റുകൊണ്ടല്ല ഉണ്ടായത്," "ആരൊക്കെയാണ് സംരക്ഷിക്കാൻ ഒപ്പമുള്ളത്" എന്നീ കാര്യങ്ങളിൽ വ്യക്തത നൽകുക. കുട്ടികൾ ഒരേ ചോദ്യം പലതവണ ചോദിച്ചേക്കാം; അവരുടെ ദിനചര്യകൾ മാറ്റമില്ലാതെ കൊണ്ടുപോകുന്നത് അവർക്ക് സുരക്ഷിതത്വം നൽകും. School counsellor, മനശാസ്ത്രജ്ഞൻ (psychologist), Social worker എന്നിവരുടെ സഹായം ആവശ്യാനുസരണം തേടാം.
മുടി കൊഴിച്ചിൽ, ശസ്ത്രക്രിയ പാടുകൾ, കൃത്രിമ മലദ്വാരം (ostomy), സ്തനം നീക്കം ചെയ്യൽ (mastectomy), ശരീരഭാരത്തിലെ മാറ്റങ്ങൾ, അവയവങ്ങൾക്കോ ലൈംഗികശേഷിക്കോ ഉണ്ടാകുന്ന മാറ്റങ്ങൾ എന്നിവ ആത്മവിശ്വാസത്തെ ബാധിക്കാം. കൃത്രിമ അവയവങ്ങൾ (prosthesis), reconstructive options, കൃത്രിമ മലദ്വാര പരിപാലനം (stoma care), physiotherapy, സൗന്ദര്യവർദ്ധക സഹായങ്ങൾ (cosmetic support), കൗൺസിലിംഗ് എന്നിവ ലഭ്യമാണ്. പങ്കാളിയോട് കാര്യങ്ങൾ പതുക്കെ സംസാരിച്ചു വ്യക്തമാക്കുക. " ജീവൻ രക്ഷപ്പെട്ടില്ലേ, പിന്നെന്തിനാ വിഷമിക്കുന്നത്" എന്ന രീതിയിലുള്ള പ്രതികരണങ്ങൾ രോഗിയുടെ യഥാർത്ഥ വിഷമങ്ങളെ ചെറുതാക്കി കാണിക്കുന്നതിന് തുല്യമാണ്.
ചിലർക്ക് സമാന അനുഭവങ്ങളിലൂടെ കടന്നുപോകുന്നവരോട് സംസാരിക്കുന്നത് വലിയ ആശ്വാസം നൽകും; എന്നാൽ മറ്റുചിലർക്ക് വ്യക്തിപരമായ കൗൺസിലിംഗ് അല്ലെങ്കിൽ കുടുംബത്തിന്റെ പിന്തുണയായിരിക്കും കൂടുതൽ അനുയോജ്യം. ഗ്രൂപ്പുകൾ വിശ്വസനീയമായ സ്ഥാപനങ്ങളുടെയോ ആശുപത്രികളുടെയോ നേതൃത്വത്തിലുള്ളതായിരിക്കണം; ഔദ്യോഗികമല്ലാത്ത ചികിത്സാ നിർദേശങ്ങൾ, അത്ഭുത മരുന്നുകൾ, അനുബന്ധ ഉൽപ്പന്നങ്ങളുടെ വിൽപന (supplement sales) എന്നിവ സൂക്ഷിക്കുക. മറ്റൊരാളുടെ ചികിത്സ സ്വന്തം ചികിത്സയുമായി താരതമ്യം ചെയ്യരുത്. അസ്വസ്ഥത ഉണ്ടാക്കുന്ന ഗ്രൂപ്പുകളിൽ നിന്ന് മാറിനിൽക്കുന്നതാണ് നല്ലത്.
ഇത് അടിയന്തിര സാഹചര്യമാണ് (emergency). ഒരിക്കലും ഒറ്റയ്ക്കിരിക്കരുത്; വിശ്വസ്തനായ ഒരാളെ ഉടൻ വിവരമറിയിക്കുക, അല്ലെങ്കിൽ അടുത്തുള്ള ആശുപത്രിയിലെ അടിയന്തര വിഭാഗത്തിലേക്ക് (emergency department) പോകുക. അപകടകരമായ മരുന്നുകൾ, ആയുധങ്ങൾ, വിഷവസ്തുക്കൾ (pesticides) എന്നിവയിൽ നിന്ന് അകന്നുനിൽക്കാൻ മറ്റുള്ളവരുടെ സഹായം തേടുക. അർബുദ ചികിത്സാ സംഘത്തെയും മാനസികാരോഗ്യ വിദഗ്ധനെയും ഉടൻ അറിയിക്കുക; ഇത്തരം ചിന്തകൾ ചികിത്സിച്ചു മാറ്റാൻ കഴിയുന്ന കടുത്ത മാനസിക വിഷമത്തിന്റെ ലക്ഷണമാണ്.
Need an individual medical opinion?
Cancer diagnosis and treatment decisions must be based on the complete medical history, examination, pathology and imaging findings.
For appointment enquiries only. WhatsApp is not an emergency service.
Medical disclaimer
This information is intended for general patient education and does not replace consultation with a qualified healthcare professional. Diagnosis, treatment and supportive care must be individualised according to the cancer type, stage, overall health and treatment plan.
Book an oncology consultation
Medically reviewed by
Dr. Allwin GeorgeMBBS, MD (Radiation Oncology), DM (Medical Oncology)
Consultant Medical and Haemato-Oncologist
Last medically reviewed: 23 August 2026