Cancer Information in Malayalam
Advanced Cancer and Survivorship
Advanced or metastatic disease, treatment goals, prognosis, follow-up after treatment, late effects and returning to daily life.

Prepared and medically reviewed by
Dr. Allwin George
MBBS, MD (Radiation Oncology), DM (Medical Oncology)
Consultant Medical and Haemato-Oncologist
Meet Dr. Allwin Georgeഅഡ്വാൻസ്ഡ് ക്യാൻസർ എന്നത് പൂർണ്ണമായി മാറ്റി എടുക്കാൻ ബുദ്ധിമുട്ടുള്ളതോ, ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് പടർന്നതോ ആയ അവസ്ഥയെയാണ് പൊതുവേ സൂചിപ്പിക്കുന്നത് (ക്യാൻസറിന്റെ തരം അനുസരിച്ച് ഇതിന്റെ അർത്ഥത്തിൽ വ്യത്യാസങ്ങൾ വരാം). എന്നാൽ ക്യാൻസർ തുടങ്ങിയ സ്ഥലത്തുനിന്നും മറ്റ് അവയവങ്ങളിലേക്ക് പടരുന്നതിനെയാണ് മെറ്റാസ്റ്റാറ്റിക് എന്ന് വിളിക്കുന്നത്. ഉദാഹരണത്തിന്, സ്തനാർബുദം എല്ലുകളിലേക്ക് പടർന്നാലും അതിനെ "മെറ്റാസ്റ്റാറ്റിക് ബ്രെസ്റ്റ് ക്യാൻസർ" എന്ന് തന്നെയാണ് വിളിക്കുക.
തീർത്തും അങ്ങനെയല്ല. പലതരം ക്യാൻസറുകളെയും മരുന്നുകളിലൂടെ മാസങ്ങളോ വർഷങ്ങളോ നിയന്ത്രിച്ച് നിർത്താൻ സാധിക്കും. ചില പ്രത്യേക മെറ്റാസ്റ്റാറ്റിക് ക്യാൻസറുകളിൽ രോഗം പൂർണ്ണമായി അമർച്ച ചെയ്യാനോ (Remission), വളരെ അപൂർവ്വമായി രോഗമുക്തി തന്നെ ലക്ഷ്യമിട്ടുള്ള ചികിത്സ നൽകാനോ സാധിക്കാറുണ്ട്. ട്യൂമറിന്റെ വലുപ്പം കുറയ്ക്കുക, രോഗം പടരുന്നത് വൈകിക്കുക, ലക്ഷണങ്ങൾ കുറയ്ക്കുക, ജീവിതനിലവാരം നന്നാക്കുക എന്നിവയൊക്കെയാണ് ഇത്തരം ഘട്ടങ്ങളിലെ പ്രധാന ലക്ഷ്യങ്ങൾ.
ക്യാൻസറിന്റെ തരം, സ്വഭാവം, മുമ്പ് ചെയ്ത ചികിത്സകൾ, രോഗം എത്രത്തോളം പടർന്നിട്ടുണ്ട്, നിലവിലെ പ്രയാസങ്ങൾ, പ്രധാന അവയവങ്ങളുടെ പ്രവർത്തനം, രോഗിയുടെ പൊതുവായ ശാരീരികക്ഷമത (Performance Status), ചികിത്സയിൽ നിന്നും പ്രതീക്ഷിക്കാവുന്ന ഗുണങ്ങളും അതിന്റെ പാർശ്വഫലങ്ങളും, ഒപ്പം രോഗിയുടെ സ്വന്തം താല്പര്യങ്ങൾ എന്നിവയെല്ലാം നോക്കിയാണ് ചികിത്സ നിശ്ചയിക്കുന്നത്. രോഗം മാറ്റുകയാണോ, ദീർഘകാലം നിയന്ത്രിക്കുകയാണോ, ആയുസ്സ് നീട്ടുകയാണോ, അതോ ലക്ഷണങ്ങൾ കുറയ്ക്കുക മാത്രമാണോ ലക്ഷ്യമെന്ന് ഡോക്ടർ വ്യക്തമാക്കിത്തരും.
രോഗിക്ക് സ്വന്തം കാര്യങ്ങൾ ചെയ്യാനും ദൈനംദിന പ്രവർത്തനങ്ങളിൽ ഏർപ്പെടാനുമുള്ള ശാരീരിക ശേഷിയെയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. നൽകുന്ന ചികിത്സ രോഗിക്ക് താങ്ങാൻ കഴിയുമോ എന്നും, ചികിത്സയുടെ ഗുണം ദോഷത്തേക്കാൾ കൂടുതലായിരിക്കുമോ എന്നും അറിയാൻ ഇത് ഡോക്ടറെ സഹായിക്കുന്നു. അണുബാധ, സഹിക്കാനാവാത്ത വേദന, ശരീരത്തിൽ വെള്ളം കെട്ടൽ തുടങ്ങിയ മാറ്റിയെടുക്കാവുന്ന പ്രശ്നങ്ങൾ ചികിത്സിച്ചാൽ ഈ ശാരീരികശേഷി മെച്ചപ്പെടും. അതുകൊണ്ട് പ്രായം മാത്രം നോക്കിയല്ല ഇത് തീരുമാനിക്കുന്നത്.
"ഈ അവസ്ഥയിൽ വരാവുന്ന ഏറ്റവും നല്ല കാര്യം എന്താണ്, ഏറ്റവും മോശം അവസ്ഥ എന്താണ്, സാധാരണയായി സംഭവിക്കാൻ സാധ്യതയുള്ളത് എന്താണ്?" എന്നോ അല്ലെങ്കിൽ "ഇനി ഞങ്ങൾക്ക് ആഴ്ചകളാണോ, മാസങ്ങളാണോ, അതോ വർഷങ്ങളാണോ മുന്നിലുള്ളത്?" എന്നോ തുറന്നു ചോദിക്കാം. ഇത് കൃത്യമായൊരു തീയതിയല്ല, മറിച്ച് ഒരു കണക്കുകൂട്ടൽ മാത്രമാണ്. രോഗത്തെക്കുറിച്ച് എത്രത്തോളം കാര്യങ്ങൾ അറിയാൻ താല്പര്യപ്പെടുന്നുണ്ടെന്നും കുടുംബത്തെ കൂടെ ഇരുത്തണമോ എന്നും നിങ്ങൾക്ക് ഡോക്ടറോട് പറയാവുന്നതാണ്.
മരുന്നുകളുടെയും രോഗികളുടെയും സർവേ കണക്കുകൾ ഒരു കൂട്ടം ആളുകളെ അടിസ്ഥാനമാക്കിയുള്ളതാണ്; അതിൽ നിന്നും ഒരു വ്യക്തിയുടെ കാര്യങ്ങൾ മാത്രം വേർതിരിച്ച് കൃത്യമായി പറയാനാവില്ല. രോഗത്തിന്റെ വേഗത, മരുന്നുകളോടുള്ള ശരീരത്തിന്റെ പ്രതികരണം, രോഗിയുടെ പൊതുവായ ആരോഗ്യം, പെട്ടെന്നുണ്ടാകുന്ന മറ്റ് ആ രോഗപ്രശ്നങ്ങൾ എന്നിവയൊക്കെ ഇതിനെ സ്വാധീനിക്കും. സാധാരണയായി ഒരു സമയപരിധി പറയാനും, അവസ്ഥ മാറുന്നതിന്റെ ലക്ഷണങ്ങൾ വ്യക്തമാക്കി തരാനും ഡോക്ടർക്ക് കഴിയും. പുതിയ വിവരങ്ങൾ ലഭ്യമാകുമ്പോൾ ഈ കണക്കുകൾ പുതുക്കാറുണ്ട്.
രോഗം മാറിയിട്ടില്ലെന്ന് ഉറപ്പായാൽ, അടുത്തതായി ചെയ്യാനാവുന്ന മറ്റ് സ്റ്റാൻഡേർഡ് ചികിത്സകൾ, പുതിയ ക്ലിനിക്കൽ ട്രയലുകൾ, Local procedures, അല്ലെങ്കിൽ ലക്ഷണങ്ങൾ മാറ്റാനുള്ള പരിചരണങ്ങൾ എന്നിവയിൽ ഏതാണ് ഇനി അനുയോജ്യമെന്ന് പരിശോധിക്കും. പുതിയൊരു ചികിത്സ തുടങ്ങുന്നത് എപ്പോഴും നല്ലതാകണം എന്നില്ല; അതിൽ നിന്നും കിട്ടുന്ന ഗുണം, മരുന്നിന്റെ പാർശ്വഫലങ്ങൾ /പ്രയാസങ്ങൾ, ചെലവ്, യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ട്, ആശുപത്രിവാസം എന്നിവയെല്ലാം ആലോചിക്കണം. എന്നാൽ സപ്പോർട്ടീവ് പരിചരണം എപ്പോഴും തുടരുകയും ചെയ്യും.
ഒരിക്കലുമല്ല. വളരെ കുറച്ചു മാത്രം ഗുണവും അതേസമയം അമിതമായ ശാരീരിക പ്രയാസങ്ങളും നൽകുന്ന ചികിത്സകൾ ഒഴിവാക്കുന്നത് ബുദ്ധിപരമായ ഒരു മെഡിക്കൽ തീരുമാനമാണ്. ചികിത്സ നിർത്തിയാലും വേദനയും ലക്ഷണങ്ങളും മാറ്റാനുള്ള കെയർ, നല്ല നഴ്സിംഗ് പരിചരണം, മാനസികവും കുടുംബപരവുമായ പിന്തുണ എന്നിവയെല്ലാം തുടർന്നും ലഭിക്കും. മറ്റുള്ളവരുടെ നിർബന്ധത്തിന് വഴങ്ങാതെ, രോഗി സ്വന്തം അവസ്ഥ മനസ്സിലാക്കി എടുക്കുന്ന തീരുമാനമാകണം ഇതിന് ആധാരം.
ചില സാഹചര്യങ്ങളിൽ അത് സാധ്യമാണ്. ശാരീരിക ക്ഷീണം മാറാനും, നിലവിലെ ബുദ്ധിമുട്ടുകൾ മരുന്ന് മൂലമാണോ എന്ന് തിരിച്ചറിയാനും, വ്യക്തിപരമായ പ്രധാനപ്പെട്ട ചടങ്ങുകളിലോ പരിപാടികളിലോ പങ്കെടുക്കാനും ഇത്തരം ഇടവേളകൾ സഹായിക്കും. എന്നാൽ ചില ക്യാൻസറുകളിൽ ചികിത്സ വൈകുന്നത് അതിന്റെ ഗുണം കുറച്ചേക്കാം. ഇടവേള എടുക്കുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം, രോഗം നിരീക്ഷിക്കേണ്ടത് എങ്ങനെ, എപ്പോൾ വീണ്ടും ചികിത്സ തുടങ്ങണം എന്നിവ ഡോക്ടറോട് ചോദിച്ചു മനസ്സിലാക്കുക.
രോഗിയുടെ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങൾ എന്തൊക്കെയാണ്, നിലവിലെ രോഗാവസ്ഥ എന്താണ്, ചെയ്യാവുന്ന പ്രായോഗികമായ ചികിത്സകൾ ഏതെല്ലാമാണ്, ആരോഗ്യം കൂടുതൽ വഷളായാൽ ഏത് കാര്യങ്ങൾക്കാണ് മുൻഗണന നൽകേണ്ടത് എന്നിവയെക്കുറിച്ച് രോഗിയും കുടുംബവും ഡോക്ടർമാരും നടത്തുന്ന വ്യക്തമായൊരു കൂടിയാലോചനയാണിത്. ആശുപത്രിവാസം, ഐ.സി.യു (ICU) പരിചരണം, വെന്റിലേറ്റർ സഹായങ്ങൾ, രോഗിയെ പരിചരിക്കാൻ ആഗ്രഹിക്കുന്ന സ്ഥലം എന്നിവയെല്ലാം ഇതിൽ സംസാരിക്കാം. അവസ്ഥ മാറുന്നതിനനുസരിച്ച് ഈ തീരുമാനങ്ങൾ പുതുക്കാവുന്നതാണ്.
തീരുമാനങ്ങൾ എടുക്കാൻ ശേഷിയുള്ള രോഗിയുടെ താല്പര്യങ്ങൾക്കാണ് എപ്പോഴും പ്രാധാന്യം നൽകേണ്ടത്. നിങ്ങളുടെ ഓങ്കോളജി/പാലിയേറ്റീവ് ടീമുമായി ഒരുമിച്ച് ഒരു യോഗം ചേരുന്നത് രോഗത്തിന്റെ യഥാർത്ഥ അവസ്ഥ മനസ്സിലാക്കാനും തെറ്റിദ്ധാരണകൾ മാറ്റാനും സഹായിക്കും. ആവശ്യമെങ്കിൽ സോഷ്യൽ വർക്കർ, കൗൺസിലർ, ആശുപത്രിയിലെ എത്തിക്സ് ടീം, അല്ലെങ്കിൽ നിങ്ങൾക്ക് വിശ്വാസമുള്ള ആത്മീയ ഉപദേശകർ എന്നിവരുടെ സഹായവും തേടാം.
രോഗ വിവരങ്ങൾ എത്രത്തോളം അറിയണം എന്ന് തീരുമാനിക്കാനുള്ള പൂർണ്ണ അവകാശം രോഗിക്കുണ്ട്. വിവരങ്ങൾ കേൾക്കാൻ രോഗിക്ക് താല്പര്യമുണ്ടോ എന്ന് ആദ്യം ചോദിച്ചറിയാം. അതല്ലെങ്കിൽ വിവരങ്ങൾ കേൾക്കാനും തീരുമാനങ്ങൾ എടുക്കാനും വിശ്വസ്തനായ മറ്റൊരു വ്യക്തിയെ ചുമതലപ്പെടുത്താൻ രോഗിക്ക് അവസരം നൽകാം. എങ്കിലും ചികിത്സയ്ക്കുള്ള അനുമതി നൽകുന്നതിന് ആവശ്യമായ അടിസ്ഥാന കാര്യങ്ങൾ രോഗി അറിഞ്ഞിരിക്കണം. രോഗിയുടെ താല്പര്യം പിന്നീട് മാറുകയാണെങ്കിൽ വിവരങ്ങൾ പങ്കുവെക്കുകയും ചെയ്യാം.
രോഗനിർണയം നടത്തുന്ന അന്നു മുതൽ തന്നെ വ്യക്തികളെ വിശേഷിപ്പിക്കാൻ ഈ പദം ഉപയോഗിക്കാറുണ്ട്; എന്നാൽ എല്ലാവർക്കും ഈ വാക്ക് ഇഷ്ടപ്പെടണമെന്നില്ല. ചിലർ "ക്യാൻസറിനൊപ്പം ജീവിക്കുന്നയാൾ" എന്നോ അല്ലെങ്കിൽ സാധാരണ പോലെ "രോഗി" എന്ന് വിളിക്കപ്പെടാനോ ആഗ്രഹിക്കുന്നു. ഇത് തികച്ചും വ്യക്തിപരമായ കാര്യമാണ്. എന്ത് വിളിച്ചാലും തുടർന്നുള്ള ചികിത്സകൾ ലഭിക്കുന്നതിന് അത് തടസ്സമല്ല. ദീർഘകാലം മരുന്നുകൾ കഴിക്കുന്നവർക്കും സർവൈവർഷിപ്പ് പരിചരണങ്ങൾ ആവശ്യമാണ്.
നിങ്ങൾക്ക് ലഭിച്ച രോഗനിർണയം, സ്റ്റേജ്, ബയോപ്സി ഫലങ്ങൾ, പ്രധാന ബയോമാർക്കറുകൾ, ശസ്ത്രക്രിയ, കഴിച്ച മരുന്നുകൾ, റേഡിയേഷൻ വിവരങ്ങൾ, ഉണ്ടായ പാർശ്വഫലങ്ങൾ എന്നിവയുടെ വ്യക്തമായ ഒരു സംഗ്രഹമാണിത്. ഇതിനോടൊപ്പം ഇനി എപ്പോഴൊക്കെ ഡോക്ടറെ കാണണം, എന്തൊക്കെ പരിശോധനകൾ ചെയ്യണം, വരാവുന്ന പാർശ്വഫലങ്ങൾ ഏതെല്ലാം, ആരോഗ്യകരമായ ജീവിതത്തിനുള്ള ഉപദേശങ്ങൾ എന്നിവയും ഉണ്ടാകും. ഇത് നിങ്ങളുടെ മെഡിക്കൽ ഫയലുകൾക്കൊപ്പം സൂക്ഷിക്കേണ്ടതാണ്.
ക്യാൻസറിന്റെ തരം, സ്റ്റേജ്, നൽകിയ ചികിത്സ, ചികിത്സ കഴിഞ്ഞിട്ടുള്ള സമയം, നിലവിലെ ശാരീരിക സ്ഥിതി എന്നിവ നോക്കിയാണ് ഇത് തീരുമാനിക്കുന്നത്. തുടക്കത്തിൽ ഇടയ്ക്കിടെ ഡോക്ടറെ കാണേണ്ടി വരുമെങ്കിലും പിന്നീട് ഈ ഇടവേളകൾ കൂടും. രോഗം തിരിച്ചുവരുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്നതിനോടൊപ്പം രോഗിയുടെ പൊതുവായ ആരോഗ്യവും ഇതിലൂടെ വിലയിരുത്തുന്നു. ശാരീരികമായി ഒരു ബുദ്ധിമുട്ടും ഇല്ലെങ്കിൽ പോലും കൃത്യമായ ഫോളോ-അപ്പുകൾ മുടക്കരുത്.
ആവശ്യമില്ല. ഓരോ ക്യാൻസറിനും അനുയോജ്യമായ നിരീക്ഷണ രീതികൾ വ്യത്യസ്തമാണ്. ചില ക്യാൻസറുകൾക്ക് കൃത്യമായ ഇടവേളകളിൽ സ്കാൻ വേണമെങ്കിൽ, മറ്റു ചിലതിന് രോഗിയുടെ വിവരങ്ങളും ശാരീരിക പരിശോധനകളും രക്തപരിശോധനകളും മാത്രം മതിയാകും. അനാവശ്യമായി സ്കാൻ ചെയ്യുന്നത് റേഡിയേഷൻ ഏൽക്കാനും, വെറുതെ പേടിക്കാനും, സാമ്പത്തിക നഷ്ടത്തിനും ഇടയാക്കും.=
ചില പ്രത്യേക ക്യാൻസറുകൾക്കും സാഹചര്യങ്ങൾക്കും മാത്രമേ ഇത് ഉപകാരപ്പെടൂ; അല്ലാതെ എല്ലാവർക്കും ചെയ്യാവുന്ന ഒരു പൊതു സ്ക്രീനിംഗ് ടെസ്റ്റല്ല ഇത്. ക്യാൻസർ അല്ലെങ്കിലും ഇത്തരം മാർക്കർ കൂടാം; അതിനാൽ ഡോക്ടറുടെ പരിശോധനയുമായി ഒത്തുനോക്കി മാത്രമേ രോഗം ഉണ്ടോ എന്ന് ഉറപ്പിക്കാനാവൂ. മാർക്കർ സാധാരണ നിലയിലാണെന്നത് രോഗം പൂർണ്ണമായും മാറി എന്നതിനുള്ള ഉറപ്പുമല്ല. ഡോക്ടറുടെ നിർദ്ദേശമില്ലാതെ മാർക്കർ ടെസ്റ്റുകൾ സ്വയം ചെയ്യരുത്.
മാറാതെ നിൽക്കുന്ന പുതിയ മുഴകൾ, കാരണം കൂടാതെ ശരീരഭാരം കുറയുന്നത്, അസാധാരണമായ രക്തസ്രാവം, വർദ്ധിച്ചു വരുന്ന വേദന, ശ്വാസംമുട്ടൽ, ഞരമ്പു സംബന്ധമായ പ്രയാസങ്ങൾ, മലമൂത്രവിസർജ്ജനത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ, അല്ലെങ്കിൽ നിങ്ങളുടെ ക്യാൻസറുമായി ബന്ധപ്പെട്ട് മുമ്പുണ്ടായിരുന്ന ലക്ഷണങ്ങൾ എന്നിവ കണ്ടാൽ ഡോക്ടറെ അറിയിക്കണം. ഇവയിൽ ഭൂരിഭാഗവും രോഗം തിരിച്ചുവരുന്നതാകില്ല, എങ്കിലും മാറാതിരിക്കുകയോ കൂടിയോ വന്നാൽ പരിശോധിക്കേണ്ടതുണ്ട്.
ആദ്യമുണ്ടായ ക്യാൻസർ അതേ സ്ഥലത്തോ, തൊട്ടടുത്തോ, ശരീരത്തിന്റെ മറ്റ് അവയവങ്ങളിലോ വീണ്ടും വരുന്നതിനെയാണ് റികറൻസ് (Recurrence) എന്ന് പറയുന്നത്. എന്നാൽ ആദ്യത്തെ ക്യാൻസറുമായി ബന്ധമില്ലാതെ തികച്ചും പുതിയതായി ഉണ്ടാകുന്ന ക്യാൻസറിനെയാണ് സെക്കൻഡ് പ്രൈമറി (Second Primary) എന്ന് വിളിക്കുന്നത്. ബയോപ്സി ഫലങ്ങളിലൂടെയും സ്കാനിംഗിലൂടെയും ഇവ വേർതിരിച്ചറിയാം; ഇവയുടെ ചികിത്സയും ഫലവും വ്യത്യസ്തമായിരിക്കും.
സാധ്യതയുണ്ട്; എന്നാൽ ക്യാൻസറിന്റെ തരം അനുസരിച്ച് ഈ സാധ്യതയിൽ വലിയ വ്യത്യാസങ്ങളുണ്ട്. ചില ക്യാൻസറുകൾ ആദ്യ വർഷങ്ങളിൽ വീണ്ടും വരാൻ സാധ്യതയുള്ളപ്പോൾ മറ്റു ചിലത് വർഷങ്ങൾക്കു ശേഷമാകും പ്രത്യക്ഷപ്പെടുക. ഡോക്ടർ നൽകിയ ഫോളോ-അപ്പ് പ്ലാൻ കൃത്യമായി പിന്തുടരുകയും പുതിയ ബുദ്ധിമുട്ടുകൾ അറിയിക്കുകയും ചെയ്യുക. വെറുതെ ഭയം കാരണം പ്ലാനില്ലാതെ ഇടയ്ക്കിടെ സ്കാനുകൾ ചെയ്യേണ്ടതില്ല.
ഹൃദയത്തെയും ശ്വാസകോശത്തെയും ബാധിക്കുന്ന പ്രശ്നങ്ങൾ, ഞരമ്പുകളിലെ തരിപ്പും വേദനയും (Neuropathy), എല്ലുകൾക്ക് ബലക്കുറവ്, ഹോർമോൺ വ്യതിയാനങ്ങൾ, വന്ധ്യത, കൈകാലുകളിൽ വെള്ളം കെട്ടി വീർക്കൽ (Lymphedema), ഓർമ്മശക്തിയിലോ ചിന്തയിലോ ഉണ്ടാകുന്ന മാറ്റങ്ങൾ, പല്ലുകൾക്കുണ്ടാകുന്ന തകരാറുകൾ, രണ്ടാമതൊരു ക്യാൻസർ വരാനുള്ള സാധ്യത എന്നിവയൊക്കെ വരാം. ലഭിച്ച ചികിത്സയ്ക്കും മരുന്നിന്റെ അളവിനും അനുസരിച്ചാണ് ഈ സാധ്യതകൾ. നിങ്ങളുടെ ഫോളോ-അപ്പ് പ്ലാനിൽ ഇത് വ്യക്തമാക്കിയിട്ടുണ്ടാകും.
തീർച്ചയായും തുടരണം. നിങ്ങളുടെ പ്രത്യേക ശാരീരിക സ്ഥിതി കാരണം ഡോക്ടർ മാറ്റമൊന്നും പറഞ്ഞിട്ടില്ലെങ്കിൽ, സാധാരണ ആളുകളെപ്പോലെ പ്രായത്തിനും സാധ്യതകൾക്കും അനുസരിച്ചുള്ള ഗർഭാശയ ഗള ക്യാൻസർ (Cervical), സ്തനാർബുദം, വൻകുപ്പുടൽ ക്യാൻസർ തുടങ്ങിയ പരിശോധനകൾ തുടരണം. ചില ചികിത്സകൾ കഴിഞ്ഞവർക്ക് നേരത്തെയോ കൂടുതൽ തവണയോ പരിശോധനകൾ വേണ്ടി വന്നേക്കാം.
ചികിത്സ ലഭിച്ച കൈയിലോ കാലിലോ പുതിയതായി വീക്കം, ഭാരക്കൂടുതൽ, തൊലിപ്പുറത്ത് മുറുക്കം, ചലിപ്പിക്കാൻ ബുദ്ധിമുട്ട്, ഇടയ്ക്കിടെയുണ്ടാകുന്ന ത്വക്ക് അണുബാധകൾ എന്നിവ കണ്ടാൽ ഡോക്ടറെ അറിയിക്കുക. ഇത് തുടക്കത്തിലേ കണ്ടുപിടിച്ചാൽ ചർമ്മസംരക്ഷണം, പ്രത്യേക വ്യായാമങ്ങൾ, ബാൻഡേജ്/കംപ്രഷൻ വസ്ത്രങ്ങൾ, ഫിസിയോതെറാപ്പി എന്നിവയിലൂടെ നിയന്ത്രിക്കാം. പെട്ടെന്ന് വേദനയോടെ വീക്കം ഉണ്ടായാൽ അണുബാധയോ രക്തം കട്ടപിടിച്ചതോ ആണോ എന്ന് പരിശോധിക്കണം.
തീർച്ചയായും. നിങ്ങളുടെ ശാരീരിക ക്ഷമതയ്ക്കനുസരിച്ചുള്ള വ്യായാമങ്ങൾ ഹൃദയാരോഗ്യം, ശരീരബലം, മാനസിക സന്തോഷം, നല്ല ഉറക്കം എന്നിവ നൽകും. ശസ്ത്രക്രിയ കഴിഞ്ഞ ഭാഗങ്ങൾ, ഞരമ്പുകളുടെ ആരോഗ്യം, ഹൃദയത്തിന്റെ സ്ഥിതി, ലിംഫഡീമ, എല്ലുകളിലേക്ക് രോഗം പടർന്നിട്ടുണ്ടോ എന്നീ കാര്യങ്ങൾ പരിഗണിച്ച് വേണം വ്യായാമം തുടങ്ങാൻ. ഒരു ഫിസിയോതെറാപ്പിസ്റ്റിന്റെ സഹായം തേടാവുന്നതാണ്.
ചെയ്ത ചികിത്സയുടെ തീവ്രത, പ്രായം, മറ്റ് അസുഖങ്ങൾ, ഭക്ഷണരീതി, ഉറക്കം, വേദന, മാനസിക സമ്മർദ്ദം, വ്യായാമക്കുറവ് എന്നിവയെല്ലാം ഇതിനെ സ്വാധീനിക്കാം. കഠിനമായ ക്ഷീണവും ശ്രദ്ധക്കുറവും ഒക്കെ മാറുംമുമ്പ് തന്നെ രോഗി വേഗത്തിൽ സാധാരണ ജീവിതത്തിലേക്ക് എത്തുമെന്ന് ചുറ്റുമുള്ളവർ പ്രതീക്ഷിച്ചേക്കാം. പതുക്കെ പതുക്കെ ലക്ഷ്യങ്ങൾ വെക്കുക, ബുദ്ധിമുട്ടുകൾ മാറാതിരുന്നാൽ ഡോക്ടറെ കാണിക്കുക.
നിങ്ങളുടെ പരിശോധനാ പ്ലാൻ, രോഗലക്ഷണങ്ങൾ, അടിയന്തിര ഘട്ടത്തിൽ ബന്ധപ്പെടേണ്ട നമ്പർ എന്നിവ വ്യക്തമായി മനസ്സിലാക്കി വെക്കുക. ഇടയ്ക്കിടെ സ്വയം ശരീരത്തിൽ തിരയുന്നതും ഇന്റർനെറ്റിൽ നോക്കി പേടിക്കുന്നതും ഒഴിവാക്കുക. കൗൺസിലിംഗ്, റിലാക്സേഷൻ രീതികൾ, മൈൻഡ്ഫുൾനെസ്, സമാനാനുഭവമുള്ള മറ്റ് രോഗികളോട് സംസാരിക്കൽ എന്നിവ ആശ്വാസം തരും. ഈ ഭയം കാരണം ഉറക്കവും ജോലിയും ബന്ധങ്ങളും തടസ്സപ്പെടുന്നുവെങ്കിൽ വിദഗ്ധ സഹായം തേടുക.
Need an individual medical opinion?
Cancer diagnosis and treatment decisions must be based on the complete medical history, examination, pathology and imaging findings.
For appointment enquiries only. WhatsApp is not an emergency service.
Medical disclaimer
This information is intended for general patient education and does not replace consultation with a qualified healthcare professional. Diagnosis, treatment and supportive care must be individualised according to the cancer type, stage, overall health and treatment plan.
Book an oncology consultation
Medically reviewed by
Dr. Allwin GeorgeMBBS, MD (Radiation Oncology), DM (Medical Oncology)
Consultant Medical and Haemato-Oncologist
Last medically reviewed: 23 August 2026