Cancer Information in Malayalam
Starting Cancer Care
Preparing for a consultation, reports and scans, understanding the diagnosis, staging, prognosis, second opinions and treatment planning.

Prepared and medically reviewed by
Dr. Allwin George
MBBS, MD (Radiation Oncology), DM (Medical Oncology)
Consultant Medical and Haemato-Oncologist
Meet Dr. Allwin Georgeശരീരത്തിലെ ചില കോശങ്ങൾ നിയന്ത്രണമില്ലാതെ വളരുകയും പെരുകുകയും ചെയ്യുന്നതിനെയാണ് ക്യാൻസർ എന്ന് പറയുന്നത് . ഇത് അടുത്തുള്ള അവയവങ്ങളിലേക്കും ചിലപ്പോൾ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും പടരാം. ക്യാൻസർ ഒരൊറ്റ രോഗമല്ല. ഓരോ ക്യാൻസറിനും അതിന്റെ സ്വഭാവവും ചികിത്സയും വ്യത്യസ്തമാണ്.നേരത്തെ കണ്ടെത്തുന്ന പല ക്യാൻസറുകളും പൂർണമായി സുഖപ്പെടുത്താനാകും; ചിലത് ദീർഘകാലം നിയന്ത്രിച്ചുനിർത്താനും കഴിയും.
അല്ല. ഒരു അസാധാരണ വളർച്ചയെ പൊതുവായി മുഴ (tumour) എന്ന് വിളിക്കാം. അത് നിരുപദ്രവമായ benign tumour ആകാം, അല്ലെങ്കിൽ malignant tumour അഥവാ ക്യാൻസർ ആകാം. Benign മുഴകൾ സാധാരണയായി സമീപത്തുള്ള അവയവങ്ങളിലേക്കു കടന്നുകയറുകയോ ദൂരെയുള്ള അവയവങ്ങളിലേക്കു പടരുകയോ ചെയ്യുന്നില്ല. എന്നാൽ അമിതമായ വലിപ്പം കാരണമോ അല്ലെങ്കിൽ മുഴയിരിക്കുന്ന സ്ഥാനം കാരണമോ ചില benign മുഴകളും പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം. സ്കാൻ മാത്രം ഉപയോഗിച്ച് എല്ലായ്പ്പോഴും ഇവയെ വേർതിരിക്കാൻ കഴിയില്ല; ഇവയെ വേർതിരിച്ചറിയാൻ ചിലപ്പോൾ ബയോപ്സി / പാത്തോളജി പരിശോധന (ഒരു ചെറിയ സൂചി ഉപയോഗിച്ച് മുഴയുടെ ഉള്ളിൽനിന്നും ഒരു ചെറിയ ഭാഗം എടുത്തു പരിശോധിക്കുന്ന പ്രക്രിയ- തികച്ചും വേദനാരഹിതമായി ചെയ്യാനാകുന്നതാണ് ) വേണ്ടിവരാം.
നിരുപദ്രവമായ മുഴകൾ (Benign tumour) സാധാരണയായി ഉണ്ടായ സ്ഥലത്ത് മാത്രം പതുക്കെ വളരുന്നു .ഇത് മറ്റു ഭാഗങ്ങളിലേക് പടരില്ല.
ക്യാൻസർ (Malignant tumour) സമീപത്തുള്ള അവയവങ്ങളിലേക്കു കടന്നുകയറാനും ലിംഫ് വഴിയോ രക്തം വഴിയോ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കു പടരാനും കഴിയും. ചില benign മുഴകൾക്കും ചിലപ്പോൾ (തുടർച്ചയായി വലുപ്പം വെക്കുക, അതുമൂലം തൊട്ടടുത്തുള്ള അവയവങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുക, ചില ഹോർമോണുകളെ ഉത്പാദിപ്പിചു ഹോർമോൺ അസന്തുലിതാവസ്ഥ സൃഷ്ടിക്കുക തുടങ്ങിയ കാരണങ്ങളാൽ) ചികിത്സ ആവശ്യമായി വന്നേക്കാം. അന്തിമ രോഗനിർണയം സാധാരണയായി പാത്തോളജി പരിശോധനയെ അടിസ്ഥാനപ്പെടുത്തിയാണ്.
നമ്മുടെ ശരീരത്തിലെ കോശങ്ങളുടെ വളർച്ച നിയന്ത്രിക്കുന്ന ജീനുകളിൽ മാറ്റം സംഭവിക്കുമ്പോൾ ചില കോശങ്ങൾ അനിയന്ത്രിതമായി പെരുകുന്നു. ഇവയാണ് ക്യാൻസർ ആയി മാറുന്നത്. പുകവലി, പുകയില ഉപയോഗം, മദ്യപാനം, ചില അണു ബാധകൾ, കുടുംബ പാരമ്പര്യം അൾട്രാവയലറ്റ് അല്ലെങ്കിൽ അയോണൈസിംഗ് റേഡിയേഷൻ, അമിതവണ്ണം, പ്രായം, രാസ വസ്തുക്കളുമായുള്ള ദീർഘകാല സമ്പർക്കം തുടങ്ങിയവ രോഗ സാധ്യത വർധിപ്പിക്കുന്നു . ചില ക്യാൻസറുകളുടെ കാരണം കണ്ടെത്താനാവില്ല. ആരോഗ്യകരമായ ശീലങ്ങൾ അപകടസാധ്യത കുറയ്ക്കും; എന്നാൽ എല്ലാ ക്യാൻസറുകളും തടയാൻ കഴിയില്ല.
എല്ലാ ക്യാൻസറുകളും പാരമ്പര്യമായി വരുന്നവയല്ല. ഏകദേശം 5–10% ക്യാൻസറുകൾക്ക് കുടുംബ പാരമ്പര്യവുമായി ബന്ധമുണ്ടാകാം.
ചെറുപ്രായത്തിൽ തന്നെ ക്യാൻസർ വരുക, ഒരാൾക്ക് ഒന്നിലധികം ക്യാൻസറുകൾ ഉണ്ടാകുക, അടുത്ത ബന്ധുക്കളിൽ പലർക്കും ക്യാൻസർ ഉണ്ടാകുക എന്നിവയൊക്കെ ഉണ്ടെങ്കിൽ genetic counselling എന്ന പ്രക്രിയ പരിഗണിക്കേണ്ടതാണ്. പാരമ്പര്യമായി വരാവുന്ന ക്യാന്സറുകൾക്കു കാരണക്കാരായ ജീനുകൾ ഉള്ളിൽ ഒളിഞ്ഞു കിടക്കുന്നുണ്ടോ എന്നറിയാനും, കുടുംബത്തിലെ മറ്റു അംഗങ്ങൾക്ക് ക്യാൻസർ വരാനുള്ള സാധ്യത എത്രത്തോളമുണ്ടെന്ന് മനസിലാക്കാനും, അവർക്കു ക്യാൻസർ വരുന്നത് തടയാനുമുള്ള മാർഗങ്ങളെക്കുറിച്ചു മനസിലാക്കാനും ജനിതക കൗൺസലിംഗ് സഹായിക്കും
ഇല്ല. ക്യാൻസർ ഒരു പകർച്ചവ്യാധിയല്ല. സ്പർശിക്കുക, ഒരുമിച്ച് താമസിക്കുക, ഭക്ഷണം പങ്കിടുക, രോഗിയെ പരിചരിക്കുക എന്നിവ വഴി ക്യാൻസർ പകരില്ല. HPV, ഹെപ്പറ്റൈറ്റിസ് B, ഹെപ്പറ്റൈറ്റിസ് C പോലുള്ള ചില വൈറസുകൾ കാരണമുള്ള അണുബാധകൾ ക്യാൻസർ അപകടസാധ്യത വർധിപ്പിക്കാം; ആ അണുബാധകൾ പകരാം, എന്നാൽ ക്യാൻസർ തന്നെ പകരില്ല. രോഗിയെ ഒറ്റപ്പെടുത്തേണ്ടതില്ല.
രോഗം കണ്ടെത്തുന്ന സമയത്ത് ക്യാൻസർ ശരീരത്തിൽ എത്രത്തോളം വ്യാപിച്ചിട്ടുണ്ടെന്ന് stage സൂചിപ്പിക്കുന്നു. പ്രധാന മുഴയുടെ വലിപ്പവും സമീപ ഭാഗങ്ങളിലേക്കുള്ള വ്യാപനവും, ലിംഫ് നോഡുകൾ, ദൂരെയുള്ള metastasis എന്നിവ അനുസരിച്ചാണ് stage എന്താണെന്നു തീരുമാനിക്കുന്നത്. ഓരോ ക്യാൻസറിനും staging വ്യത്യസ്തമാണ്; അതിനാൽ ഒരേ stage number എല്ലാ ക്യാൻസറുകളിലും ഒരേ അർത്ഥമല്ല. ചികിത്സ തീരുമാനിക്കാനും ചികിത്സയിലൂടെ ലഭിക്കാവുന്ന രോഗശമന സാധ്യത എത്രയാണെന്ന് മനസിലാക്കാനും stage സഹായിക്കുന്നു.
Stage - ക്യാൻസർ ശരീരത്തിൽ എത്രത്തോളം വ്യാപിച്ചിട്ടുണ്ടെന്ന് സൂചിപ്പിക്കുന്നു. Grade - മൈക്രോസ്കോപ്പിൽക്കൂടി നോക്കുമ്പോൾ ഈ ക്യാൻസർ കോശങ്ങൾ എത്രത്തോളം അസാധാരണമായി കാണപ്പെടുന്നു എന്നും അവ എത്ര വേഗത്തിൽ വളരാൻ സാധ്യതയുണ്ട് എന്നും സൂചിപ്പിക്കുന്നു. Stage, grade, biomarkers, രോഗിയുടെ ആരോഗ്യനില എന്നിവ ചേർത്താണ് ചികിത്സ തീരുമാനിക്കുന്നത്.
ക്യാൻസർ ആരംഭിച്ച അവയവത്തിൽ നിന്ന് മറ്റൊരു അവയവത്തിലേക്കു ക്യാൻസർ കോശങ്ങൾ പടരുന്നതിനെയാണ് metastasis എന്നു പറയുന്നത്. ഉദാഹരണത്തിന്, breast cancer അസ്ഥിയിലേക്കു പടർന്നാൽ അത് metastatic breast cancer തന്നെയാണ്; പുതിയ bone cancer അല്ല. മരുന്നുകൾ, റേഡിയേഷൻ, ശസ്ത്രക്രിയ അല്ലെങ്കിൽ മറ്റ് local treatment മാർഗങ്ങൾ ഉപയോഗിച്ച് metastatic cancer ചികിത്സിക്കാം. ഇങ്ങനെ ഉള്ള അവസ്ഥയിൽ ചികിത്സയിലൂടെ, രോഗം കാരണമുള്ള ബുദ്ധിമുട്ടുകൾ കുറയ്ക്കാനും, രോഗം നിയന്ത്രണവിധേയമാക്കാനും, ചിലപ്പോൾ ദീർഘകാലം നിയന്ത്രണവിധേയമാക്കി പിടിച്ചുനിറുത്താനും കഴിയും.
അല്ല. Stage IV എന്നാൽ, മറ്റു അവയവങ്ങളിലേക്കു ക്യാൻസർ പടർന്നിട്ടുണ്ടാകാം എന്ന് മാത്രമാണ് സൂചിപ്പിക്കുന്നു. ഇതിൽ ചികിത്സ സാധ്യവും പ്രയോജനകരവുമാണ്. ചികിത്സയിലൂടെ, രോഗം കാരണമുള്ള ബുദ്ധിമുട്ടുകൾ കുറയ്ക്കാനും, രോഗം നിയന്ത്രണവിധേയമാക്കാനും, ദീർഘകാലം നിയന്ത്രണവിധേയമാക്കി പിടിച്ചുനിറുത്താനും, ചിലപ്പോൾ പൂർണ്ണമായി മാറ്റാനും വരെ സാധ്യമായേക്കാം. ക്യാൻസറിന്റെ തരം, biomarkers, പടർന്ന സ്ഥലങ്ങൾ, രോഗിയുടെ ആരോഗ്യനില എന്നിവയെ ആശ്രയിച്ചായിരിക്കും ചികിത്സയുടെ ഫലം ലഭിക്കുക..
വരാൻ ചെറിയ സാധ്യതയുണ്ട്; എന്നാൽ എല്ലാവർക്കും ഉണ്ടാകില്ല. ഒരു പരിശോധനകളിലും കണ്ടെത്താനാവാത്ത വളരെ ചെറിയ അളവിലുള്ള ക്യാൻസർ കോശങ്ങൾ ചികിത്സയ്ക്കു ശേഷവും ചിലപ്പോൾ അവശേഷിക്കാം. ക്യാൻസറിന്റെ type, stage, biology, ചികിത്സയോടുള്ള രോഗത്തിൻറെ പ്രതികരണം എന്നിവ അനുസരിച്ച് വീണ്ടും വരാനുള്ള സാധ്യതയിൽ വ്യതിയാനങ്ങൾ വരാം . നിർദേശിച്ച follow-up (ഒരു ബുദ്ധിമുട്ടോ, ലക്ഷണങ്ങളോ ഇല്ലെങ്കിൽ പോലും കൃത്യമായ ഇടവേളകളിൽ ഉള്ള പരിശോധന) പാലിക്കുകയും പുതുതായി വരുന്ന ലക്ഷണങ്ങൾ ഡോക്ടറെ അറിയിക്കുകയും വേണം. രോഗം വരാം എന്ന് ഭയം കാരണം കൊണ്ടു മാത്രം ആവർത്തിച്ചു സ്കാനുകൾ ചെയുന്നത് ഗുണകരമല്ല.
ആരോഗ്യകരമായ ജീവിതശൈലി ക്യാൻസർ അപകടസാധ്യത കുറയ്ക്കുന്നു; എന്നാൽ പൂർണമായി ഇല്ലാതാക്കുന്നില്ല. പ്രായം കൂടുന്നതിനൊപ്പം ചില ആൾക്കാരുടെ കോശങ്ങൾക്കുള്ളിൽ സംഭവിക്കുന്ന സ്വാഭാവികമായാ ചില ജനിതക മാറ്റങ്ങൾ മൂലമോ, ചില അണുബാധകൾ മൂലമോ, നമ്മുടെ പരിസ്ഥിതിയിൽ നിലനിൽക്കുന്ന തിരിച്ചറിയപ്പെടാനാകാത്ത ക്യാന്സറിനു കാരണമായേക്കാവുന്ന രാസവസ്തുക്കൾ മൂലമോ ക്യാൻസർ വരാം.
രോഗിയുടെ ബുദ്ധിമുട്ടുകൾ വിശദമായി മനസ്സിലാക്കുന്നതിലൂടെയും, രോഗലക്ഷണങ്ങൾ ഡോക്ടർ നടത്തുന്ന പരിശോധനകളിലൂടെയുമാണ് കണ്ടുപിടിക്കുന്നതിലൂടെയുമാണ് തുടക്കം. സംശയിക്കുന്ന അവയവത്തെ അടിസ്ഥാനമാക്കി രക്തപരിശോധനകൾ, അൾട്രാസൗണ്ട്, സി.ടി (CT), എം.ആർ.ഐ (MRI), എൻഡോസ്കോപ്പി, മാമ്മോഗ്രാഫി തുടങ്ങിയവ തിരഞ്ഞെടുക്കുന്നു. ക്യാൻസർ സ്ഥിരീകരിക്കാനും ഏത് ഇനത്തിൽപ്പെട്ടതാണെന്ന് കണ്ടെത്താനും ബയോപ്സി (Biopsy) വഴിയോ ശസ്ത്രക്രിയ വഴിയോ എടുക്കുന്ന കോശഭാഗങ്ങൾ (Tissue) പരിശോധിക്കേണ്ടതുണ്ട്. Pathology, staging, biomarker results എന്നിവ ചേർത്താണ് ചികിത്സ ആസൂത്രണം ചെയ്യുന്നത്.
മിക്ക ക്യാൻസറുകളിലും ചികിത്സയോ ശസ്ത്രക്രിയയോ ആരംഭിക്കുന്നതിന് മുൻപ് ബയോപ്സി നിർബന്ധമാണ്. കാരണം സ്കാനിംഗിൽ ഒരുപോലെ കാണപ്പെടുന്ന മറ്റ് പല രോഗങ്ങളുമുണ്ട്. വളരെ അപൂർവ്വം ചില സാഹചര്യങ്ങളിൽ മാത്രമാണ് ബയോപ്സിയില്ലാതെ സ്കാൻ ഫലങ്ങളും രക്തപരിശോധനയും വച്ച് ചികിത്സ തീരുമാനിക്കുന്നത്. Needled biopsy, എൻഡോസ്കോപ്പിക് ബയോപ്സി, excision biopsy, ബോൺ മാരോ സാമ്പിളിംഗ് തുടങ്ങിയവയിൽ ഏറ്റവും സുരക്ഷിതമായ രീതിയാണ് ഡോക്ടർമാർ തിരഞ്ഞെടുക്കുക.
ഇല്ല. സാധാരണ രീതിയിൽ നടത്തുന്ന ബയോപ്സി കൊണ്ട് ക്യാൻസർ പടരുകയില്ല. ശരിയായ രോഗനിർണ്ണയത്തിനും അനുയോജ്യമായ ചികിത്സ തിരഞ്ഞെടുക്കാനും ബയോപ്സി അത്യന്താപേക്ഷിതമാണ്. എന്നാൽ വളരെ വിരളമായി മാത്രം കണ്ടുവരുന്ന bone അല്ലെങ്കിൽ soft-tissue sarcoma പോലുള്ള ചില ക്യാന്സറുകൾ ബിയോപ്സിക്കുവേണ്ടി സൂചി കടത്തിവിട്ട ആ ഭാഗത്തു ക്യാന്സർ വരാൻ സാധ്യത ഉണ്ട്. അതുകൊണ്ടു ഈ രോഗങ്ങളിൽ ബിയോപ്സി എടുക്കുന്നത് കൃത്യമായ ആസൂത്രണത്തോടു കൂടെയായിരിക്കണം . ഈ രോഗങ്ങളിൽ സർജറി ചെയുമ്പോൾ ബിയോപ്സിക്കുവേണ്ടി സൂചി കടന്നുപോയ ഭാഗവും കൂടെ നീക്കാൻ ചെയ്യണം. അതുകൊണ്ടു മേല്പറഞ്ഞ രോഗങ്ങളിൽ ഒരു ഓൺകോളജി സ്പെഷ്യലിസ്റ് ടീം തന്നെ ബിയോപ്സി എടുക്കുന്നതായിരിക്കും ഉചിതം. പടരുമെന്ന തെറ്റായ ഭയം കാരണം ഡോക്ടർ നിർദ്ദേശിച്ച ബയോപ്സി വൈകിപ്പിക്കരുത്.
ശരീരത്തിൽ നിന്ന് എടുത്ത കോശങ്ങൾ (Tissue) പാത്തോളജിസ്റ്റ് മൈക്രോസ്കോപ്പിലൂടെ പരിശോധിക്കുന്ന രീതിയാണിത്. ക്യാൻസർ ഉണ്ടോ, ഏത് തരം ക്യാൻസറാണ്, അതിന്റെ തീവ്രത എത്രത്തോളമുണ്ട് തുടങ്ങിയ കാര്യങ്ങൾ ഇതിലൂടെ കണ്ടെത്താം. കോശങ്ങൾ വിശദമായി പരിശോധിച്ച് റിപ്പോർട്ട് തയ്യാറാക്കാൻ ചില ദിവസങ്ങൾ എടുത്തേക്കാം.
ബിയോപ്സി / സർജറി വഴി പുറത്തെടുത്ത ക്യാൻസർ കോശങ്ങളിലുള്ള ചില പ്രത്യേക പ്രോട്ടീനുകൾ കണ്ടെത്താൻ ആന്റിബോഡികൾ ഉപയോഗിച്ച് നടത്തുന്ന പരിശോധനയാണിത്. ക്യാൻസർ ഏത് അവയവത്തിൽ നിന്നാണ് ആരംഭിച്ചത് എന്ന് കണ്ടെത്താനും, ഒരുപോലെ കാണുന്ന വിവിവിധതരം ക്യാൻസറുകളെ വേർതിരിച്ചറിയാനും, ഹോർമോൺ തെറാപ്പി (hormone therapy) / ടാർഗെറ്റ്ഡ് തെറാപ്പി (targetted therapy) പോലുള്ള ചികിത്സകൾ കൊണ്ട് ഗുണമുണ്ടാകുമോ എന്നറിയാനും, ഏത് തരം ചികിത്സയാണ് രോഗിക്ക് വേണ്ടതെന്ന് തീരുമാനിക്കാനും IHC സഹായിക്കുന്നു.
ക്യാൻസറിന്റെ ജനിതക മാറ്റങ്ങൾ (Genes, Proteins) പരിശോധിക്കുന്ന ടെസ്റ്റാണിത്. targeted therapy, immunotherapy തുടങ്ങിയ ആധുനിക ചികിത്സകൾ രോഗിക്ക് ഫലപ്രദമാകുമോ എന്ന് കണ്ടെത്താൻ ഇത് സഹായിക്കുന്നു. എല്ലാ ക്യാൻസർ രോഗികൾക്കും ഇത്തരം വിപുലമായ ടെസ്റ്റുകൾ ആവശ്യമില്ല.
CT Scan: ശരീരത്തിന്റെ ഉള്ളിലെ ഘടന വ്യക്തമായി കാണിക്കാനും ക്യാൻസർ എത്രത്തോളം പടർന്നിട്ടുണ്ടെന്ന് (Staging) അറിയാനും സഹായിക്കുന്നു.
MRI Scan: തലച്ചോറ്, നട്ടെല്ല്, കരൾ, പേശികൾ തുടങ്ങിയ മൃദുവായ ഭാഗങ്ങളിലെ മാറ്റങ്ങൾ കൃത്യമായി കണ്ടെത്താൻ അനുയോജ്യമാണ്.
PET-CT Scan: ശരീരത്തിലെ കോശങ്ങളുടെ രാസപ്രവർത്തന വ്യതിയാനങ്ങൾ കാണിച്ചുതരുന്നു. ക്യാൻസറിന്റെ വളർച്ച മനസ്സിലാക്കാൻ ഇത് വളരെ ഉപകാരപ്രദമാണ്.
എല്ലാ ക്യാന്സറുകളിലും എല്ലാ സ്കാനും ആവശ്യമില്ല. ഓരോ രോഗങ്ങളിലും ചികിത്സയുടെ ഘട്ടം അനുസരിച്ചു എടുക്കുന്ന സ്കാനുകൾ ഓരോന്നായിരിക്കും
അല്ല. ശരീരത്തിലുണ്ടാകുന്ന അണുബാധകൾ (Infection), വീക്കം (Inflammation), അടുത്തകാലത്ത് കഴിഞ്ഞ ശസ്ത്രക്രിയകൾ, എല്ലുകളിലെ ക്ഷതങ്ങൾ എന്നിവ കാരണവും PET-CT ഫലം positive ആയി വരാം. അതിനാൽ ഈ ഫലം മാത്രം വച്ച് ക്യാൻസർ ഉറപ്പിക്കാനാവില്ല.
രക്തത്തിലോ മൂത്രത്തിലോ കാണപ്പെടുന്ന ചില പദാർത്ഥങ്ങളാണ് ട്യൂമർ മാർക്കറുകൾ. ക്യാൻസർ ചികിത്സയുടെ പുരോഗതി അറിയാനും രോഗം തിരിച്ചുവരുന്നുണ്ടോ എന്ന് നിരീക്ഷിക്കാനുമാണ് ഇവ പ്രധാനമായും ഉപയോഗിക്കുന്നത്. ക്യാൻസർ അല്ലാത്ത സാധാരണ രോഗങ്ങളിലും ഇവയുടെ അളവ് ഉയർന്നേക്കാം എന്നതിനാൽ ഇവ മാത്രം വച്ച് രോഗനിർണ്ണയം നടത്താറില്ല
ആദ്യ റിപ്പോർട്ടിൽ ക്യാൻസർ സ്ഥിരീകരിച്ചാലും ഏത് ഉപവിഭാഗത്തിൽപ്പെട്ടതാണ് (Subtype) എന്ന് കൃത്യമായി മനസ്സിലാക്കി ഏറ്റവും അനുയോജ്യമായ മരുന്നുകൾ തിരഞ്ഞെടുക്കാൻ അധിക പരിശോധനകൾ ആവശ്യമാണ്. sample അളവ് കുറവാണെങ്കിൽ ചിലപ്പോൾ ബയോപ്സി വീണ്ടും ചെയ്യേണ്ടി വന്നേക്കാം.
വളരെ അപൂർവ്വമായ രോഗങ്ങളിൽ, അല്ലെങ്കിൽ ആദ്യ റിപ്പോർട്ടിൽ സംശയങ്ങൾ നിലനിൽക്കുന്ന സാഹചര്യങ്ങളിൽ മറ്റൊരു വിദഗ്ദ്ധ പാത്തോളജിസ്റ്റിനെക്കൊണ്ട് (Second Opinion) സ്ലൈഡുകൾ പരിശോധിക്കുന്നത് നല്ലതാണ്
ഇടുപ്പെല്ലിൽ നിന്ന് മജ്ജയുടെ (Bone marrow) സാമ്പിൾ എടുത്ത് നടത്തുന്ന പരിശോധനയാണിത്. രക്തത്തിലും മജ്ജയിലും ഉണ്ടാകുന്ന രോഗങ്ങൾ കണ്ടെത്തുന്നതിനാണ് ഇത് പ്രധാനമായും ചെയ്യുന്നത്. മജ്ജ എടുക്കാനുദ്ദേശിക്കുന്ന എല്ലിന് മുകളിലുള്ള ചർമ്മം മരവിപ്പിച്ച ശേഷം (Local anaesthetic) ചെയ്യന്നതിനാൽ വലിയ വേദന അനുഭവപ്പെടാറില്ല. മിക്കവാറും ആൾക്കാർക്കും ഒരു ചെറിയ സമയത്തേക്ക് (പത്തു സെക്കൻഡ് നേരത്തേയ്ക്ക് ) ആ ഭാഗത്തു ഒരു ഭാരം അല്ലെങ്കിൽ pulling discomfort ഉണ്ടാകാം.
ബയോപ്സി റിപ്പോർട്ട് (ലഭ്യമെങ്കിൽ പാത്തോളജി സ്ലൈഡുകളും ബ്ലോക്കുകളും), സ്കാൻ റിപ്പോർട്ടുകൾ, അവയുടെ ഡിസ്കുകൾ (DICOM Image disc), ശസ്ത്രക്രിയ കഴിഞ്ഞതാണെങ്കിൽ ഓപ്പറേഷൻ നോട്ടുകൾ, ഡിസ്ചാർജ് സമ്മറികൾ, മുൻപ് ചെയ്തിട്ടുള്ള ചികിത്സാ രേഖകൾ, ഏറ്റവും പുതിയ രക്തപരിശോധനാ ഫലങ്ങൾ എന്നിവ കൊണ്ടുവരേണ്ടതുണ്ട്. കൂടാതെ നിലവിൽ കഴിക്കുന്ന മരുന്നുകൾ, അലർജികൾ, മറ്റ് പ്രധാന രോഗങ്ങൾ എന്നിവയുടെ വിവരങ്ങളും ഒപ്പം കരുതുക. ഈ രേഖകൾ തീയതിയുടെ അടിസ്ഥാനത്തിൽ ക്രമീകരിക്കുകയും അവയുടെ പകർപ്പുകൾ (Copies) നിങ്ങളുടെ കൈവശം സൂക്ഷിക്കുകയും ചെയ്യുന്നത് നല്ലതാണ്. രേഖകൾ അപൂർണ്ണമായാൽ അത് തീരുമാനങ്ങൾ വൈകുന്നതിനും ചില പരിശോധനകൾ വീണ്ടും ചെയ്യേണ്ടി വരുന്നതിനും കാരണമാകും.
രോഗിക്ക് താത്പര്യമുണ്ടെങ്കിൽ വിശ്വസനീയനായ ഒരു കുടുംബാംഗമോ സുഹൃത്തോ കൂടെ വരുന്നത് വളരെ നല്ലതാണ്. ഡോക്ടർ പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചു കേൾക്കാനും, കുറിച്ചെടുക്കാനും, പിന്നീട് അത് ഓർമ്മിപ്പിക്കാനും, പ്രധാന തീരുമാനങ്ങളിൽ പിന്തുണ നൽകാനും അവർക്ക് കഴിയും. എങ്കിലും ഡോക്ടർ ആദ്യം രോഗിയോട് തന്നെയാണ് സംസാരിക്കേണ്ടത്. രോഗവിവരങ്ങൾ ആരോടൊക്കെ പങ്കുവെക്കാമെന്ന് തീരുമാനിക്കാനുള്ള പൂർണ്ണ അവകാശം രോഗിക്കുണ്ട്. ആർക്കും കൂടെ വരാൻ സാധിക്കാത്ത സാഹചര്യമാണെങ്കിൽ പ്രധാന നിർദ്ദേശങ്ങൾ എഴുതിത്തരാൻ ഡോക്ടറോട് അഭ്യർത്ഥിക്കാവുന്നതാണ്.
കൃത്യമായ രോഗവിവരങ്ങൾ, രോഗത്തിന്റെ ഘട്ടം (Stage), ചികിത്സയുടെ ലക്ഷ്യം, ലഭ്യമായ വ്യത്യസ്ത ചികിത്സാരീതികൾ, പ്രതീക്ഷിക്കാവുന്ന ഗുണങ്ങൾ, പ്രധാന പാർശ്വഫലങ്ങൾ, ചെലവ്, ചികിത്സ ചെയ്യാതിരുന്നാൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ എന്നിവ വ്യക്തമായി ചോദിച്ചറിയുക.
കൂടുതൽ പരിശോധനകൾ ആവശ്യമുണ്ടോ, ചികിത്സയുടെ പുരോഗതി എങ്ങനെ വിലയിരുത്തും, ഏതൊക്കെ ലക്ഷണങ്ങൾ കണ്ടാലാണ് അടിയന്തരമായി ആശുപത്രിയിൽ എത്തിക്കേണ്ടത് എന്നിവയും വ്യക്തമാക്കുക. ചികിത്സ നിങ്ങളുടെ ജോലി, സന്താനോൽപാദന ശേഷി (Fertility), മറ്റ് രോഗങ്ങൾ എന്നിവയെ എങ്ങനെ ബാധിക്കുമെന്നും ചോദിക്കാം. ഡോക്ടറെ കാണാൻ പോകുന്നതിന് മുൻപ് ഏറ്റവും പ്രധാനപ്പെട്ട മൂന്ന് ചോദ്യങ്ങൾ ഒരു പേപ്പറിൽ എഴുതിക്കരുതുന്നത് ഉപകരിക്കും
അതെ, തീർച്ചയായും. അപൂർവ്വമായി കാണുന്ന ക്യാൻസറുകൾ, വലിയ ശസ്ത്രക്രിയകൾ, സംശയങ്ങൾ നിലനിൽക്കുന്ന പാത്തോളജി റിപ്പോർട്ടുകൾ, ഒന്നിലധികം മികച്ച ചികിത്സാരീതികൾ ലഭ്യമായിട്ടുള്ള സാഹചര്യങ്ങൾ എന്നിവയിലൊക്കെ മറ്റൊരു വിദഗ്ദ്ധ ഡോക്ടറുടെ അഭിപ്രായം തേടുന്നത് ഉചിതമാണ്.
ഇത് നിലവിലെ ഡോക്ടറോട് കാണിക്കുന്ന അനാദരവല്ല. നിലവിലെ ചികിത്സാ പ്ലാൻ കൂടുതൽ ഉറപ്പിക്കാനോ മറ്റ് നല്ല വഴികൾ കണ്ടെത്തുന്നതിനോ ഇത് സഹായിക്കും. എന്നാൽ മറ്റൊരു അഭിപ്രായം തേടാൻ പോകുമ്പോൾ നിങ്ങളുടെ എല്ലാ മെഡിക്കൽ രേഖകളും ഒപ്പം കരുതുക. ഈ കാലതാമസം സുരക്ഷിതമാണോ എന്ന് നിലവിലെ ഡോക്ടറോട് ചോദിക്കണം. വളരെ വേഗം പടരുന്ന രോഗമോ അടിയന്തര സാഹചര്യമോ ആണെങ്കിൽ അഭിപ്രായങ്ങൾ ശേഖരിക്കുന്നതിനായി ചികിത്സ അനാവശ്യമായി വൈകിപ്പിക്കരുത്.
ചികിത്സ ആരംഭിക്കേണ്ട സമയം ക്യാൻസറിന്റെ സ്വഭാവമനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ലുക്കീമിയ (Leukemia), ലിംഫോമ (Lymphoma) അല്ലെങ്കിൽ പെട്ടെന്ന് ലക്ഷണങ്ങൾ കാണിക്കുന്ന ചില തീവ്രമായ ക്യാൻസറുകൾക്ക് ഉടനടി ചികിത്സ ആവശ്യമാണ്. എന്നാൽ ചിലതരം സ്തനാർബുദം, പ്രോസ്റ്റേറ്റ്, തൈറോയ്ഡ് ക്യാൻസറുകളിൽ പൂർണ്ണമായ പരിശോധനകൾക്കും കൃത്യമായ ആസൂത്രണത്തിനും ആവശ്യമായ സമയം ലഭിക്കാറുണ്ട്.
ആവശ്യമായ രോഗവിവരങ്ങൾ ലഭിക്കുന്നതിന് മുൻപ് തിടുക്കപ്പെട്ട് ചികിത്സ ആരംഭിക്കുന്നത് ദോഷം ചെയ്തേക്കാം. അതിനാൽ നിങ്ങളുടെ രോഗാവസ്ഥയിൽ എത്ര സമയത്തിനുള്ളിൽ ചികിത്സ തുടങ്ങണമെന്ന് ഓങ്കോളജിസ്റ്റിനോട് നേരിട്ട് ചോദിച്ചു മനസ്സിലാക്കുക.
ക്യാൻസറിന്റെ തരം, സ്റ്റേജ്, രോഗലക്ഷണങ്ങൾ, മറ്റ് ശരീര അവയവങ്ങളുടെ പ്രവർത്തനം, രോഗിയുടെ പ്രായം, മറ്റ് ആരോഗ്യപ്രശ്നങ്ങൾ, രോഗിയുടെ മുൻഗണനകൾ എന്നിവയെല്ലാം വിലയിരുത്തിയാണ് വിദഗ്ദ്ധ മെഡിക്കൽ സംഘം ചികിത്സ തീരുമാനിക്കുന്നത്. ശാസ്ത്രീയ മാർഗ്ഗനിർദ്ദേശങ്ങളും വിവിധ വിഭാഗത്തിലെ ഡോക്ടർമാരുടെ കൂട്ടായ ചർച്ചകളും (Multidisciplinary discussion) ഇതിന് സഹായിക്കുന്നു.
ഇതോടൊപ്പം സാമ്പത്തിക വശങ്ങൾ, യാത്രാസൗകര്യം, ജോലി, കുടുംബ സാഹചര്യം എന്നിവയും പരിഗണിക്കാറുണ്ട്. ചികിത്സയുടെ ഗുണങ്ങളും ദോഷങ്ങളും വ്യക്തമായി മനസ്സിലാക്കി, രോഗിയുടെ ആഗ്രഹങ്ങൾക്ക് മുൻഗണന നൽകിക്കൊണ്ട് ഡോക്ടറും രോഗിയും ഒന്നിച്ച് അനുയോജ്യമായ തീരുമാനം എടുക്കുന്ന രീതിയാണ് (Shared decision-making) ഏറ്റവും നല്ലത്.
അപൂർവ്വമായ ക്യാൻസറുകൾ, ബയോപ്സി ഫലങ്ങളിൽ സംശയമുള്ളപ്പോൾ, വലിയ ശസ്ത്രക്രിയകൾക്കോ കഠിനമായ റേഡിയേഷൻ ചികിത്സകൾക്കോ മുമ്പ്, ഒന്നിലധികം ചികിത്സാ വഴികൾ മുന്നിലുള്ളപ്പോൾ ഒക്കെ ഇത് വളരെ ഉപകാരപ്പെടും. ചിലപ്പോൾ രണ്ടാമത് കാണുന്ന ഡോക്ടറും ആദ്യത്തെ അതേ ചികിത്സ തന്നെയാകും നിർദ്ദേശിക്കുക; അത് നിങ്ങളുടെ ഉറപ്പ് കൂട്ടും. എന്നാൽ അടിയന്തിരമായി ചെയ്യേണ്ട ചികിത്സകൾ ഇതിനായി വൈകിപ്പിക്കരുത്.
ഒരിക്കലുമില്ല. ക്യാൻസർ ചികിത്സയിൽ ഇത് വളരെ സാധാരണമായ ഒന്നാണ്. കൂടുതൽ വ്യക്തത ലഭിക്കാൻ വേണ്ടിയാണ് എന്ന് ഡോക്ടറോട് പറയുകയും നിങ്ങളുടെ ഫയലുകളുടെ പകർപ്പ് ആവശ്യപ്പെടുകയും ചെയ്യാം. നല്ല ആശയവിനിമയം നടത്തുന്നത് രണ്ട് ഡോക്ടർമാർക്കും ചേർന്ന് നിങ്ങൾക്ക് നല്ല ചികിത്സ നൽകാൻ സഹായിക്കും.
ബയോപ്സി റിപ്പോർട്ട് (ആവശ്യമെങ്കിൽ ബ്ലോക്കുകളും സ്ലൈഡുകളും), സ്കാൻ റിപ്പോർട്ടുകളും ഫിലിമുകളും/സിഡികളും, ഓപ്പറേഷൻ നോട്ട്, ഇതുവരെ ചെയ്ത ചികിത്സയുടെ സമ്മറി, റേഡിയേഷൻ പ്ലാൻ, രക്തപരിശോധനാ ഫലങ്ങൾ, നിലവിൽ കഴിക്കുന്ന മരുന്നുകളുടെ ലിസ്റ്റ്, രോഗത്തിന്റെ ഒരു ചെറിയ ടൈംലൈൻ എന്നിവ കൊണ്ടുപോകുക. നിങ്ങളുടെ അസ്സൽ രേഖകൾ കൈവശം വെച്ച് പകർപ്പുകൾ മാത്രം നൽകുക.
Need an individual medical opinion?
Cancer diagnosis and treatment decisions must be based on the complete medical history, examination, pathology and imaging findings.
For appointment enquiries only. WhatsApp is not an emergency service.
Medical disclaimer
This information is intended for general patient education and does not replace consultation with a qualified healthcare professional. Diagnosis, treatment and supportive care must be individualised according to the cancer type, stage, overall health and treatment plan.
Book an oncology consultation
Medically reviewed by
Dr. Allwin GeorgeMBBS, MD (Radiation Oncology), DM (Medical Oncology)
Consultant Medical and Haemato-Oncologist
Last medically reviewed: 23 August 2026