Cancer Information in Malayalam
Supportive and Palliative Care
Pain relief, breathlessness, appetite and symptom control, palliative and hospice care, advance-care planning and caregiver support.

Prepared and medically reviewed by
Dr. Allwin George
MBBS, MD (Radiation Oncology), DM (Medical Oncology)
Consultant Medical and Haemato-Oncologist
Meet Dr. Allwin Georgeപരിചരിക്കുന്നവർക്ക് (caregiver) കടുത്ത തളർച്ച (exhaustion), ദേഷ്യം (irritability), ഉറക്കമില്ലായ്മ, സ്വന്തം ആരോഗ്യം ശ്രദ്ധിക്കാതിരിക്കൽ, നിരാശ (helplessness) എന്നിവ അനുഭവപ്പെടാം. ചുമതലകൾ മറ്റുള്ളവരുമായി പങ്കുവെക്കുക, മരുന്നുകളുടെയും സന്ദർശനങ്ങളുടെയും പട്ടിക സൂക്ഷിക്കുക, ഇടയ്ക്ക് വിശ്രമം എടുക്കുക, സ്വന്തം ഡോക്ടറെ കാണുക. എല്ലാ ഉത്തരവാദിത്തങ്ങളും ഒരാൾ തന്നെ ഏറ്റെടുക്കേണ്ടതില്ല. പരിചരിക്കുന്നയാൾ തളർന്നുപോയാൽ അത് രോഗിയുടെ പരിചരണത്തെയും ബാധിക്കും.
ക്യാൻസറുള്ള അവസ്ഥയിലും രോഗിയുടെ ജീവിതനിലവാരം ഏറ്റവും മികച്ചതായി നിലനിർത്തുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. വേദന, ശ്വാസംമുട്ടൽ, ഛർദ്ദിൽ, ഉറക്കമില്ലായ്മ, ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനുമുള്ള ബുദ്ധിമുട്ട്, മലം പോകാനും മൂത്രം ഒഴിക്കാനുമുള്ള ബുദ്ധിമുട്ട്, കഠിനമായ ക്ഷീണം തുടങ്ങിയ ശാരീരിക ബുദ്ധിമുട്ടുകൾ മാറ്റുന്നതോടൊപ്പം രോഗിയുടെ മാനസികവും സാമൂഹികവും ആത്മീയവും ആയ മറ്റു പ്രായോഗിക പ്രശ്നങ്ങളും ഇവിടെ പരിഗണിക്കുന്നു. രോഗത്തിന്റെ സ്റ്റേജ് ഏതുമാകട്ടെ, രോഗിക്കും കുടുംബത്തിനും എന്തൊക്കെ ആവശ്യങ്ങളുണ്ടോ അതിനാണ് ഇവിടെ മുൻഗണന നൽകുന്നത്.
ഒരിക്കലുമല്ല. രോഗം തിരിച്ചറിയുന്ന ആദ്യ ഘട്ടത്തിൽ തന്നെ പാലിയേറ്റീവ് പരിചരണവും തുടങ്ങാം. കീമോതെറാപ്പി, റേഡിയേഷൻ, ശസ്ത്രക്രിയ, ടാർഗറ്റഡ് തെറാപ്പി, ഇമ്യൂണോതെറാപ്പി എന്നിവ തുടരുമ്പോൾ തന്നെ കൂടെ നൽകാവുന്ന ഒന്നാണിത്. തുടക്കത്തിലേ ഈ സഹായം ലഭിക്കുന്നത് ബുദ്ധിമുട്ടുകൾ കടുപ്പമാകാതെ തടയാനും, ചികിത്സാ തീരുമാനങ്ങൾ എടുക്കാൻ കരുത്തുപകരാനും സഹായിക്കും. പാലിയേറ്റീവ് കെയർ നൽകുന്നു എന്നതിനർത്ഥം ക്യാൻസർ ചികിത്സ നിർത്തണം എന്നല്ല.
രോഗത്തിന്റെ ഏതു ഘട്ടത്തിലും, ക്യാൻസർ മാറ്റാനുള്ള ചികിത്സ നടക്കുന്നതിനൊപ്പം തന്നെ നൽകാൻ സാധിക്കുന്നതാണ് പാലിയേറ്റീവ് കെയർ. എന്നാൽ രോഗം അല്പം സങ്കീർണ്ണമാവുകയും, ആയുസ്സ് നീട്ടാനുള്ള ചികിത്സകൾ കൊണ്ട് ഇനി കാര്യമായ പ്രയോജനമില്ലെന്ന് വരുകയോ അല്ലെങ്കിൽ അത് തുടരാൻ രോഗി താല്പര്യപ്പെടാതിരിക്കുകയോ ചെയ്യുമ്പോൾ നൽകുന്ന ആശ്വാസ പരിചരണമാണ് ഹോസ്പിസ് കെയർ അല്ലെങ്കിൽ ജീവിതാവസാന പരിചരണം. ഈ പരിചരണ രീതികളുടെ ലഭ്യത ഓരോ പ്രദേശത്തിനനുസരിച്ചും വ്യത്യാസപ്പെടാം.
ഡോക്ടർമാർ, നഴ്സുമാർ, പെയിൻ സ്പെഷ്യലിസ്റ്റുകൾ, സൈക്കോളജിസ്റ്റുകൾ, സോഷ്യൽ വർക്കർമാർ, ഫിസിയോതെറാപ്പിസ്റ്റുകൾ, ഡയറ്റീഷ്യൻമാർ, ഫാർമസിസ്റ്റുകൾ, ആത്മീയ ആശ്വാസം നൽകുന്നവർ, കൗൺസിലർമാർ എന്നിവരൊക്കെ ഈ സംഘത്തിൽ ഉണ്ടാകാം. ഇവർ നിങ്ങളുടെ പ്രധാന ക്യാൻസർ ചികിത്സാ ടീമിനൊപ്പം ചേർന്നാണ് പ്രവർത്തിക്കുന്നത്, അല്ലാതെ അതിന് ഒരു പകരക്കാരല്ല.
വേദനയോ മറ്റു ബുദ്ധിമുട്ടുകളോ നിയന്ത്രിക്കാൻ കഷ്ടപ്പെടുമ്പോൾ, ചികിത്സാ തീരുമാനങ്ങൾ മനസ്സിന് അമിതഭാരമാകുമ്പോൾ, ഇടയ്ക്കിടെയുള്ള ആശുപത്രി യാത്രകൾ ദൈനംദിന ജീവിതത്തെ ബാധിക്കുമ്പോൾ, അതുമല്ലെങ്കിൽ കുടുംബത്തിന് മാനസികമായോ പ്രായോഗികമായോ ഒരു പിന്തുണ വേണമെന്ന് തോന്നുമ്പോൾ ഈ സഹായം തേടാം. രോഗം അല്പം കൂടിയ അവസ്ഥയാണെങ്കിൽ, നിലവിൽ വലിയ ലക്ഷണങ്ങൾ ഇല്ലെങ്കിൽ പോലും ഈ പരിചരണം വളരെ ഉപകാരപ്പെടും; അവസ്ഥ കൂടുതൽ വഷളാകുന്നതുവരെ കാത്തിരിക്കേണ്ടതില്ല.
വേദന എവിടെയാണ്, എത്രത്തോളമുണ്ട്, ഏതുതരം വേദനയാണ്, എപ്പോഴൊക്കെയാണ് വരുന്നത്, എന്തൊക്കെ ചെയ്യുമ്പോൾ വേദന കൂട്ടുന്നു, ഉറക്കത്തെയും ദൈനംദിന കാര്യങ്ങളെയും എങ്ങനെ ബാധിക്കുന്നു, മുമ്പ് കഴിച്ച മരുന്നുകൾ ഏതെല്ലാമാണ് എന്നിവയെല്ലാം ഡോക്ടർ ചോദിച്ചറിയും. ക്യാൻസർ കൊണ്ടോ, അതിന്റെ ചികിത്സ കൊണ്ടോ, ഞരമ്പുകൾക്കുണ്ടാകുന്ന കേടുപാടുകൾ കൊണ്ടോ, അണുബാധ കൊണ്ടോ അല്ലെങ്കിൽ മറ്റു രോഗങ്ങൾ കൊണ്ടോ വേദന വരാം. അതുകൊണ്ട് പുതിയൊരു വേദന കണ്ട ഉടൻ രോഗം കൂടുന്നതാണെന്ന് സ്വയം കരുതി ഭയക്കേണ്ടതില്ല; കൃത്യമായ പരിശോധനകളിലൂടെ അത് കണ്ടെത്താനാകും.
ക്യാൻസർ വേദനയ്ക്കായി ഡോക്ടറുടെ നിർദ്ദേശപ്രകാരവും കൃത്യമായ നിരീക്ഷണത്തോടെയും കഴിക്കുമ്പോൾ ഈ മരുന്നുകൾ വേദന മാറ്റി രോഗിക്ക് ആശ്വാസവും സമാധാനവും നൽകും. ഇത് ദീർഘകാലം കഴിക്കുമ്പോൾ ശരീരം അതിനോട് പൊരുത്തപ്പെടാറുണ്ട് (Tolerance). എന്നാൽ ഇത് ഒരു ലഹരിയായി മാറി നിയന്ത്രണമില്ലാതെ കഴിക്കുന്ന അഡിക്ഷൻ (Addiction) എന്ന അവസ്ഥയിൽ നിന്നും തികച്ചും വ്യത്യസ്തമാണ്. ഡോക്ടർ കുറിച്ചുതന്ന അളവിൽ മാത്രം മരുന്ന് കഴിക്കുക, സുരക്ഷിതമായി സൂക്ഷിക്കുക, മറ്റാർക്കും കഴിക്കാൻ നൽകരുത്.
ഒരിക്കലുമല്ല. ഇടത്തരം വേദനയ്ക്കോ കഠിനമായ വേദനയ്ക്കോ, ചില സാഹചര്യങ്ങളിൽ ശ്വാസംമുട്ടൽ കുറയ്ക്കാനോ ഒക്കെ രോഗത്തിന്റെ ഏതു ഘട്ടത്തിലും ഡോക്ടർമാർ മോർഫിൻ നിർദ്ദേശിക്കാറുണ്ട്. മോർഫിൻ പോലുള്ള മരുന്നുകൾ ആവശ്യമായി വരുന്നത് ബുദ്ധിമുട്ടിന്റെ തീവ്രത കൊണ്ടാണ്; അല്ലാതെ അത് ആയുസ്സ് കുറഞ്ഞതിന്റെ സൂചനയല്ല.
മലബന്ധം വളരെ സാധാരണയായി കാണാറുണ്ട്; അതിനാൽ പലർക്കും വയറൊഴിയാനുള്ള മരുന്നുകൾ സ്ഥിരമായി കഴിക്കേണ്ടി വരും. മരുന്ന് പുതിയതായി തുടങ്ങുമ്പോഴോ ഡോസ് കൂട്ടുമ്പോഴോ ഛർദ്ദിൽ, നേരിയ മയക്കം, ചൊറിച്ചിൽ, തലച്ചോറിന് ചെറിയ ആശയക്കുഴപ്പം എന്നിവ വന്നേക്കാം. എന്നാൽ അമിതമായ മയക്കം, വളരെ പതുക്കെയുള്ള ശ്വാസമെടുപ്പ്, രോഗിയെ വിളിച്ചാൽ ഉണർത്താൻ കഴിയാത്ത അവസ്ഥ എന്നിവ കണ്ടാൽ ഉടനടി വൈദ്യസഹായം തേടേണ്ട അടിയന്തിരാവസ്ഥയാണ് ( emergency). മദ്യവും മറ്റു മയക്കുമരുന്നുകളും ഇത്തരം അപായസാധ്യതകൾ വർദ്ധിപ്പിക്കും.
സ്ഥിരമായുള്ള വേദന മരുന്നുകൾ കൊണ്ട് നിയന്ത്രണത്തിലായിരിക്കുന്ന സമയത്തും, ഇടയ്ക്ക് പെട്ടെന്ന് കഠിനമായ വേദന മിന്നൽ പോലെ വന്നെത്തുന്ന അവസ്ഥയാണിത്. ഇതിനായി വേഗത്തിൽ ആശ്വാസം തരുന്ന മരുന്നുകൾ (Rescue dose) ഡോക്ടർമാർ കുറിച്ചുതരാറുണ്ട്. ഇവ കഴിക്കേണ്ട സമയവും ഒരു ദിവസം പരമാവധി എത്ര തവണ കഴിക്കാം എന്ന പരിധിയും ഉണ്ടാകും. ഇത്തരം റെസ്ക്യൂ ഡോസുകൾ ഒരുപാട് തവണ കഴിക്കേണ്ടി വരുന്നുണ്ടെങ്കിൽ നിങ്ങളുടെ സ്ഥിരമായുള്ള വേദനാ സംഹാര പദ്ധതി പുതുക്കേണ്ടതുണ്ട്. സ്വയം മരുന്നിന്റെ അളവ് കൂട്ടരുത്.
തീർച്ചയായും, വേദനയുടെ കാരണം നോക്കി പാലിയേറ്റീവ് റേഡിയേഷൻ നൽകുക, ശസ്ത്രക്രിയ, ഞരമ്പുകളിലേക്കുള്ള വേദന തടയുന്ന ഇൻജക്ഷനുകൾ (Nerve blocks), നട്ടെല്ലിലേക്ക് നേരിട്ട് മരുന്ന് നൽകുന്ന രീതി (Epidural/Intrathecal), അടിവയറ്റിലോ ശ്വാസകോശത്തിലോ കെട്ടിനിൽക്കുന്ന വെള്ളം കുത്തിയെടുക്കുക, എല്ലുകൾക്ക് ബലം നൽകുക തുടങ്ങിയ വിവിധ രീതികൾ ഉപയോഗപ്പെടുത്താം. ഇതിന്റെ ഗുണദോഷങ്ങളും ഇത് ഫലം കാണാൻ എടുക്കുന്ന സമയവും ഡോക്ടറുമായി സംസാരിക്കാം. ഇതിനൊപ്പവും സാധാരണ വേദന സംഹാര മരുന്നുകൾ കഴിക്കേണ്ടി വരാറുണ്ട്.
ശ്വാസകോശത്തിലെ അണുബാധ, ശ്വാസകോശത്തിന് ചുറ്റും വെള്ളം കെട്ടിനിൽക്കുന്നത്, രക്തക്കുറവ് (അനീമിയ), രക്തം കട്ടപിടിക്കുന്നത്, ശ്വാസനാളത്തിലെ തടസ്സങ്ങൾ എന്നിങ്ങനെ ചികിത്സിച്ചു മാറ്റാൻ പറ്റുന്ന കാരണങ്ങൾ ഉണ്ടോയെന്നാണ് ആദ്യം പരിശോധിക്കുക. ശരിയായ രീതിയിൽ നിവർന്നിരിക്കുന്നത്, ഫാനിന്റെ കാറ്റ് മുഖത്തേക്ക് അടിക്കുന്നത്, പ്രത്യേക ശ്വാസപരിശീലനങ്ങൾ, ആവശ്യമെങ്കിൽ ഓക്സിജൻ നൽകുന്നത്, കെട്ടിനിൽക്കുന്ന ദ്രാവകം നീക്കം ചെയ്യുന്നത്, മരുന്നുകൾ നൽകുന്നത് എന്നിവ ആശ്വാസം തരും. എന്നാൽ പെട്ടെന്നുണ്ടാകുന്നതോ കഠിനമായതോ ആയ ശ്വാസംമുട്ടൽ ഉടൻ തന്നെ ഡോക്ടറെ കാണിക്കേണ്ട അടിയന്തിര സാഹചര്യമാണ്.
തീർച്ചയായും. മലബന്ധം, കഴിക്കുന്ന മരുന്നുകൾ, വായയിലെ അണുബാധകൾ, ദഹനവ്യവസ്ഥയിലെ തടസ്സങ്ങൾ, വിഷാദം എന്നിങ്ങനെ മാറ്റിയെടുക്കാൻ പറ്റുന്ന കാരണങ്ങൾ ആദ്യം കണ്ടെത്തണം. ഛർദ്ദിൽ മാറാനുള്ള മരുന്നുകൾ, ഇഷ്ടമുള്ള ഭക്ഷണം കുറഞ്ഞ അളവിൽ പലതവണയായി നൽകൽ, ഡയറ്റീഷ്യന്റെ നിർദ്ദേശങ്ങൾ, വിശപ്പ് കൂട്ടാനുള്ള ചില മരുന്നുകൾ എന്നിവ സഹായിക്കും. ക്യാൻസർ കാരണം ശരീരം മെലിയുന്നത് (Cachexia) കാണുമ്പോൾ അമിതമായി നിർബന്ധിച്ച് ഭക്ഷണം കഴിപ്പിച്ചാൽ ഇത് മാറണമെന്നില്ല. രോഗിയുടെ ആശ്വാസത്തിനും ഉന്മേഷത്തിനും ഉതകുന്ന രീതിയിലുള്ള ഭക്ഷണക്രമമാണ് ഉണ്ടാക്കേണ്ടത്.
രോഗത്തിന്റെ അവസാന ഘട്ടങ്ങളിൽ, ലഭ്യമായ എല്ലാ വിദഗ്ധ ചികിത്സകൾ നൽകിയിട്ടും മാറ്റിനിർത്താൻ കഴിയാത്ത കഠിനമായ അസ്വസ്ഥതകളും വേദനകളും അനുഭവപ്പെടുമ്പോൾ, രോഗിയെ മരുന്നുകൾ നൽകി മയക്കി കിടത്തുന്ന രീതിയാണിത്. രോഗിയുടെ കഷ്ടപ്പാടുകൾ ഒഴിവാക്കുക മാത്രമാണ് ഇതിന്റെ ലക്ഷ്യം, അല്ലാതെ മരണം വേഗത്തിലാക്കുകയല്ല. വിദഗ്ധരായ ഡോക്ടർമാരുടെ കൃത്യമായ പരിശോധനകൾക്കും രോഗിയുടെയോ ബന്ധുക്കളുടെയോ അനുമതിക്കും ശേഷം മാത്രമാണ് ഇത് ചെയ്യാറുള്ളത്. ഇത് സാധാരണയായി നൽകുന്ന ഒപിയോയ്ഡ് (opioid) ചികിത്സ പോലെയല്ല.
പ്രതിഫലമൊന്നും വാങ്ങാതെ രോഗിക്ക് ആവശ്യമായ ശാരീരികവും മാനസികവും വൈദ്യശാസ്ത്രപരവുമായ പിന്തുണ നൽകുന്ന ജീവിതപങ്കാളി, ബന്ധുക്കൾ, സുഹൃത്തുക്കൾ, അയൽവാസികൾ എന്നിവരിൽ ആരുമാകാം ഇത്. യാത്രകൾ, മരുന്നുകൾ നൽകൽ, ഭക്ഷണം ഉണ്ടാക്കൽ, ആശുപത്രി അപ്പോയിന്റ്മെന്റുകൾ, കാര്യങ്ങൾ ചോദിച്ചറിയൽ എന്നിവയൊക്കെ ഇവരാണ് ചെയ്യുന്നത്.
ഉത്തരവാദിത്തങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കുക, സഹായങ്ങൾ സ്വീകരിക്കുക, വിശ്രമിക്കാൻ സമയം കണ്ടെത്തുക, സ്വന്തം ആരോഗ്യം ശ്രദ്ധിക്കുക. ഒരാൾ മാത്രം എല്ലാം ചെയ്യുന്നതിന് പകരം ഉത്തരവാദിത്തങ്ങൾ പങ്കുവെക്കുക. പെട്ടെന്ന് ദേഷ്യം വരിക, ഉറക്കമില്ലായ്മ, നിരാശ, ശാരീരിക അസുഖങ്ങൾ എന്നിവ കെയർഗിവർ അമിതഭാരത്തിലാണെന്നതിന്റെ സൂചനകളാണ്.
ഭാവിയിൽ സ്വന്തമായി സംസാരിക്കാനോ തീരുമാനങ്ങൾ എടുക്കാനോ കഴിയാത്ത അവസ്ഥ വന്നാൽ, തനിക്ക് നൽകേണ്ട മെഡിക്കൽ പരിചരണങ്ങളെക്കുറിച്ച് മുൻകൂട്ടി സംസാരിച്ചു വെക്കുന്ന രീതിയാണിത്. നിങ്ങൾക്കായി തീരുമാനങ്ങൾ എടുക്കേണ്ട ഒരു വ്യക്തിയെ കണ്ടെത്താനും ഇത് സഹായിക്കും. രോഗത്തിന്റെ ഏതു ഘട്ടത്തിലും ഇത് ചെയ്യാം; ഇത് മരണം അടുത്തെന്നതിന്റെ സൂചനയല്ല.
സ്വന്തമായി തീരുമാനങ്ങൾ എടുക്കാൻ കഴിയാതെ വരുമ്പോൾ നൽകേണ്ട ചികിത്സകളെക്കുറിച്ച് രേഖപ്പെടുത്തി വെക്കുന്നതോ, നിങ്ങൾക്കായി തീരുമാനമെടുക്കാൻ ഒരു വ്യക്തിയെ ചുമതലപ്പെടുത്തുന്നതോ ആയ നിയമപരമായ രേഖയാണിത്. ഇത് ഡോക്ടർമാരുമായും കുടുംബവുമായും സംസാരിച്ച് തയ്യാറാക്കാം. നിങ്ങൾക്ക് ബോധമുള്ളപ്പോൾ ഏതു സമയത്തും ഇത് തിരുത്താൻ സാധിക്കും.
ഓരോ തീരുമാനത്തിനും അനുസരിച്ച് ഈ ശേഷി മാറിയേക്കാം. കാര്യങ്ങൾ മനസ്സിലാക്കാനും, അതിന്റെ ഫലങ്ങൾ തിരിച്ചറിയാനും, ഓപ്ഷനുകൾ താരതമ്യം ചെയ്ത് സ്വന്തം താല്പര്യം പറയാനും രോഗിക്ക് കഴിയണം. കടുത്ത പനി, ബോധക്ഷയം (Delirium), കഴിക്കുന്ന മരുന്നുകൾ എന്നിവ താൽക്കാലികമായി ഈ ശേഷിയെ ബാധിക്കാം. പ്രായം കൂടിയതുകൊണ്ടോ രോഗം ഉള്ളതുകൊണ്ടോ മാത്രം ഒരാളുടെ തീരുമാന ശേഷി നഷ്ടപ്പെടുന്നില്ല.
രോഗിക്ക് സ്വന്തമായി തീരുമാനം എടുക്കാൻ കഴിയാത്ത അവസ്ഥയിൽ രോഗിക്കുവേണ്ടി ചികിത്സാ തീരുമാനങ്ങൾ എടുക്കാൻ അധികാരമുള്ള വ്യക്തിയാണിത്. ഈ വ്യക്തി സ്വന്തം താല്പര്യമല്ല, മറിച്ച് രോഗി ആഗ്രഹിച്ചിരുന്ന കാര്യങ്ങളാണ് നടപ്പിലാക്കേണ്ടത്. കുടുംബത്തിലെ സമ്മർദ്ദങ്ങളെ അതിജീവിക്കാൻ കഴിയുന്ന ഒരു വ്യക്തിയെ ഇതിനായി തിരഞ്ഞെടുക്കുക.
ഹൃദയമിടിപ്പോ ശ്വാസമോ നിലച്ചുപോയാൽ, വീണ്ടും ഹൃദയം പ്രവർത്തിപ്പിക്കാനുള്ള ശ്രമങ്ങൾ (CPR) ചെയ്യരുത് എന്ന തീരുമാനമാണിത്. ഇതിനർത്ഥം മറ്റ് ചികിത്സകളോ പരിചരണങ്ങളോ ഓക്സിജനോ വേദനസംഹാരികളോ നിർത്തുമെന്നല്ല. രോഗിയുടെ താല്പര്യവും മെഡിക്കൽ സ്ഥിതിയും നോക്കിയാണ് ഇത് രേഖപ്പെടുത്തുന്നത്.
തീർച്ചയായും ലഭിക്കും. DNR എന്നത് ഹൃദയമോ ശ്വാസമോ നിലച്ച ശേഷം നൽകുന്ന CPR-നെക്കുറിച്ച് മാത്രമുള്ളതാണ്. രക്തം നൽകൽ, ആന്റിബയോട്ടിക്, മറ്റ് ആവശ്യമായ പരിചരണങ്ങൾ എന്നിവയെല്ലാം തുടർന്നും ലഭിക്കും.
രോഗം പൂർണ്ണമായി മാറ്റാനോ ആയുസ്സ് നീട്ടാനോ ഉള്ള ചികിത്സകൾ കൊണ്ട് ഇനി പ്രയോജനമില്ലെന്ന് വരുകയോ അത് രോഗിക്ക് വേണ്ടാ എന്ന് വെക്കുകയോ ചെയ്യുമ്പോൾ, രോഗിയുടെ ആശ്വാസത്തിനും അന്തസ്സിനും പ്രാധാന്യം നൽകുന്ന പരിചരണമാണിത്. ഇത് വീട്ടിലോ ആശുപത്രിയിലോ പ്രത്യേക കേന്ദ്രങ്ങളിലോ നൽകാം.
ചികിത്സ നടക്കുമ്പോൾ, രോഗം കൂടുമ്പോൾ, ചികിത്സയുടെ പാർശ്വഫലങ്ങൾ കിട്ടുന്ന ഗുണത്തേക്കാൾ കൂടുമ്പോൾ, ഇടയ്ക്കിടെ ആശുപത്രിയിൽ അഡ്മിറ്റ് ആകേണ്ടി വരുമ്പോൾ, ശാരീരിക ശേഷി കഠിനമായി കുറയുമ്പോൾ ഒക്കെ ഇതിനെക്കുറിച്ച് ചർച്ച ചെയാം. നേരത്തെതന്നെ ചർച്ച ചെയുന്നത് കാര്യങ്ങൾ പ്ലാൻ ചെയ്യാൻ സഹായിക്കും.
കൂടുതൽ സമയം ഉറങ്ങുക, ഭക്ഷണവും വെള്ളവും കഴിക്കുന്നത് കുറയുക, കഠിനമായ തളർച്ച, മൂത്രത്തിന്റെ അളവ് കുറയുക, ഭക്ഷണം ഇറക്കാൻ ബുദ്ധിമുട്ട്, ശ്വാസമെടുപ്പിൽ ഉണ്ടാകുന്ന മാറ്റങ്ങൾ, ആശയക്കുഴപ്പം എന്നിവ കാണാം. എല്ലാവരിലും ഇത് ഒരുപോലെയ ആകണമെന്നില്ല. ഇവയെക്കുറിച്ച് പാലിയേറ്റീവ് ടീം വിശദീകരിച്ചു തരും.
രോഗി മരണത്തോട് അടുക്കുന്ന ദിവസങ്ങളിൽ ശരീരത്തിന്റെ പ്രവർത്തനങ്ങൾ പതുക്കെ മന്ദഗതിയിൽ ആകും. ഈ സമയം വിശപ്പും ദാഹവും കുറയുന്നത് സ്വാഭാവികമാണ്. നിർബന്ധിച്ച് കഴിപ്പിക്കുന്നത് , ഭക്ഷണം ശ്വാസകോശത്തിലേക്കു വിക്കി പോകുന്നതിനും, ശ്വാസകോശത്തിൽ തടസ്സങ്ങൾ ഉണ്ടാകുന്നതിനും, ശ്വാസംമുട്ടലിനും, ശർദിക്കും കാരണമാകും. രോഗിക്ക് ബോധമുള്ളപ്പോൾ ചെറിയ അളവിൽ ഇഷ്ടമുള്ളത് നൽകാം. രോഗിക്ക് വേണമെങ്കിൽ അത് കഴിച്ചുകൊള്ളും. വായ നനച്ചു കൊടുക്കുന്നത് ചിലപ്പോൾ രോഗിക്ക് ആശ്വാസം പകരാം.
വായിലൂടെ ഗുളികകളോ , നാവിനടിയിൽ വെക്കുന്ന ഗുളികകളായോ , തൊലിപ്പുറത്ത് ഒട്ടിക്കുന്ന പാച്ചുകൾ വഴിയോ, ഇൻജക്ഷനായോ മരുന്നുകൾ നൽകാം. ഓക്സിജൻ നൽകുന്നതും, ഫാനിന്റെ കാറ്റ് അടിക്കുന്നതും, ശരിയായ രീതിയിൽ കിടത്തുന്നതും ആശ്വാസം പകരും.
തീവ്രമായ ദുഃഖം, കുറ്റബോധം, ദേഷ്യം, ഉറക്കമില്ലായ്മ എന്നിവയൊക്കെ ഉണ്ടാകാം. കുടുംബത്തിന്റെയും സമൂഹത്തിന്റെയും പിന്തുണയോടൊപ്പം കൗൺസിലിംഗും തേടാവുന്നതാണ്. കടുത്ത വിഷാദമോ ആത്മഹത്യ ചിന്തകളോ വന്നാൽ വിദഗ്ധ സഹായം തേടണം. കുട്ടികളോട് കാര്യങ്ങൾ സത്യസന്ധമായി പറയുക..
Need an individual medical opinion?
Cancer diagnosis and treatment decisions must be based on the complete medical history, examination, pathology and imaging findings.
For appointment enquiries only. WhatsApp is not an emergency service.
Medical disclaimer
This information is intended for general patient education and does not replace consultation with a qualified healthcare professional. Diagnosis, treatment and supportive care must be individualised according to the cancer type, stage, overall health and treatment plan.
Book an oncology consultation
Medically reviewed by
Dr. Allwin GeorgeMBBS, MD (Radiation Oncology), DM (Medical Oncology)
Consultant Medical and Haemato-Oncologist
Last medically reviewed: 23 August 2026