Cancer Information in Malayalam
Side Effects and Treatment Safety
Nausea, fatigue, mouth sores, bowel changes, neuropathy, skin and blood-count problems, and treatment-related emergencies.

Prepared and medically reviewed by
Dr. Allwin George
MBBS, MD (Radiation Oncology), DM (Medical Oncology)
Consultant Medical and Haemato-Oncologist
Meet Dr. Allwin Georgeഅല്ല. നൽകുന്ന മരുന്ന്, അളവ് (dose), ചികിത്സാക്രമം (treatment schedule), ചികിത്സിക്കുന്ന ശരീരഭാഗം, പ്രായം, മറ്റ് രോഗങ്ങൾ, മുമ്പ് എടുത്ത ചികിത്സകൾ എന്നിവയെ ആശ്രയിച്ചാണ് പാർശ്വഫലങ്ങൾ ഉണ്ടാകുന്നത്. ഒരേ മരുന്ന് ക്രമം (regimen) സ്വീകരിക്കുന്ന രണ്ടുപേർക്ക് പോലും വ്യത്യസ്ത അനുഭവങ്ങളാകാം ഉണ്ടാകുക. അതുകൊണ്ട്, മറ്റൊരു രോഗിയുടെ അനുഭവവുമായി താരതമ്യം ചെയ്ത് സ്വന്തം ചികിത്സ ഫലപ്രദമാണോ എന്ന് തീരുമാനിക്കരുത്.
അല്ല. പാർശ്വഫലങ്ങളുടെ തീവ്രതയും അർബുദം (cancer) ചികിത്സയോട് പ്രതികരിക്കുന്നുണ്ടോ എന്നതും തമ്മിൽ നേരിട്ട് ബന്ധമില്ല. വളരെ കുറഞ്ഞ പാർശ്വഫലങ്ങൾ (side effects) മാത്രമുള്ളവർക്കും ചികിത്സ നല്ല രീതിയിൽ ഫലപ്രദമാകാം. രോഗലക്ഷണങ്ങൾ മറച്ചുവെക്കാതെ ചികിത്സാ സംഘത്തെ (medical team) അറിയിക്കുന്നത് മരുന്നിന്റെ അളവ്, മറ്റ് സഹായ മരുന്നുകൾ (supportive medicines), സമയക്രമം (timing) എന്നിവ സുരക്ഷിതമായി ക്രമീകരിക്കാൻ സഹായിക്കും.
ക്യാന്സർ രോഗികൾക്ക് അനുഭവപ്പെടുന്ന ക്ഷീണം (Cancer-related fatigue) എന്നത് ഉറക്കമോ വിശ്രമമോ കൊണ്ട് പൂർണമായി മാറാത്ത ശാരീരികവും മാനസികവുമായ ക്ഷീണമാണ്. രക്തക്കുറവ് (anaemia), അണുബാധ (infection), വേദന (pain), ഉറക്കക്കുറവ്, നിർജ്ജലീകരണം (dehydration), പോഷകാഹാരക്കുറവ്, തൈറോയ്ഡ് (thyroid) പ്രശ്നങ്ങൾ, മരുന്നുകൾ, ആശങ്ക (anxiety) അല്ലെങ്കിൽ വിഷാദം (depression) എന്നിവയും ഇതിന് കാരണമാകാം. പെട്ടെന്ന് കൂടുന്ന ക്ഷീണം, ശ്വാസതടസ്സം, തലചുറ്റൽ, നെഞ്ചുവേദന എന്നിവയുണ്ടെങ്കിൽ ഉടൻ ഡോക്ടറെ (doctor) കാണിച്ച് പരിശോധിക്കണം. സാധ്യമായത്ര പ്രവർത്തനങ്ങൾ (activity), കൃത്യമായ ഉറക്കക്രമം (sleep routine), നല്ല പോഷകാഹാരം, കൃത്യമായ ചികിത്സ എന്നിവ ക്ഷീണം കുറയ്ക്കാൻ സഹായിക്കും.
ക്യാൻസർ ചികിത്സാ സംഘം (oncology team) നിർദേശിച്ച ഓക്കാനം തടയുന്ന മരുന്നുകൾ (anti-nausea medicines) കൃത്യസമയത്തുതന്നെ കഴിക്കുക; ഛർദ്ദി തുടങ്ങിയ ശേഷം മാത്രം കഴിക്കാൻ കാത്തിരിക്കരുത്. കുറഞ്ഞ അളവിൽ പലതവണയായി ഭക്ഷണം കഴിക്കുക, കടുപ്പമുള്ള മണങ്ങൾ ഒഴിവാക്കുക, വെള്ളം കുറച്ചു കുറച്ചായി കുടിക്കുക (sip). നിർദേശിച്ച മരുന്നുകൾ കഴിച്ചിട്ടും ഛർദ്ദി തുടരുക, മൂത്രത്തിന്റെ അളവ് കുറയുക, തലചുറ്റൽ അനുഭവപ്പെടുക എന്നിവയുണ്ടെങ്കിൽ അന്നുതന്നെ ചികിത്സാ സംഘത്തെ ബന്ധപ്പെടണം.
മൃദുവായ (soft toothbrush) ഉപയോഗിച്ച് വായ ശുചിയായി സൂക്ഷിക്കുക. ചികിത്സാ സംഘം അനുവദിക്കുകയാണെങ്കിൽ ഉപ്പും ബേക്കിംഗ് സോഡയും (baking soda) ചേർത്ത് വായ കഴുകുക (mild rinse). മദ്യത്തിന്റെ (alcohol) അംശമുള്ള വായ കഴുകുന്ന ലോഷനുകൾ (mouthwash), പുകയില, എരിവും പുളിയും അധികമുള്ള ഭക്ഷണം, ചൂടുള്ള ആഹാരങ്ങൾ എന്നിവ ഒഴിവാക്കുക. വെള്ളം കുടിക്കാനോ ആഹാരം ഇറക്കാനോ കഴിയാത്ത വിധത്തിലുള്ള വേദന, പനി (fever), വായിൽ വെള്ളപ്പാടുകൾ (white patches), രക്തസ്രാവം (bleeding) എന്നിവ കണ്ടാൽ ഉടൻ ഡോക്ടറെ അറിയിക്കുക. സ്വന്തം ഇഷ്ടപ്രകാരം ആന്റിബയോട്ടിക് (antibiotic) അല്ലെങ്കിൽ ആന്റിഫംഗൽ (antifungal) മരുന്നുകൾ കഴിക്കരുത്.
ചികിത്സ തുടങ്ങുന്നതിന് മുമ്പുള്ളതിനേക്കാൾ മലവിസർജനം കൂടുതലാവുന്നതും ദ്രാവക രൂപത്തിലുള്ള മലവും (watery stool) ശ്രദ്ധിക്കുക. (oral rehydration solution/ORS) ചെറിയ അളവിൽ കുടിക്കാം. എന്നാൽ വയറിളക്കത്തിനുള്ള മരുന്നുകൾ (anti-diarrhoeal medicine) ഡോക്ടർ നിർദേശിച്ച ചികിത്സാ ക്രമം അനുസരിച്ച് മാത്രമേ കഴിക്കാവൂ. വയറിളക്കം 24 മണിക്കൂറിലധികം തുടരുക, മലത്തിൽ രക്തം കാണുക, പനി, കഠിനമായ വയറുവേദന (severe abdominal pain), തലചുറ്റൽ, മൂത്രം കുറയുക എന്നിവയുണ്ടെങ്കിൽ ഉടൻ ചികിത്സാ സംഘത്തെ ബന്ധപ്പെടണം. ഇമ്മ്യൂണോതെറാപ്പി (immunotherapy) എടുക്കുന്നതിനിടയിലാണ് വയറിളക്കം ഉണ്ടാകുന്നതെങ്കിൽ അത് നേരത്തെ റിപ്പോർട്ട് ചെയ്യണം
തീവ്ര വേദന സംഹാരികൾ (opioid pain medicines), ഓക്കാനം തടയുന്ന മരുന്നുകൾ (anti-nausea drugs), കുറഞ്ഞ ശാരീരിക അധ്വാനം, നിർജ്ജലീകരണം (dehydration), കുടലിലെ തടസ്സം (bowel obstruction) എന്നിവ മലബന്ധത്തിന് കാരണമാകാം. ഡോക്ടർ അനുവദിക്കുകയാണെങ്കിൽ വെള്ളം കുടിക്കുന്നതും നാരുകളുള്ള (fibre) ഭക്ഷണവും, ചെറിയ നടത്തവും വർധിപ്പിക്കാം; നിർദേശിച്ച മരുന്നുകളും (laxative) ഉപയോഗിക്കാം. മൂന്നു ദിവസത്തിലധികം മലം പോകാതിരിക്കുക, വയർ വീർക്കുക, തുടർച്ചയായ ഛർദ്ദി, ഗ്യാസ് പോകാതിരിക്കുക, കഠിനമായ വേദന എന്നിവ ഉണ്ടായാൽ അത് കുടലിലെ തടസ്സത്തെ (obstruction) സൂചിപ്പിക്കാം; ഉടൻ അടിയന്തര പരിശോധന ആവശ്യമാണ്. രക്തകോശങ്ങളുടെ അളവ് കുറഞ്ഞിരിക്കുന്ന (low blood counts) സമയത്ത് മലദ്വാരത്തിൽ വെക്കുന്ന മരുന്നുകളോ (rectal suppository) എനിമയോ (enema) സ്വന്തമായി ഉപയോഗിക്കരുത്.
എല്ലാ മരുന്നുകളും മുടികൊഴിച്ചിലിന് കാരണമാകണമെന്നില്ല. ചില കീമോതെറാപ്പി (chemotherapy regimens) എടുക്കുമ്പോൾ ചികിത്സ തുടങ്ങി 2–3 ആഴ്ചകൾക്കുള്ളിൽ മുടി കൊഴിയാനോ നേർത്തതാകാനോ തുടങ്ങാം. ചികിത്സ പൂർത്തിയായ ശേഷം മുടി സാധാരണയായി വീണ്ടും വളരും; ആദ്യഘട്ടത്തിൽ മുടിയുടെ ഉള്ളിലും നിറത്തിലും ചെറിയ മാറ്റങ്ങൾ കണ്ടേക്കാം. തലയോട്ടിയിൽ നേരിട്ട് വെയിൽ അടിക്കാതെ നോക്കുകയും മൃദുവായ കേശപരിപാലനം (gentle hair care) പാലിക്കുകയും ചെയ്യുക.
ചികിത്സാ സമയത്ത് വായിൽ ലോഹരുചി (metallic taste), കൈപ്പുള്ള രുചി (bitter taste), ചില മണങ്ങൾ സഹിക്കാൻ പറ്റാതെ വരുക (smell sensitivity) എന്നിവ ഉണ്ടാകുന്നത് സാധാരണമാണ്. തണുത്തതോ സാധാരണ താപനിലയിലുള്ളതോ (room-temperature) ആയ ഭക്ഷണം, ചെറിയ അളവിലുള്ള ഭക്ഷണം (small meals), പ്ലാസ്റ്റിക് കട്ട്ലറികൾ (plastic cutlery), ചെറിയ അളവിൽ നാരങ്ങയോ ലളിതമായ മസാലകളോ ഉപയോഗിക്കുന്നത് ചിലർക്ക് സഹായകരമാകും; വായിൽ വ്രണങ്ങൾ (mouth sores) ഉണ്ടെങ്കിൽ പുളിയുള്ള ഭക്ഷണങ്ങൾ (acidic foods) ഒഴിവാക്കണം. ദിവസേന കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറയുകയോ ശരീരഭാരം തുടർച്ചയായി കുറയുകയോ ചെയ്താൽ ക്യാൻസർ പോഷകാഹാര വിദഗ്ധന്റെ (oncology dietitian) സഹായം തേടുക.
ചില മരുന്നുകൾ കാരണം നാഡീക്ഷതം (peripheral neuropathy) ഉണ്ടാകാം. കുപ്പായത്തിന്റെ ബട്ടൺ ഇടാൻ ബുദ്ധിമുട്ട്, കൈയിൽ നിന്ന് സാധനങ്ങൾ വീണുപോവുക, നടക്കുമ്പോൾ വെയ്ച്ചു പോവുക (balance), പുകച്ചിൽ (burning pain) എന്നിവ ഉണ്ടായാൽ ആദ്യഘട്ടത്തിൽ തന്നെ ഡോക്ടറെ അറിയിക്കുക. മരുന്നിന്റെ അളവിൽ മാറ്റം വരുത്തുന്നത് (dose adjustment) സ്ഥിരമായ നാഡീക്ഷതം തടയാൻ സഹായിക്കും.
ചില ഗുളികകൾ (oral chemotherapy) (targeted therapy) എടുക്കുമ്പോൾ കൈപ്പത്തിയിലും കാൽപ്പാദത്തിലും ചുവപ്പ് നിറം, പുകച്ചിൽ (burning), തൊടുമ്പോൾ വേദന (tenderness), തൊലി പൊളിയുക (peeling), കുമിളകൾ (blistering) എന്നിവ ഉണ്ടാകുന്ന അവസ്ഥയാണിത്. ഇതിന്റെ തുടക്കത്തിൽ തന്നെ ചർമ്മത്തിന് ഈർപ്പം നൽകുന്ന ക്രീമുകൾ (moisturiser) ഉപയോഗിക്കുക. ചൂട്, ഉരസൽ (friction), നീണ്ട നടത്തം, മുറുകിയ പാദരക്ഷകൾ എന്നിവ ഒഴിവാക്കുക. വേദന, ചുവപ്പ് നിറം, കുമിളകൾ, ദൈനംദിന കാര്യങ്ങൾ ചെയ്യാൻ ബുദ്ധിമുട്ട് എന്നിവ ഉണ്ടായാൽ ഉടൻ ചികിത്സാ സംഘത്തെ അറിയിക്കുക. മരുന്നിന്റെ അളവ് സ്വയം നിർത്തുകയോ കുറയ്ക്കുകയോ ചെയ്യരുത്.
ക്യാൻസർ ചികിത്സ ചർമ്മത്തിൽ മാറ്റങ്ങൾ വരുത്താം. വാസനയില്ലാത്ത ക്രീമുകൾ (mild fragrance-free moisturiser), സോപ്പ് (gentle soap), സൂര്യപ്രകാശം ഏൽക്കുന്നതിൽനിന്നും മാറിനിൽക്കാൻ (sun protection) എന്നിവ ഒരു ആശ്വാസം ഉണ്ടാകാൻ സഹായിക്കും. പെട്ടെന്ന് പടരുന്ന തടിപ്പ്, കുമിളകൾ, തൊലി അടർന്നുപോകൽ, പനി, മുഖത്തോ ചുണ്ടിലോ വീക്കം, ശ്വാസതടസ്സം എന്നിവ അടിയന്തര സാഹചര്യമാണ്(എമർജൻസി). ചികിത്സാ സംഘത്തിന്റെ അനുമതിയില്ലാതെ മൃദുവായ സ്റ്റിറോയ്ഡ് ക്രീമുകൾ (steroid cream), ആന്റിബയോട്ടിക് ക്രീമുകൾ (antibiotic cream), പച്ചമരുന്നുകൾ (herbal application) എന്നിവ ഉപയോഗിക്കരുത്.
ചികിത്സ ചെയ്യുന്ന ഭാഗം മൃദുവായി കഴുകി ഒപ്പി ഉണക്കുക (pat dry). അവിടുത്തെ തൊലി തിരുമ്മാതിരിക്കുക, (rubbing), ഇറുകിയ വസ്ത്രങ്ങൾ ധരിക്കാതിരിക്കുക, ചൂട് പിടിപ്പിക്കുന്ന പാഡുകൾ (heat pad), ഐസ് പാക്കുകൾ (ice pack), സുഗന്ധദ്രവ്യങ്ങൾ (perfume), നാട്ടുവൈദ്യങ്ങൾ (home remedies) എന്നിവ ഉപയോഗിക്കുന്നത് ഒഴിവാക്കുക. ചികിത്സാ സംഘം നിർദേശിച്ച ക്രീമുകൾ (moisturiser) മാത്രം ഉപയോഗിക്കുക, അവിടുത്തെ ചികിത്സാ അടയാളങ്ങൾ (treatment markings) മാഞ്ഞുപോകാതെ നോക്കുക. തൊലി ഇളകി ഈർപ്പം വരിക (moist peeling), രക്തസ്രാവം, അസഹനീയമായ വേദന, അണുബാധയുടെ ലക്ഷണങ്ങൾ എന്നിവ കണ്ടാൽ ചികിത്സാ സംഘത്തെ അറിയിക്കുക. ചികിത്സ അവസാനിച്ച ശേഷവും ഏതാനും ദിവസത്തേക്ക് ഇത്തരം മാറ്റങ്ങൾ കൂടാം.
ശ്വേതരക്താണുക്കളുടെ കുറവ് (neutropenia) ഉണ്ടാകുമ്പോൾ അണുബാധകൾക്കെതിരെ (infection) പോരാടാനുള്ള ശരീരത്തിന്റെ പ്രതിരോധശേഷി കുറയുന്നു. കൈകൾ എപ്പോഴും ശുചിയാക്കുക, രോഗമുള്ളവരുമായി അടുത്ത സമ്പർക്കം ഒഴിവാക്കുക, ശുചിത്വമുള്ള ഭക്ഷണം (food safety) മാത്രം കഴിക്കുക. പനി ഇല്ലെങ്കിൽ പോലും കുളിര് (chills), ആശയക്കുഴപ്പം (confusion), ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് (breathlessness), മൂത്രമൊഴിക്കുമ്പോൾ പുകച്ചിൽ (burning urination), catheter ഇട്ട ഭാഗത്ത് ചുവപ്പ് നിറം എന്നിവ അണുബാധയുടെ ലക്ഷണമാകാം. ശരീരതാപനില 38°C അല്ലെങ്കിൽ അതിലധികമായാൽ അത് അടിയന്തിര സാഹചര്യമായി (emergency) കണ്ട് ആശുപത്രിയിൽ എത്തണം.
ചതവുകൾ വീഴുക (bruising), മോണയിൽ നിന്ന് രക്തം വരുക, മൂക്കിൽ നിന്ന് രക്തം വരിക, ചർമ്മത്തിൽ ചെറിയ ചുവന്ന പാടുകൾ (petechiae), മൂത്രത്തിലോ മലത്തിലോ രക്തത്തിന്റെ അംശം കാണുക എന്നിവ സംഭവിച്ചേക്കാം. ഡോക്ടർ നിർദ്ദേശമനുസരിച്ചു ആസ്പിരിൻ (aspirin), ഐബുപ്രോഫൻ (ibuprofen) പോലുള്ള മരുന്നുകൾ ഒഴിവാക്കുക. കുത്തിവെപ്പുകൾ (injection), ഷേവിംഗ് മുറിവുകൾ, വീഴ്ചകൾ എന്നിവ സംഭവിക്കാതെ ശ്രദ്ധിക്കണം. നിലയ്ക്കാത്ത രക്തസ്രാവം, കറുത്ത നിറത്തിൽ മലം പോകുക, രക്തം ഛർദ്ദിക്കുക, കടുത്ത തലവേദന, പുതിയ നാഡീസംബന്ധമായ ലക്ഷണങ്ങൾ (neurological symptom) എന്നിവയുണ്ടായാൽ അടിയന്തര പരിചരണം (emergency care) തേടുക.
രക്തക്കുറവ് (anaemia) ഉണ്ടാകുമ്പോൾ അമിത ക്ഷീണം, വിളർച്ച, നെഞ്ചിടിപ്പ് (palpitations), തലചുറ്റൽ, ചെറിയ അധ്വാനത്തിൽ പോലും ശ്വാസതടസ്സം (exertion breathlessness) എന്നിവ അനുഭവപ്പെടാം. രോഗത്തിന്റെ കാരണം, ലക്ഷണങ്ങൾ, ഹിമോഗ്ലോബിന്റെ അളവ് (Hb level), ചികിത്സാ ലക്ഷ്യം (treatment goal) എന്നിവ പരിഗണിച്ച് വെറുതെ നിരീക്ഷിക്കുകയോ (observation), ഇരുമ്പ്/വിറ്റാമിൻ ബി12 (iron/B12) മരുന്നുകൾ നൽകുകയോ, രക്തം കയറ്റുകയോ (transfusion), ചികിത്സയിൽ മാറ്റങ്ങൾ വരുത്തുകയോ (treatment adjustment) ചെയ്യാം. വിശ്രമിക്കുമ്പോഴും ശ്വാസതടസ്സം, നെഞ്ചുവേദന, തലകറങ്ങി വീഴുക (fainting) എന്നിവയുണ്ടായാൽ അടിയന്തരമായി പരിശോധിക്കണം.
ചിലർക്ക് ചികിത്സാ സമയത്തോ അതിനുശേഷമോ ശ്രദ്ധ (attention), ഹ്രസ്വകാല ഓർമ്മ (short-term memory), വാക്കുകൾ കണ്ടെത്തൽ (word finding), ഒരേസമയം പല കാര്യങ്ങൾ ചെയ്യൽ (multitasking) എന്നിവയിൽ ബുദ്ധിമുട്ട് തോന്നാറുണ്ട്. ഉറക്കക്കുറവ്, ആശങ്ക (anxiety), വിഷാദം (depression), രക്തക്കുറവ് (anaemia), വേദന സംഹാരികൾ (pain medicines) എന്നിവയും ഇതിന് കാരണമാകാം. കുറിപ്പുകൾ (notes) തയ്യാറാക്കുക, ഓർമ്മപ്പെടുത്തലുകൾ (reminders) വെയ്ക്കുക, ഒരു സമയം ഒരു കാര്യം മാത്രം ചെയ്യുക, കൃത്യമായ ഉറക്കം, ലളിതമായ വ്യായാമങ്ങൾ എന്നിവ സഹായിക്കും. പെട്ടെന്നുണ്ടാകുന്ന ആശയക്കുഴപ്പം (confusion), സംസാരത്തിൽ തടസ്സം, ശരീരഭാഗങ്ങൾക്ക് തളർച്ച എന്നിവ ഉണ്ടായാൽ അത് ചെമോ ബ്രെയിൻ എന്ന് കരുതതെ ഉടൻ അടിയന്തര സാഹചര്യമായി കണ്ട് (emergency) ഡോക്ടറെ കാണിക്കണം.
ചില പാർശ്വഫലങ്ങൾ ആഴ്ചകളോ മാസങ്ങളോ തുടർന്നു എന്ന് വരാം; ചില വൈകിയുണ്ടാകുന്ന പാർശ്വഫലങ്ങൾ (late effects) മാസങ്ങൾക്കോ വർഷങ്ങൾക്കോ ശേഷമായിരിക്കും കാണപ്പെടുക. ഹൃദയം, ശ്വാസകോശം, നാഡികൾ, അസ്ഥികൾ, ഹോർമോൺ, പ്രത്യുൽപ്പാദന ശേഷി, മാനസിക ആരോഗ്യം എന്നിവയെ ബാധിക്കാനുള്ള സാധ്യത നിങ്ങൾ എടുത്ത ചികിത്സയ്ക്ക് അനുസരിച്ച് മാറും. നിങ്ങളുടെ ചികിത്സാ സംഗ്രഹം (treatment summary), അതിജീവന പദ്ധതി (survivorship plan) എന്നിവ സുരക്ഷിതമായി സൂക്ഷിക്കുക. ഭാവിയിൽ പുതിയ ലക്ഷണങ്ങൾ എന്തെങ്കിലും കണ്ടാൽ മുൻപ് എടുത്ത അർബുദ ചികിത്സയുടെ വിശദാംശങ്ങൾ കാണുന്ന ഡോക്ടറെ കൃത്യമായി അറിയിക്കുക.
ശരീരതാപനില 38.0°C അല്ലെങ്കിൽ അതിലധികമാകുന്നത്, പ്രത്യേകിച്ച് കീമോതെറാപ്പി (chemotherapy) കഴിഞ്ഞുള്ള ദിവസങ്ങളിലോ ആഴ്ചകളിലോ ആണെങ്കിൽ, അത് ശ്വേതരക്താണുക്കളുടെ (WBC) കുറവുമൂലമുള്ള കടുത്ത അണുബാധ (neutropenic sepsis) ആകാൻ സാധ്യതയുണ്ട്. ഉടൻ തന്നെ അർബുദ ഡോക്ടറെ ബന്ധപ്പെടുക അല്ലെങ്കിൽ അടിയന്തര വിഭാഗത്തിൽ (emergency department) എത്തുക; അടുത്ത ദിവസം വരെ കാത്തിരിക്കരുത്. പാരസെറ്റമോൾ മാത്രം കഴിച്ച് പനി മറച്ചുവെക്കുകയോ വീട്ടിലുള്ള ആന്റിബയോട്ടിക്കുകൾ (antibiotics) സ്വന്തമായി കഴിക്കുകയോ ചെയ്യരുത്. കീമോതെറാപ്പി എടുക്കുന്ന വിവരം ആശുപത്രിയിലെ മുൻഗണനാ വിഭാഗത്തിൽ (triage staff) ഉടൻ അറിയിക്കണം.
ആകാം. സ്റ്റിറോയ്ഡ് (steroid) ഉപയോഗിക്കുന്നവരിലും പ്രായമായവരിലും ശ്വേതരക്താണുക്കൾ കുറഞ്ഞ രോഗികളിലും (neutropenic patients) പനിയില്ലാതെയും, കുറഞ്ഞ താപനിലയിലും കടുത്ത അണുബാധ വരാം. കുളിര് (chills), മനസ്സിൽ ആശയക്കുഴപ്പം (confusion), വേഗതയിലുള്ള ശ്വാസമെടുപ്പ് (fast breathing), തലചുറ്റൽ (dizziness), കടുത്ത തളർച്ച (extreme weakness), മൂത്രം കുറയൽ (reduced urine), catheter ഇട്ട ഭാഗത്ത് ചുവപ്പ് നിറം എന്നിവയുണ്ടെങ്കിൽ അടിയന്തര പരിശോധന ആവശ്യമാണ്. "പനിയില്ലല്ലോ" എന്ന് കരുതി ചികിത്സ വൈകിക്കരുത്.
ശ്വാസകോശത്തിൽ രക്തം കട്ട പിടിക്കുന്ന അവസ്ഥ (pulmonary embolism), അണുബാധ (infection), ശ്വാസകോശ വീക്കം (pneumonitis), ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, കഠിനമായ രക്തക്കുറവ് (severe anaemia), മരുന്നുകളോടുള്ള അലർജി (allergic reaction) എന്നിവ ഇതിന് കാരണമാകാം. വിശ്രമിക്കുമ്പോഴും ശ്വാസതടസ്സം, ചുണ്ടുകളിൽ നീലനിറം (blue lips), നെഞ്ചിൽ ഭാരം/അമർത്തൽ (chest pressure), തലകറങ്ങി വീഴുക (fainting), ചുമയ്ക്കുമ്പോൾ രക്തം വരിക (coughing blood) എന്നിവയുണ്ടെങ്കിൽ അടിയന്തര ചികിത്സ തേടുക. സ്വയം വാഹനം ഓടിക്കരുത്. മരുന്നുകളുടെ പട്ടിക, അവസാനമായി എടുത്ത പരിശോധനാ റിപ്പോർട്ടുകൾ, രക്തം കട്ടപിടിക്കാതിരിക്കാൻ കഴിക്കുന്ന മരുന്നുകളുടെ (anticoagulant) വിവരങ്ങൾ എന്നിവ കൈയിൽ കരുതുക.
രക്തം വരുന്ന ഭാഗത്ത് വൃത്തിയുള്ള തുണികൊണ്ട് തുടർച്ചയായി അമർത്തിപ്പിടിക്കുക (firm pressure); 10–15 മിനിറ്റ് കഴിഞ്ഞിട്ടും രക്തം നിൽക്കാതിരിക്കുക, അമിതമായ രക്തസ്രാവം, രക്തം ഛർദ്ദിക്കുക, കറുത്ത നിറത്തിൽ മലം പോകുക, മൂത്രത്തിൽ രക്തം കാണുക, കടുത്ത തലവേദന എന്നിവയുണ്ടെങ്കിൽ അടിയന്തര ചികിത്സ തേടുക. ആസ്പിരിൻ/വേദന സംഹാരികൾ/രക്തം നേർപ്പിക്കുന്ന മരുന്നുകൾ (Aspirin/NSAID/anticoagulants) കഴിക്കുന്നുണ്ടെങ്കിൽ ആ വിവരം ഡോക്ടറെ അറിയിക്കുക. രക്തഫലകങ്ങളുടെ അളവ് (platelet count) അറിയാൻ റിപ്പോർട്ടിനായി കാത്തുനിൽക്കരുത്.
മൂത്രത്തിന്റെ അളവ് വളരെ കുറയുക, തലചുറ്റൽ/തളർച്ച, ആശയക്കുഴപ്പം (confusion), വായ് വരൾച്ച, അമിത നെഞ്ചിടിപ്പ് (fast heartbeat) എന്നിവ നിർജ്ജലീകരണ (dehydration) സൂചനകളാണ്. 12–24 മണിക്കൂറായി ആഹാരമോ വെള്ളമോ ഇറക്കാൻ കഴിയാതിരിക്കുകയോ ലക്ഷണങ്ങൾ വേഗത്തിൽ വഷളാവുകയോ ചെയ്താൽ അന്നുതന്നെ അടിയന്തര പരിശോധന തേടണം. വൃക്ക രോഗമുള്ളവർ (kidney disease), പ്രായമായവർ, കൃത്രിമ മലദ്വാരം ഉള്ളവർ (ileostomy), വയറിളക്കമുള്ളവർ എന്നിവരുടെ ആരോഗ്യം വേഗത്തിൽ മോശമാകാൻ സാധ്യതയുണ്ട്.
തുടർച്ചയായി വെള്ളം പോലെ മലം പോകുക, രക്തത്തിന്റെ അംശം കാണുക, പനി, കടുത്ത വയറുവേദന, തലചുറ്റൽ, മൂത്രം കുറയൽ, വെള്ളം കുിക്കാൻ കഴിയാതിരിക്കുക എന്നിവയുണ്ടെങ്കിൽ അടിയന്തര പരിശോധന ആവശ്യമാണ്. ചില ക്യാൻസർ മരുന്നുകൾ എടുക്കുമ്പോഴുണ്ടാകുന്ന വയറിളക്കം വിട്ടുമാറാത്ത കടുത്ത കുടൽവീക്കമായി (colitis) മാറാൻ സാധ്യതയുണ്ട്. ചികിത്സാ സംഘം പറയാതെ ലോപ്പറമൈഡ് (loperamide), ആന്റിബയോട്ടിക് (antibiotic), സ്റ്റിറോയ്ഡ് (steroid) മരുന്നുകൾ കഴിക്കരുത്. മലവിസർജനത്തിന്റെ എണ്ണവും സമയവും കുറിച്ചുവെക്കുക.
അർബുദം തലച്ചോറിലേക്ക് പടരുന്നത് (brain involvement), മസ്തിഷ്കാഘാതം (stroke), അണുബാധ, ശരീരത്തിലെ ലവണങ്ങളുടെ വ്യതിയാനം (electrolyte imbalance), രക്തത്തിൽ ഗ്ലൂക്കോസ് കുറയുന്നത് (low glucose), മരുന്നുകളുടെ പാർശ്വഫലങ്ങൾ (medicine toxicity) എന്നിവ ഇതിന് കാരണമാകാം. അപസ്മാരം (seizure/fits) ഉണ്ടാകുമ്പോൾ വായിൽ യാതൊന്നും തിരുകരുത്; രോഗിയെ വശത്തേക്ക് ചരിച്ചു കിടത്തി പരിക്കുകൾ പറ്റാതെ സൂക്ഷിച്ച് അടിയന്തര സഹായം വിളിക്കുക. മുഖത്ത് ഒരുവശത്തേക്ക് കോടൽ (facial droop), സംസാരത്തിൽ തടസ്സം (speech difficulty), ഒരു വശത്തെ തളർച്ച (one-sided weakness), കടുത്ത തലവേദന എന്നിവ മസ്തിഷ്കാഘാതത്തിന്റെ (stroke emergency) ലക്ഷണങ്ങളായി കണ്ട് ഉടൻ ചികിത്സ തേടുക. അടുത്ത സന്ദർശന ദിവസം (appointment) വരെ കാത്തിരിക്കരുത്.
(itching), ശരീരം ചുവന്നു തടുക്കുക (flushing/rash), കുളിര് (chills), പുറത്തോ നെഞ്ചിലോ അസ്വസ്ഥത, തലചുറ്റൽ, ചുമ, ശ്വാസതടസ്സം, തൊണ്ടയിൽ മുറുക്കം (throat tightness) എന്നിവ അനുഭവപ്പെട്ടാൽ ഉടൻ നഴ്സിനെ (nurse) വിവരമറിയിക്കുക. മരുന്ന് കുത്തിവെപ്പ് (infusion) സ്വയം മാറ്റാൻ ശ്രമിക്കരുത്; ജീവനക്കാർ അത് നിർത്തി നിങ്ങളുടെ രക്തസമ്മർദ്ദവും മറ്റും പരിശോധിച്ച് ആവശ്യമായ മരുന്നുകൾ നൽകും. മുഖം/ചുണ്ട്/നാവ് എന്നിവയിലെ വീക്കം, ശ്വാസതടസ്സം, തളർന്നു വീഴൽ എന്നിവ ഗുരുതരമായ അലർജിയാണ് (anaphylaxis). ചെറിയ ലക്ഷണമാണെന്ന് കരുതി മറച്ചുവെക്കരുത്; അടുത്ത ഡോസ് നിശ്ചയിക്കാൻ ഈ വിവരങ്ങൾ വളരെ പ്രധാനമാണ്.
അർബുദവും അതിന്റെ ചികിത്സകളും രക്തക്കുഴലുകളിൽ രക്തം കട്ടപിടിക്കാനുള്ള സാധ്യത (deep-vein thrombosis) കൂട്ടാം. ഒരു കാലിൽ മാത്രം പെട്ടെന്ന് വീക്കം (swelling), ചൂട് (warmth), ചുവപ്പുനിറം (redness), കാലിലോ തുടയിലോ വേദന (calf/thigh pain) എന്നിവ കണ്ടാൽ അന്നുതന്നെ അടിയന്തര പരിശോധന നടത്തണം. ഇതിനൊപ്പം ശ്വാസതടസ്സം, നെഞ്ചുവേദന, തലചുറ്റൽ എന്നിവ കൂടിയുണ്ടെങ്കിൽ അത് ശ്വാസകോശത്തിലേക്ക് രക്തക്കട്ട സഞ്ചരിച്ചതിന്റെ ലക്ഷണമാകാം (pulmonary embolism). കാലിൽ എണ്ണയിട്ട് തിരുമ്മരുത്; രക്തം നേർപ്പിക്കുന്ന മരുന്നുകൾ (anticoagulant) സ്വയം കഴിക്കരുത്.
അർബുദ രോഗികളിൽ വിട്ടുമാറാത്തതോ വേഗത്തിൽ കടുക്കുന്നതോ ആയ നടുവേദന, രാത്രിയിൽ കൂട്ടുന്ന വേദന, ചുമയ്ക്കുമ്പോഴും ആയാസപ്പെടുമ്പോഴും കൂടു കടുത്ത വേദന എന്നിവ അസ്ഥികളിലേക്ക് അർബുദം പടർന്നതിന്റെ സൂചനയാകാം. കാലുകൾക്ക് തളർച്ച/മരവിപ്പ് (leg weakness/numbness), നടക്കാൻ ബുദ്ധിമുട്ട്, സ്വകാര്യ ഭാഗങ്ങളിൽ മരവിപ്പ് (saddle numbness), മൂത്രമോ മലമോ അറിയാതെ പോകുക/തടസ്സപ്പെടുക എന്നിവ നട്ടെല്ലിലെ ഞരമ്പുകൾ അമരുന്നതിന്റെ (spinal cord compression) മുന്നറിയിപ്പുകളാണ്. ഉടൻ തന്നെ അടിയന്തര പരിശോധനയും എം.ആർ.ഐ (MRI) സ്കാനും ആവശ്യമാണ്. തിരുമ്മൽ ചികിത്സകൾ ചെയ്യുകയോ അടുത്ത ക്ലിനിക്ക് ദിവസം വരെ കാത്തിരിക്കുകയോ ചെയ്യരുത്.
പുതിയ ശ്വാസതടസ്സം/ചുമ, വിട്ടുമാറാത്ത വയറിളക്കം, കടുത്ത വയറുവേദന, മഞ്ഞപ്പിത്തം (jaundice), കടുത്ത തളർച്ച, അസഹനീയമായ തലവേദന, കാഴ്ചയിലെ മാറ്റങ്ങൾ, ആശയക്കുഴപ്പം (confusion), മൂത്രത്തിന്റെ അളവ് കുറയൽ, ശരീരം മുഴുവൻ പടരുന്ന തടിപ്പുകൾ (rash) എന്നിവ പ്രതിരോധവ്യവസ്ഥ ശരീരത്തിലെ അവയവങ്ങൾക്കെതിരെ പ്രവർത്തിക്കുന്നത് കൊണ്ടുള്ള വീക്കമാകാം (immune-related organ inflammation). അവസാന ഡോസ് കഴിഞ്ഞ് മാസങ്ങൾക്ക് ശേഷവും ഇവ കാണപ്പെടാം. കാണുന്ന എല്ലാ ഡോക്ടർമാരോടും നിങ്ങൾ ഇമ്മ്യൂണോതെറാപ്പി ചികിത്സ എടുത്തിട്ടുള്ള വിവരം പറയണം. സ്റ്റിറോയ്ഡ് (steroid) മരുന്നുകൾ സ്വന്തമായി തുടങ്ങുകയോ ഡോക്ടർ നിർദേശിച്ച സ്റ്റിറോയ്ഡ് പെട്ടെന്ന് നിർത്തുകയോ ചെയ്യരുത്.
നിർജ്ജലീകരണം (dehydration), അണുബാധ, മൂത്ര-തടസ്സങ്ങൾ, വൃക്ക തകരാറുകൾ, കോശങ്ങൾ പെട്ടെന്ന് നശിക്കുന്നത് മൂലമുള്ള അവസ്ഥ (tumour lysis), മരുന്നുകളുടെ പാർശ്വഫലങ്ങൾ എന്നിവ ഇതിന് കാരണമാകാം. മണിക്കൂറുകളോളം മൂത്രം വളരെ കുറയുക, ശരീരത്തിൽ വീക്കം, ശ്വാസതടസ്സം, ആശയക്കുഴപ്പം, കടുത്ത ഛർദ്ദി/വയറിളക്കം എന്നിവയുണ്ടെങ്കിൽ അടിയന്തര പരിശോധന അത്യന്താപേക്ഷിതമാണ്. ഹൃദയ/വൃക്ക പ്രശ്നങ്ങളുള്ളവർ നിർബന്ധിച്ച് അമിതമായി വെള്ളം കുടിക്കുന്നത് അപകടകരമാണ്. കുടിച്ച ദ്രാവകത്തിന്റെ അളവ്, മൂത്രമൊഴിച്ച സമയം, കഴിച്ച മരുന്നുകൾ എന്നിവ ചികിത്സാ സംഘത്തെ അറിയിക്കുക.
ശരീരത്തിൽ ദ്രാവകം കെട്ടിക്കിടക്കൽ (fluid retention), ഹൃദയം/വൃക്ക/കരൾ സംബന്ധമായ പ്രശ്നങ്ങൾ, രക്തക്കുഴലുകളിലെ തടസ്സം, മരുന്നുകളുടെ പാർശ്വഫലങ്ങൾ എന്നിവ കാരണമാകാം. മുഖത്തും കഴുത്തിലും വീക്കം, നെഞ്ചിലെ രക്തക്കുഴലുകൾ തെളിഞ്ഞു കാണുക, ശ്വാസതടസ്സം എന്നിവ അടിയന്തിര രക്തക്കുഴൽ തടസ്സ അവസ്ഥയാകാം (superior vena cava obstruction). ഒരൊറ്റ ദിവസത്തിനുള്ളിൽ വേഗത്തിൽ വീക്കം കൂടുകയോ ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുകയോ ചെയ്താൽ ഉടൻ പരിശോധന തേടുക. മൂത്രം പോകാനുള്ള മരുന്നുകൾ (diuretic) സ്വന്തമായി ഉപയോഗിക്കരുത്.
ഓൺകോളജിസ്റ് നൽകിയ അടിയന്തര വേദന നിവാരണ പദ്ധതി (breakthrough pain plan) ഉണ്ടെങ്കിൽ അത് കൃത്യമായി പാലിക്കുക; മരുന്ന് വീണ്ടും കഴിക്കേണ്ട ഇടവേള വ്യക്തമായിരിക്കണം. കടുത്ത പുതിയ വേദന, അസ്ഥികൾക്ക് പൊട്ടൽ ഉള്ളതായി സംശയം, വയർ കല്ല് പോലെ കട്ടിയാകുക, നെഞ്ചുവേദന, ഞരമ്പുകളെ ബാധിക്കുന്ന ലക്ഷണങ്ങൾ, ആശയക്കുഴപ്പം എന്നിവയുണ്ടെങ്കിൽ അടിയന്തര പരിശോധന തേടണം. ഈ വിഭാഗത്തിൽപെട്ട വേദന സംഹാരികളുടെ (opioid dose) അളവ് സ്വയം ഇരട്ടിയാക്കരുത്. അമിതമായ ഉറക്കം, ശ്വാസമെടുപ്പ് വളരെ പതുക്കെയാകുക, വിളിച്ചാൽ ഉണരാതിരിക്കുക എന്നിവ മരുന്നിന്റെ പാർശ്വഫലം (opioid toxicity) കൂടിയതിന്റെയോ രോഗം മൂർച്ഛിക്കുന്നതിന്റെയോ ലക്ഷണമാകാം.
ചികിത്സാ സംഘത്തിന്റെ, പകൽ സമയത്തെ,യും രാത്രിയിലെയും അടിയന്തര ഫോൺ നമ്പറുകൾ, അടുത്തുള്ള ആശുപത്രിയിലെ അടിയന്തര വിഭാഗം നമ്പർ (emergency department), നിലവിൽ കഴിക്കുന്ന മരുന്നുകൾ, അലർജികൾ, രോഗവിവരം, അവസാനം ചികിത്സ എടുത്ത തീയതി, പോർട്ട്/പി.ഐ.സി.സി (port/PICC) രേഖകൾ എന്നിവ ഒരൊറ്റ പേജിൽ എഴുതി സൂക്ഷിക്കുക. thermometer, പരിശോധനാ റിപ്പോർട്ടുകൾ, തിരിച്ചറിയൽ കാർഡ്, ഇൻഷുറൻസ് വിവരങ്ങൾ, വാഹന സൗകര്യം എന്നിവ എപ്പോഴും തയ്യാറാക്കി വെക്കുക. രോഗിയെ പരിചരിക്കുന്നയാൾക്ക് രോഗിയുടെ ഗുരുതര ലക്ഷണങ്ങളെക്കുറിച്ചും (red flags) എപ്പോഴാണ് ആംബുലൻസ് വിളിക്കേണ്ടതെന്നും വ്യക്തമായ ധാരണയുണ്ടായിരിക്കണം. അടിയന്തര സാഹചര്യങ്ങളിൽ വാട്സാപ്പ് (WhatsApp) സന്ദേശങ്ങൾക്ക് മറുപടി വരുന്നത് വരെ കാത്തിരിക്കരുത്.
Need an individual medical opinion?
Cancer diagnosis and treatment decisions must be based on the complete medical history, examination, pathology and imaging findings.
For appointment enquiries only. WhatsApp is not an emergency service.
Medical disclaimer
This information is intended for general patient education and does not replace consultation with a qualified healthcare professional. Diagnosis, treatment and supportive care must be individualised according to the cancer type, stage, overall health and treatment plan.
Book an oncology consultation
Medically reviewed by
Dr. Allwin GeorgeMBBS, MD (Radiation Oncology), DM (Medical Oncology)
Consultant Medical and Haemato-Oncologist
Last medically reviewed: 23 August 2026