Cancer Information in Malayalam
Understanding Cancer Treatment
Chemotherapy, immunotherapy, targeted and hormonal therapy, radiotherapy, surgery, biomarkers, clinical trials and oral anticancer medicines.

Prepared and medically reviewed by
Dr. Allwin George
MBBS, MD (Radiation Oncology), DM (Medical Oncology)
Consultant Medical and Haemato-Oncologist
Meet Dr. Allwin Georgeസർജറി (Surgery), റേഡിയോതെറാപ്പി (Radiotherapy), കീമോതെറാപ്പി (Chemotherapy), ഹോർമോണൽ തെറാപ്പി (Hormonal therapy), ടാർഗെറ്റഡ് തെറാപ്പി (Targeted therapy), ഇമ്മ്യൂണോതെറാപ്പി (Immunotherapy), സെല്ലുലാർ തെറാപ്പി, സ്റ്റെം സെൽ മാറ്റിവെക്കൽ (Stem-cell transplantation) എന്നിവയാണ് പ്രധാന ചികിത്സാരീതികൾ. ഇതോടൊപ്പം രോഗിയുടെ അസ്വസ്ഥതകൾ കുറയ്ക്കാനുള്ള സപ്പോർട്ടീവ് കെയറും (Supportive care) പാലിയേറ്റീവ് കെയറും (Palliative care) ചികിത്സയുടെ എല്ലാ ഘട്ടങ്ങളിലും പ്രധാനമാണ്.
പലർക്കും ഒന്നിലധികം ചികിത്സകൾ ഘട്ടംഘട്ടമായി നൽകേണ്ടി വരാറുണ്ട്. ഒരു ചികിത്സ മറ്റൊന്നിനേക്കാൾ മികച്ചതാണെന്ന് പറയാനാവില്ല; ക്യാൻസറിന്റെ സ്വഭാവവും രോഗിയുടെ ആരോഗ്യസ്ഥിതിയുമാണ് ചികിത്സാരീതി നിർണ്ണയിക്കുന്നത്.
ക്യാൻസർ പൂർണ്ണമായി ഭേദമാക്കുക എന്ന ലക്ഷ്യത്തോടെ നൽകുന്ന ചികിത്സയാണിത്. ചിലപ്പോൾ കുറച്ച് തീവ്രമായ ചികിത്സാരീതികൾ ഇതിനായി ആവശ്യമായി വന്നേക്കാം. ചികിത്സ ആരംഭിക്കുമ്പോൾ തന്നെ 100% ക്യൂർ ഉറപ്പുനൽകാൻ കഴിയില്ലെങ്കിലും, ലഭ്യമായ വിവരങ്ങൾ വെച്ച് രോഗം പൂർണ്ണമായി മാറാനുള്ള സാധ്യതകൾ ഡോക്ടർ വിശദീകരിക്കും. രോഗം തിരിച്ചുവരാനുള്ള സാധ്യത കുറയ്ക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നത്. ചികിത്സ പൂർത്തിയായാലും കൃത്യമായ തുടർപരിശോധനകൾ (Follow-up) അത്യന്താപേക്ഷിതമാണ്.
രോഗം പൂർണ്ണമായി ഭേദമാക്കാൻ സാധിക്കാത്ത സാഹചര്യങ്ങളിൽ, ക്യാൻസറിന്റെ വളർച്ച നിയന്ത്രിക്കാനും രോഗലക്ഷണങ്ങൾ കുറയ്ക്കാനും ആയുസ്സ് നീട്ടിക്കൊടുക്കാനും നൽകുന്ന സജീവമായ ചികിത്സയാണിത്. ഇത് ചികിത്സ അവസാനിപ്പിക്കലല്ല. വേദന, ശ്വാസംമുട്ടൽ, ഭക്ഷണക്കുറവ്, ഉറക്കമില്ലായ്മ, മാനസിക വിഷമങ്ങൾ എന്നിവ പരിഹരിക്കാൻ പാലിയേറ്റീവ് കെയർ ടീമിന്റെ സേവനം കീമോതെറാപ്പിയോടൊപ്പം തന്നെ പ്രയോജനപ്പെടുത്താം. ചികിത്സയുടെ ഗുണങ്ങളും പ്രയാസങ്ങളും ഇടയ്ക്കിടെ വിലയിരുത്തിയാണ് ഇത് മുന്നോട്ട് കൊണ്ടുപോകുന്നത്.
Neoadjuvant Treatment: പ്രധാന ശസ്ത്രക്രിയക്കോ മറ്റ് പ്രാദേശിക ചികിത്സകൾക്കോ മുമ്പ് ട്യൂമറിന്റെ വലുപ്പം കുറയ്ക്കാനും സർജറി എളുപ്പമാക്കാനും നൽകുന്ന ചികിത്സയാണിത്.
Adjuvant Treatment: ശസ്ത്രക്രിയക്ക് ശേഷം ശരീരത്തിൽ അവശേഷിച്ചേക്കാവുന്ന സൂക്ഷ്മമായ ക്യാൻസർ കോശങ്ങളെ നശിപ്പിച്ച് രോഗം തിരിച്ചുവരാനുള്ള സാധ്യത കുറയ്ക്കാൻ നൽകുന്ന ചികിത്സയാണിത്.
ഈ വാക്കുകൾ ഉപയോഗിക്കുന്നത് കൊണ്ട് മാത്രം ക്യാൻസർ ശരീരമാസകലം പടർന്നു എന്ന് അർത്ഥമില്ല.
രോഗലക്ഷണങ്ങളിലെ മാറ്റങ്ങൾ, ശാരീരിക പരിശോധനകൾ, രക്തപരിശോധനകൾ, ചില ട്യൂമർ മാർക്കറുകൾ, കൃത്യമായ ഇടവേളകളിൽ നടത്തുന്ന സ്കാനിംഗുകൾ എന്നിവയിലൂടെയാണ് ചികിത്സയുടെ പുരോഗതി വിലയിരുത്തുന്നത്. രക്താർബുദം പോലുള്ള ചില സാഹചര്യങ്ങളിൽ ബോൺ മാരോ പരിശോധനയും നടത്താറുണ്ട്. മുൻപത്തെ പരിശോധനാ ഫലങ്ങളും ചികിത്സയുടെ ലക്ഷ്യവും മുൻനിർത്തിയാണ് നിലവിലെ ചികിത്സ തുടരണോ അതോ മാറ്റണോ എന്ന് തീരുമാനിക്കുന്നത്.
Remission (റെമിഷൻ): പരിശോധനകളിൽ ക്യാൻസറിന്റെ ലക്ഷണങ്ങളോ തെളിവുകളോ കാണാത്ത അല്ലെങ്കിൽ വളരെ കുറഞ്ഞ അവസ്ഥയാണിത്. എന്നാൽ ഇത് രോഗം പൂർണ്ണമായി മാറി (Cure ആയി) എന്ന് അർത്ഥമാക്കുന്നില്ല.
Stable Disease (സ്റ്റേബിൾ ഡിസീസ്): ക്യാൻസർ പുതിയതായി വളർന്നിട്ടില്ല, എന്നാൽ വലുപ്പത്തിൽ വലിയ കുറവും വന്നിട്ടില്ലാത്ത അവസ്ഥ. ക്യാൻസറിന്റെ അവസാന ഘട്ടങ്ങളിൽ ഇതൊരു നല്ല പുരോഗതിയായി കണക്കാക്കാറുണ്ട്.
Progression (പ്രോഗ്രഷൻ): ക്യാൻസർ കൂടുതൽ വളരുകയോ ശരീരത്തിലെ മറ്റ് ഭാഗങ്ങളിലേക്ക് പടരുകയോ ചെയ്യുന്ന അവസ്ഥയാണിത്. സ്കാൻ ഫലങ്ങളോടൊപ്പം രോഗിയുടെ പൊതുവായ ആരോഗ്യസ്ഥിതിയും (general condition) ഇതിൽ പരിഗണിക്കും.
വേഗത്തിൽ വിഭജിക്കുന്ന ക്യാൻസർ കോശങ്ങളെ നശിപ്പിക്കുകയോ അവയുടെ വളർച്ച തടയുകയോ ചെയ്യുന്ന മരുന്നുകളാണ് കീമോതെറാപ്പി. ക്യാൻസർ പൂർണ്ണമായി ഭേദമാക്കാൻ, രോഗം തിരിച്ചുവരാനുള്ള സാധ്യത കുറയ്ക്കാൻ, ശസ്ത്രക്രിയയ്ക്ക് മുൻപ് ട്യൂമറിന്റെ വലുപ്പം കുറയ്ക്കാൻ, അല്ലെങ്കിൽ വളർച്ച നിയന്ത്രിക്കാൻ എന്നിവയ്ക്കായി കീമോതെറാപ്പി നൽകുന്നു. ശരീരത്തിലെ ചില സാധാരണ കോശങ്ങളും വേഗത്തിൽ വളരുന്നവയായതിനാൽ (ഉദാഹരണത്തിന് മുടി, വായയിലെ കോശങ്ങൾ) ചില പാർശ്വഫലങ്ങൾ ഉണ്ടായേക്കാം. എങ്കിലും സപ്പോർട്ടീവ് മരുന്നുകളിലൂടെയും ഡോസ് ക്രമീകരിക്കുന്നതിലൂടെയും ഇത്തരം ബുദ്ധിമുട്ടുകൾ വലിയൊരു പരിധിവരെ കുറയ്ക്കാൻ സാധിക്കും.. കീമോതെറാപ്പി മരുന്നുകളുടെയും പാർശ്വഫലങ്ങൾ വ്യത്യസ്തമാണ്.
ഇല്ല. ചില ക്യാൻസറുകൾ ശസ്ത്രക്രിയയോ റേഡിയോതെറാപ്പിയോ മാത്രം ഉപയോഗിച്ച് പൂർണ്ണമായി ഭേദമാക്കാൻ സാധിക്കും. മറ്റു ചിലത് ഹോർമോൺ, ടാർഗെറ്റഡ് അല്ലെങ്കിൽ ഇമ്മ്യൂണോ തെറാപ്പികളോടാണ് കൂടുതൽ നന്നായി പ്രതികരിക്കുക. കീമോതെറാപ്പി കൊണ്ടുള്ള ഗുണം അതുമൂലമുണ്ടാകുന്ന പ്രയാസങ്ങളേക്കാൾ കൂടുതലാണെന്ന് വ്യക്തമാകുമ്പോൾ മാത്രമാണ് ഡോക്ടർമാർ ഇത് നിർദ്ദേശിക്കുന്നത്.
ഞരമ്പ് വഴി (IV Injection/Infusion), ഗുളികകളായി, അല്ലെങ്കിൽ അപൂർവ്വമായി നട്ടെല്ലിലെ ദ്രവത്തിലേക്കോ (Spinal fluid- intrathecal chemotherapy ) ശരീരത്തിലെ ചില അറകളിലേക്കോ (intraperitoneal) കീമോതെറാപ്പി നൽകാം. സാധാരണയായി മരുന്ന് നൽകുന്ന ദിവസങ്ങളും അതിനുശേഷമുള്ള വിശ്രമവേളകളും ഉൾപ്പെടുന്ന 'സൈക്കിളുകൾ' (eg:- 7 days cycle, 14 days cycle, 21 days cycle ) ആയാണ് ഇത് ക്രമീകരിക്കുന്നത്. കഴിക്കുന്ന ഗുളികകളാണെങ്കിൽ പോലും ഇൻജക്ഷൻ പോലെത്തന്നെ കൃത്യമായ ശ്രദ്ധയോടെ വേണം ഉപയോഗിക്കാൻ. ഡോക്ടറുടെ നിർദ്ദേശമില്ലാതെ അളവ് മാറ്റാനോ, ഗുളിക പൊടിച്ചു കഴിക്കാനോ, മറ്റുള്ളവർക്ക് നൽകാനോ പാടില്ല.
ഇല്ല. ഉപയോഗിക്കുന്ന മരുന്ന്, അതിന്റെ ഡോസ്, ചികിത്സാ രീതി എന്നിവയെ ആശ്രയിച്ചാണ് മുടി കൊഴിച്ചിൽ ഉണ്ടാകുന്നത്. ചില മരുന്നുകൾ പൂർണ്ണമായി മുടി കൊഴിയാൻ ഇടയാക്കുമെങ്കിൽ, ചിലത് മുടിയുടെ സാന്ദ്രത കുറയ്ക്കുക മാത്രമേയുള്ളൂ. മറ്റു ചില മരുന്നുകളിൽ കാര്യമായ മാറ്റമൊന്നും ഉണ്ടാകാറുമില്ല. ചികിത്സ പൂർത്തിയാകുന്നതോടെ മുടി സാധാരണ രീതിയിൽ വീണ്ടും വളർന്നു വരും..
രക്തത്തിലെ വെളുത്ത രക്താണുക്കൾ (WBC), ഹീമോഗ്ലോബിൻ (Haemoglobin) , പ്ലേറ്റ്ലെറ്റുകൾ (Platelets) എന്നിവയുടെ അളവ് കീമോതെറാപ്പി തുടരാൻ പാകത്തിന് ഉണ്ടോ എന്ന് ഉറപ്പുവരുത്താനാണ് ഈ പരിശോധന. ഇതോടൊപ്പം കരളും (LFT) വൃക്കകളും (RFT) മരുന്നുകളെ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന് അറിയാനുള്ള പരിശോധനകളും നടത്തുന്നു. ഫലങ്ങളിൽ വ്യത്യാസമുണ്ടെങ്കിൽ ചികിത്സയിൽ ചെറിയ കാലതാമസം വരുത്തുകയോ, ഡോസ് കുറയ്ക്കുകയോ ചെയ്യാറുണ്ട്. ഡോക്ടർ നിർദ്ദേശിക്കുന്ന ഇത്തരം ചെറിയ മാറ്റങ്ങൾ ചികിത്സ പരാജയപ്പെട്ടു എന്നതിന്റെ സൂചനയല്ല.
രക്തകോശങ്ങൾ എത്രത്തോളം കുറവാണ് എന്ന് വിലയിരുത്തിയ ശേഷമായിരിക്കും ടീം തുടർതീരുമാനങ്ങൾ എടുക്കുക. ചികിത്സ കുറച്ചുദിവസത്തേക്ക് മാറ്റി വെക്കുകയോ, മരുന്നിന്റെ ഡോസ് ക്രമീകരിക്കുകയോ, രക്തകോശങ്ങൾ കൂട്ടാനുള്ള ഇൻജക്ഷനുകളോ രക്തം നൽകുകയോ ചെയ്യാറുണ്ട്. വെളുത്ത രക്താണുക്കൾ കുറഞ്ഞിരിക്കുന്ന സമയത്ത് പനി വരുന്നത് അപകടകരമായേക്കാം. അതുപോലെ പ്ലേറ്റ്ലെറ്റ് കുറയുമ്പോൾ ഉണ്ടാകുന്ന രക്തസ്രാവം, കറുത്ത മലം, കഠിനമായ തലവേദന എന്നിവ കണ്ടാൽ ഉടൻ തന്നെ അടിയന്തര വൈദ്യസഹായം തേടണം.
കീമോതെറാപ്പി ചെയ്തുകൊണ്ടിരിക്കുന്ന അവസരത്തിൽ ശരീര താപനില 38.0°C (100.4°F) അതിൽ കൂടുതലോ ആയാൽ അത് അടിയന്തരമായി പരിശോധിക്കേണ്ട കാര്യമാണ്. അടുത്ത ദിവസം രാവിലെ വരെ കാത്തിരിക്കുകയോ, ഡോക്ടറോട് ചോദിക്കാതെ പാരാസിറ്റാമോൾ കഴിച്ച് പനി മറച്ചുവെക്കുകയോ ചെയ്യരുത്. ഉടൻ തന്നെ ക്യാൻസർ ചികിത്സിക്കുന്ന ആശുപത്രിയുമായി ബന്ധപ്പെടുകയോ എമർജൻസി വിഭാഗത്തിൽ എത്തുകയോ ചെയ്യുക. തണുപ്പ്, അമിതമായ വിറയൽ, ശ്വാസംമുട്ടൽ, തലകറക്കം എന്നിവ ഉണ്ടായാലും ഉടനടി ഡോക്ടറെ കാണണം.
ആവർത്തിച്ചുള്ള കീമോതെറാപ്പി നൽകുന്നതിനും രക്തം എടുക്കുന്നതിനുമായി ഞരമ്പുകളിലേക്ക് എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന ഉപകരണങ്ങളാണിത്. 'Chemo Port' ചർമ്മത്തിന് അടിയിൽ ശാശ്വതമായി പിടിപ്പിക്കുന്നതാണ്. 'PICC line' കൈയിലെ ഞരമ്പ് വഴി പിടിപ്പിച്ച് പുറത്തേക്ക് നിൽക്കുന്നതിനാൽ കൃത്യമായ ഡ്രസ്സിംഗ് ആവശ്യമാണ്. ഇത് വീണ്ടും വീണ്ടും സൂചി കുത്തുന്നത് ഒഴിവാക്കുമെങ്കിലും, അണുബാധയോ ബ്ലോക്കോ വരാൻ സാധ്യതയുള്ളതിനാൽ ഇവ സ്ഥാപിച്ച ഭാഗത്ത് ചുവപ്പുനിറം, വീക്കം, വേദന, അല്ലെങ്കിൽ പനി എന്നിവ കണ്ടാൽ ഉടൻ ഡോക്ടറെ അറിയിക്കണം.
ക്യാൻസർ കോശങ്ങൾ വളരാൻ സഹായിക്കുന്ന പ്രത്യേക പ്രോട്ടീനുകളെയോ അവയുടെ പ്രവർത്തനങ്ങളെയോ ലക്ഷ്യമിട്ട് നശിപ്പിക്കുന്ന ആധുനിക ചികിത്സാരീതിയാണിത്. രോഗിയുടെ ബയോമാർക്കർ (Biomarker) പരിശോധനാ ഫലങ്ങൾ അടിസ്ഥാനമാക്കിയാണ് ഇത് അനുയോജ്യമാണോ എന്ന് തീരുമാനിക്കുന്നത്. ഗുളികകളായോ ഇൻജക്ഷനായോ ഇത് നൽകാം. ചിലതരം ക്യാൻസറുകളിൽ ഇത് വളരെ ഫലപ്രദമാണ്. എങ്കിലും ശരീരത്തിലെ സാധാരണ കോശങ്ങളെയും ബാധിക്കാൻ സാധ്യതയുള്ളതിനാൽ പാർശ്വഫലങ്ങൾ ഉണ്ടാകാം. 'ടാർഗെറ്റഡ്' ആയതുകൊണ്ട് പാർശ്വഫലങ്ങൾ തീരെയില്ലെന്നോ 100% ഫലം തരുമെന്നോ അർത്ഥമില്ല.
ശരീരത്തിന്റെ പ്രതിരോധശേഷിയെ (Immune system) ഉത്തേജിപ്പിച്ച്, ക്യാൻസർ കോശങ്ങളെ തിരിച്ചറിഞ്ഞ് നശിപ്പിക്കാൻ സഹായിക്കുന്ന ചികിത്സയാണിത്. 'ചെക്ക്പോയിന്റ് ഇൻഹിബിറ്ററുകൾ' (Checkpoint inhibitors) ആണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ട വിഭാഗം. എന്നാൽ എല്ലാത്തരം ക്യാൻസറുകൾക്കും എല്ലാ രോഗികൾക്കും ഇത് ഒരുപോലെ ഫലപ്രദമാകണമെന്നില്ല. ക്യാൻസറിന്റെ തരം, സ്റ്റേജ്, ബയോമാർക്കറുകൾ എന്നിവ നോക്കിയാണ് ഇത് തീരുമാനിക്കുന്നത്. പ്രതിരോധവ്യവസ്ഥ ഉത്തേജിക്കപ്പെടുന്നതുമൂലം ശരീരത്തിലെ ഏത് അവയവത്തിലും വീക്കമോ മറ്റ് വ്യതിയാനങ്ങളോ (Immune-related toxicity) വരാൻ സാധ്യതയുണ്ട്.
വയറിളക്കം, വയറുവേദന, ശ്വാസംമുട്ടൽ, ചുമ, നെഞ്ചുവേദന, ചർമ്മത്തിൽ കഠിനമായ തടിപ്പുകൾ, മഞ്ഞപ്പിത്ത ലക്ഷണങ്ങൾ, അമിതമായ ക്ഷീണം, വിട്ടുമാറാത്ത തലവേദന, കാഴ്ചമങ്ങൽ, പേശികളുടെ തളർച്ച, ആശയക്കുഴപ്പം, മൂത്രത്തിന്റെ അളവ് കുറയുക എന്നിവ കണ്ടാൽ ഉടൻ ഡോക്ടറെ അറിയിക്കണം. ഇവ ചികിത്സ ആവശ്യമായ പാർശ്വഫലങ്ങൾ ആകാം. അല്പം മുൻപ് ചികിത്സ പൂർത്തിയായവരാണെങ്കിലും മറ്റൊരു രോഗത്തിന് ഡോക്ടറെ കാണുമ്പോൾ ഇമ്മ്യൂണോതെറാപ്പി എടുത്തിരുന്ന വിവരം നിർബന്ധമായും പറയണം
ചിലതരം സ്തനാർബുദം, പ്രോസ്റ്റേറ്റ് ക്യാൻസർ എന്നിവയുടെ വളർച്ചയ്ക്ക് ശരീരത്തിലെ ചില ഹോർമോണുകൾ കാരണമാകാറുണ്ട്. ഇത്തരം ഹോർമോണുകളുടെ ഉത്പാദനം കുറയ്ക്കാനോ അവയുടെ പ്രവർത്തനം തടയാനോ നൽകുന്ന ചികിത്സയാണിത്. ഗുളികകളായോ ഇൻജക്ഷനായോ മാസങ്ങളോ വർഷങ്ങളോ ഇത് കഴിക്കേണ്ടി വരാം. ഉഷ്ണം അനുഭവപ്പെടുക (Hot flushes), ലൈംഗിക താത്പര്യക്കുറവ്, മാനസികാവസ്ഥയിലെ മാറ്റങ്ങൾ, എല്ലുകൾക്ക് ബലക്ഷയം എന്നിവ ഇതിന്റെ പാർശ്വഫലങ്ങളായി വരാം. ബുദ്ധിമുട്ടുകൾ ഉണ്ടായാൽ സ്വയം മരുന്ന് നിർത്താതെ ഡോക്ടറോട് സംസാരിച്ച് പരിഹാരം കണ്ടെത്തുക.
മരുന്ന് ലഭിച്ചപ്പോൾ തന്നിട്ടുള്ള നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുക. പൊതുവേ, ഒരു നേരം മരുന്ന് കഴിക്കാൻ മറന്നുപോയാൽ, അത് ഒഴിവാക്കി സാധാരണ സമയത്ത് അടുത്ത ഡോസ് കഴിക്കുകയാണ് ചെയ്യാറ്; ഒരു കാരണവശാലും ഒന്നിച്ച് രണ്ട് ഡോസ് കഴിക്കരുത്. എങ്കിലും മരുന്നുകളുടെ സ്വഭാവമനുസരിച്ച് ഇതിൽ മാറ്റങ്ങൾ വരാം. സംശയമുണ്ടെങ്കിൽ നിങ്ങളുടെ ഓങ്കോളജി ടീമിനെയോ ഫാർമസിസ്റ്റിനെയോ ബന്ധപ്പെടുക. വിട്ടുപോയ ഡോസുകൾ, ഛർദ്ദി, മരുന്ന് വിഴുങ്ങാനുള്ള പ്രയാസം എന്നിവ ഉണ്ടെങ്കിൽ ഡോക്ടറെ അറിയിക്കണം.
തീർച്ചയായും ബാധിക്കാം. ആയുർവേദ, ഹെർബൽ അല്ലെങ്കിൽ മറ്റ് പരമ്പരാഗത മരുന്നുകൾ നമ്മൾ കഴിക്കുന്ന ക്യാൻസർ മരുന്നുകളുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്താനോ, കരൾ/വൃക്ക എന്നിവയ്ക്ക് തകരാറുണ്ടാക്കാനോ, രക്തസ്രാവത്തിനുള്ള സാധ്യത കൂട്ടാനോ ഇടയാക്കും. 'പ്രകൃതിദത്തം' (Natural) എന്ന് പറയുന്നവ പൂർണ്ണമായും സുരക്ഷിതമാകണമെന്നില്ല. അതിനാൽ കഴിക്കുന്ന എല്ലാവിധ അധിക മരുന്നുകളുടെയും വിവരങ്ങൾ ഡോക്ടറെ കാണിക്കണം. ഡോക്ടറുടെ അനുവാദമില്ലാതെ സ്വന്തമായി ആയുർവേദ/ഹെർബൽ മരുന്നുകൾ ആരംഭിക്കുകയോ കഴിച്ചുകൊണ്ടിരിക്കുന്ന അലോപ്പതി മരുന്നുകൾ നിർത്തുകയോ ചെയ്യരുത്.
ഇല്ല. കൃത്യമായ ശാസ്ത്രീയ രീതിയിൽ ചെയ്യുന്ന ക്യാൻസർ ശസ്ത്രക്രിയ കൊണ്ട് രോഗം പടരുകയില്ല. ശരീരത്തിലെ ഒരു പ്രത്യേക ഭാഗത്ത് മാത്രം ഒതുങ്ങിനിൽക്കുന്ന ക്യാൻസറുകൾ പൂർണ്ണമായി ഭേദമാക്കാനുള്ള ഏറ്റവും മികച്ച മാർഗ്ഗങ്ങളിലൊന്ന് ശസ്ത്രക്രിയയാണ്. ക്യാൻസർ കോശങ്ങൾ പുറത്തേക്ക് പടരാത്ത രീതിയിലും കൃത്യമായ അതിരുകൾ (Margins) നിലനിർത്തിയുമാണ് സർജന്മാർ ശസ്ത്രക്രിയ നടത്തുന്നത്. ശസ്ത്രക്രിയ കഴിഞ്ഞയുടൻ രോഗം മറ്റിടങ്ങളിൽ കാണപ്പെടുകയാണെങ്കിൽ, അത് സർജറി കാരണം പടർന്നതല്ല; മറിച്ച് ശസ്ത്രക്രിയക്ക് മുൻപേ തന്നെ സൂക്ഷ്മ തലത്തിൽ (Microscopic level) ശരീരത്തിൽ ഉണ്ടായിരുന്നു എന്നാണ് അർത്ഥം.
കാണുന്ന മുഴ പൂർണ്ണമായി നീക്കം ചെയ്താലും, സൂക്ഷ്മമായ ക്യാൻസർ കോശങ്ങൾ ആ ഭാഗത്തോ ശരീരത്തിലെ മറ്റ് ഭാഗങ്ങളിലോ ശേഷിക്കാൻ സാധ്യതയുണ്ട്. രോഗം വീണ്ടും തിരിച്ചുവരാനുള്ള (Recurrence) ഈ സാധ്യത കുറയ്ക്കാനാണ് ശസ്ത്രക്രിയയ്ക്ക് ശേഷം Adjuvant Chemotherapy, Hormonal therapy, Radiotherapy എന്നിവ നൽകുന്നത്. എന്നാൽ എല്ലാ രോഗികൾക്കും ശസ്ത്രക്രിയക്ക് ശേഷം അധിക ചികിത്സകൾ ആവശ്യമില്ല. രോഗത്തിന്റെ സ്റ്റേജ്, ലിംഫ് നോഡുകളിലേക്കുള്ള പടർച്ച, ട്യൂമറിന്റെ സ്വഭാവം എന്നിവ നോക്കിയാണ് ഡോക്ടർമാർ ഇത് തീരുമാനിക്കുന്നത്.
ഉയർന്ന ഊർജ്ജമുള്ള വികിരണങ്ങൾ (High-energy radiation, X ray , gamma rays ) ഉപയോഗിച്ച് ക്യാൻസർ കോശങ്ങളുടെ ഡി.എൻ.എ (DNA) നശിപ്പിക്കുന്ന ചികിത്സാരീതിയാണിത്. രോഗം പൂർണ്ണമായി ഭേദമാക്കാനും, രോഗം തിരിച്ചുവരാനുള്ള സാധ്യത കുറയ്ക്കാനും, ശസ്ത്രക്രിയക്ക് മുൻപ് മുഴയുടെ വലുപ്പം കുറയ്ക്കാനും, വേദനയോ രക്തസ്രാവമോ പോലുള്ള അസ്വസ്ഥതകൾ പരിഹരിക്കാനും റേഡിയോതെറാപ്പി ഉപയോഗിക്കുന്നു. സാധാരണ കോശങ്ങൾക്ക് കേടുപാടുകൾ വരാത്ത രീതിയിൽ വളരെ സൂക്ഷ്മമായാണ് ഇത് ആസൂത്രണം ചെയ്യുന്നത്.
ഇല്ല. റേഡിയേഷൻ (External-beam radiotherapy) എടുത്ത രോഗിയുടെ ശരീരത്തിൽ റേഡിയേഷന്റെ അംശങ്ങൾ ഒന്നും തന്നെ ശേഷിക്കുകയില്ല. അതിനാൽ വീട്ടിലുള്ള കുട്ടികളോടും ഗർഭിണികളോടും കുടുംബാംഗങ്ങളോടും സാധാരണപോലെ സമ്പർക്കം പുലർത്തുന്നത് പൂർണ്ണമായും സുരക്ഷിതമാണ്. (എന്നാൽ ശരീരത്തിനുള്ളിലേക്ക് നൽകുന്ന ചില റേഡിയോ ആക്ടീവ് മരുന്നുകൾക്ക് താൽക്കാലിക മുൻകരുതലുകൾ ആവശ്യമായി വന്നേക്കാം, അത് ഡോക്ടർമാർ മുൻകൂട്ടി വ്യക്തമാക്കും).
റേഡിയേഷൻ നൽകുന്ന സമയത്ത് രോഗിക്ക് യാതൊരുവിധ വേദനയോ പ്രയാസമോ അനുഭവപ്പെടില്ല. സാധാരണ എക്സ്-റേ (X-ray) എടുക്കുന്നതുപോലെ വളരെ ലളിതമാണിത്. എന്നാൽ ചികിത്സ ലഭിക്കുന്ന ഭാഗത്ത് ചർമ്മത്തിൽ ചുവപ്പ് നിറം, വറൾച്ച, വിഴുങ്ങാൻ പ്രയാസം തുടങ്ങിയ ചില ബുദ്ധിമുട്ടുകൾ ദിവസങ്ങൾ കൊണ്ട് കണ്ടേക്കാം. ഇത്തരം പാർശ്വഫലങ്ങൾ ഉണ്ടായാൽ ഡോക്ടറോട് സംസാരിക്കുക. റേഡിയേഷൻ ഏൽക്കുന്ന ഭാഗത്ത് ഡോക്ടറുടെ നിർദ്ദേശമില്ലാതെ സ്വന്തമായി ക്രീമുകളോ വീട്ടുവൈദ്യങ്ങളോ പുരട്ടരുത്.
പുതിയൊരു ചികിത്സ, മരുന്ന്, ശസ്ത്രക്രിയാ രീതി, രോഗനിർണ്ണയ മാർഗ്ഗം എന്നിവ എത്രത്തോളം ഫലപ്രദമാണെന്ന് രോഗികളുടെ സമ്മതത്തോടെ നടത്തുന്ന ഗവേഷണ പഠനമാണിത്. കൃത്യമായ നിയമങ്ങളും മാനദണ്ഡങ്ങളും അനുസരിച്ചാണ് ഇത് നടക്കുക. ഇതിൽ പങ്കാളിയാകുന്നത് പൂർണ്ണമായും നിങ്ങളുടെ താല്പര്യപ്രകാരമാണ്, ഗുണം ഉറപ്പു നൽകാനാവില്ല.
ഫേസ് 1 പഠനങ്ങൾ പ്രധാനമായും മരുന്നിന്റെ സുരക്ഷിതത്വം, കൊടുക്കേണ്ട അളവ് (Dosage), അത് ശരീരത്തിൽ എങ്ങനെ പ്രവർത്തിക്കുന്നു എന്നിവയാണ് നോക്കുന്നത്. ഫേസ് 2 ൽ മരുന്ന് എത്രത്തോളം ഫലപ്രദമാണെന്നും അതിന്റെ സുരക്ഷിതത്വവും കൂടുതൽ ആളുകളിൽ പരിശോധിക്കുന്നു. ഫേസ് 3 പഠനങ്ങളിൽ വലിയൊരു കൂട്ടം രോഗികളിൽ പുതിയ മരുന്നിനെ നിലവിലുള്ള ഏറ്റവും നല്ല മരുന്നുമായി താരതമ്യം ചെയ്തു പഠിക്കുന്നു.
ഫലപ്രദമായ ക്യാൻസർ മരുന്നുകൾ നിലവിലുള്ളപ്പോൾ വെറുമൊരു പ്ലാസിബോ മാത്രം നൽകുന്ന രീതി സാധാരണയായി ചെയ്യാറില്ല. നിലവിലെ മരുന്നിനോടൊപ്പം പ്ലാസിബോ ചേർത്തും, നിലവിലെ മരുന്നിനോടൊപ്പം പുതിയ പഠനമരുന്ന് ചേർത്തും താരതമ്യം ചെയ്യാറുണ്ട്. ഒരു മരുന്നുമില്ലാത്ത സാഹചര്യങ്ങളിൽ മാത്രമേ പ്ലാസിബോ നേരിട്ട് ഉപയോഗിക്കൂ. നിങ്ങൾക്ക് എന്താണ് ലഭിക്കുക എന്നത് സമ്മതപത്രത്തിൽ വ്യക്തമായി എഴുതിയിരിക്കും.
പഠനത്തിൽ പങ്കെടുകുന്ന രോഗികളെ യാതൊരു പക്ഷപാതവുമില്ലാതെ കമ്പ്യൂട്ടർ വഴി വ്യത്യസ്ത ഗ്രൂപ്പുകളിലേക്ക് മാറ്റുന്ന രീതിയാണിത്. ഇവിടെ രോഗിക്കോ ഡോക്ടർക്കോ ഏത് ഗ്രൂപ്പാണ് കിട്ടുക എന്ന് തിരഞ്ഞെടുക്കാനാവില്ല. ചില പഠനങ്ങളിൽ ഏത് മരുന്നാണ് ലഭിക്കുന്നത് എന്ന് രോഗിക്കും ഡോക്ടർക്കും അറിയാൻ കഴിയില്ല; എങ്കിലും അടിയന്തിര ഘട്ടങ്ങളിൽ ഇത് തുറന്നു പരിശോധിക്കാനുള്ള സുരക്ഷാ സംവിധാനങ്ങൾ ഉണ്ടാകും.
പഠനത്തിന്റെ ലക്ഷ്യം, രീതികൾ, മറ്റു ചികിത്സകൾ, വരാവുന്ന അപകടങ്ങൾ, പ്രതീക്ഷിക്കുന്ന ഗുണങ്ങൾ, ചെലവുകൾ, സ്വകാര്യത, നിങ്ങളുടെ അവകാശങ്ങൾ എന്നിവയെല്ലാം വ്യക്തമായി വിശദീകരിക്കുന്ന പ്രക്രിയയാണിത്. ലളിതമായ ഭാഷയിൽ ഇതെല്ലാം നിങ്ങൾക്ക് പറഞ്ഞുതരികയും ചോദ്യങ്ങൾ ചോദിക്കാൻ സമയം നൽകുകയും ചെയ്യും. സമ്മതപത്രത്തിൽ ഒപ്പിട്ട ശേഷവും നിങ്ങൾക്ക് ഏതു സമയത്തും ഇതിൽ നിന്നും പിന്മാറാം.
തീർച്ചയായും സാധിക്കും. അതിൽ പങ്കാളിയാകുന്നത് നിങ്ങളുടെ ഇഷ്ടമാണ്. പഠനത്തിനിടയിൽ എപ്പോൾ വേണമെങ്കിലും പിന്മാറാം; അത് നിങ്ങളുടെ സാധാരണ ക്യാൻസർ ചികിത്സയെ ഒരുവിധത്തിലും ബാധിക്കില്ല. സുരക്ഷിതമായി മരുന്ന് നിർത്താനും മറ്റ് ചികിത്സകളിലേക്ക് മാറാനും പഠന സംഘത്തെ വിവരമറിയിക്കുക.
പുതിയ ചികിത്സയായതിനാൽ അപ്രതീക്ഷിതമായ ചില പാർശ്വഫലങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. എന്നാൽ കടുത്ത ശാസ്ത്രീയ പരിശോധനകൾക്കും, എത്തിക്സ് കമ്മിറ്റിയുടെ മേൽനോട്ടത്തിനും സുരക്ഷാ നിയമങ്ങൾക്കും വിധേയമായാണ് ഇവ നടക്കുന്നത്. ഇതിലെ അപകടസാധ്യതകൾ ഡോക്ടർമാർ വിശദീകരിക്കും. 'പരീക്ഷണാടിസ്ഥാനത്തിലുള്ളത്' എന്നതുകൊണ്ട് അത് അപകടകരമാണെന്നോ അല്ലെങ്കിൽ നിലവിലെ മരുന്നിനേക്കാൾ മികച്ചതാണെന്നോ അർത്ഥമില്ല.
പഠനം നടത്തുന്ന കമ്പനി/സ്ഥാപനം, ആശുപത്രി, ഇൻഷുറൻസ്, അല്ലെങ്കിൽ രോഗി എന്നിവർക്കിടയിൽ ഇത് വിഭജിക്കപ്പെടാം. ഗവേഷണത്തിനായുള്ള പ്രത്യേക സ്കാനുകളും പഠനമരുന്നുകളും സൗജന്യമായിരിക്കാം; എന്നാൽ പതിവ് ചികിത്സകൾ, യാത്ര, താമസം എന്നിവ സൗജന്യമാകണമെന്നില്ല. പങ്കാളിയാകുന്നതിന് മുമ്പ് ചെലവുകളെക്കുറിച്ചുള്ള വിവരങ്ങൾ രേഖാമൂലം വാങ്ങി വായിക്കുക.
നിങ്ങളെ ചികിത്സിക്കുന്ന ഡോക്ടറോടോ പ്രധാന ക്യാൻസർ സെന്ററുകളിലോ ചോദിക്കാവുന്നതാണ്; ClinicalTrials.gov അല്ലെങ്കിൽ ദേശീയ ട്രയൽ വെബ്സൈറ്റുകൾ പരിശോധിക്കാം. രോഗനിർണയം, സ്റ്റേജ്, ബയോമാർക്കറുകൾ, മുൻ ചികിത്സകൾ, അവയവങ്ങളുടെ പ്രവർത്തനം എന്നിവ നോക്കിയാണ് ട്രയലിൽ പങ്കെടുപ്പിക്കുക.
Need an individual medical opinion?
Cancer diagnosis and treatment decisions must be based on the complete medical history, examination, pathology and imaging findings.
For appointment enquiries only. WhatsApp is not an emergency service.
Medical disclaimer
This information is intended for general patient education and does not replace consultation with a qualified healthcare professional. Diagnosis, treatment and supportive care must be individualised according to the cancer type, stage, overall health and treatment plan.
Book an oncology consultation
Medically reviewed by
Dr. Allwin GeorgeMBBS, MD (Radiation Oncology), DM (Medical Oncology)
Consultant Medical and Haemato-Oncologist
Last medically reviewed: 23 August 2026